Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുമതിയില്ലാതെ ഇന്റര്‍നെറ്റ് വഴി റിയല്‍ എസ്‌റ്റേറ്റ് പരസ്യം; അരലക്ഷം ദിര്‍ഹം പിഴ

realestate-ads

ദുബായ് ∙ അനുമതിയില്ലാതെ ഇന്റർനെറ്റ് വഴി റിയൽഎസ്‌റ്റേറ്റ് പരസ്യം നൽകിയാൽ അരലക്ഷം ദിർഹം പിഴയെന്ന് അധികൃതർ. നവമാധ്യമങ്ങളിലൂടെ അനധികൃത പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തിയാൽ വ്യക്‌തികൾക്കും കമ്പനികൾക്കും പിഴ ശിക്ഷയുണ്ടാകും.

റിയൽ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ഏതുപരസ്യത്തിനും ലാൻഡ് ഡിപാർട്‌മെന്റിൽ നിന്ന് അനുമതി വാങ്ങണമെന്നാണു ചട്ടം. ഇതു ലംഘിച്ചു വ്യക്‌തികളോ സ്‌ഥാപനങ്ങളോ ഓൺലൈൻ പരസ്യങ്ങൾ നൽകിയാൽ നിയമനടപടി നേരിടേണ്ടിവരും. നിയമലംഘനം ആവർത്തിച്ചാൽ പിഴസംഖ്യ കൂട്ടുമെന്നു ലാൻഡ് ഡിപാർട്‌മെന്റിലെ ലൈസൻസ് വകുപ്പ് തലവൻ അലി അബ്‌ദുല്ല ആലു അലി അറിയിച്ചു.

എമിറേറ്റിനകത്തോ പുറത്തോ ഉള്ള ഏതൊരാളും റിയൽ എസ്‌റ്റേറ്റ് പരസ്യങ്ങൾ നൽകുമ്പോൾ ലാൻഡ് ഡിപാർട്‌മെന്റിൽ നിന്നു രേഖാമൂലം അനുമതി വാങ്ങണം. ഈ പെർമിറ്റ് നമ്പർ പരസ്യങ്ങളിൽ പ്രദർശിപ്പിക്കണമെന്നും അലി പറഞ്ഞു. നിയമം ലംഘിക്കുന്നതു വ്യക്‌തിയാണെങ്കിലും സ്‌ഥാപനമാണെങ്കിലും അരലക്ഷം ദിർഹം പിഴ അടയ്‌ക്കേണ്ടിവരും. ലാൻഡ് ഡിപാർട്‌മെന്റിലെ രണ്ടു വിഭാഗങ്ങൾ സഹകരിച്ചാണ് ഇന്റർനെറ്റ് വഴിയുള്ള പരസ്യങ്ങൾക്കു പിഴചുമത്തുക.

രാജ്യത്തിനു പുറത്തുള്ള റിയൽഎസ്‌റ്റേറ്റ് പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമാനുസൃതമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാർഗനിർദേശങ്ങൾ പാലിച്ചാണോ റിയൽഎസ്‌റ്റേറ്റ് പരസ്യമെന്നത് ഉദ്യോഗസ്‌ഥർ പരിശോധിക്കും. പരസ്യവുമായി ബന്ധപ്പെട്ട ലാൻഡ് ഡിപാർട്‌മെന്റിന്റെ പുതിയ ഓൺലൈൻ സംവിധാനം സംബന്ധിച്ച് എമിറേറ്റിലുള്ള റിയൽഎസ്‌റ്റേറ്റ് കമ്പനികൾക്കു വിശദാംശങ്ങൾ നൽകിയതായി അലി വെളിപ്പെടുത്തി.

www.dubailand.gov.ae വെബ്‌സൈറ്റ് വഴി പരസ്യപെർമിറ്റുകൾക്ക് അപേക്ഷ നൽകാം. ‘താറാഖീസീ’ (എന്റെ പെർമിറ്റുകൾ) എന്ന ലിങ്ക് വഴിയാണ് അപേക്ഷകൾ അയയ്‌ക്കേണ്ടത്.

ദുബായിക്കു പുറത്തുനിന്നു റിയൽ എസ്‌റ്റേറ്റ് പരസ്യങ്ങൾക്ക് അപേക്ഷിക്കുന്നവർ റിയൽഎസ്‌റ്റേറ്റ് ഉടമസ്‌ഥാവകാശ പത്രികയുടെ പകർപ്പ് സമർപ്പിക്കണം. റിയൽഎസ്‌റ്റേറ്റ് ഏജൻസികളും ഭൂവുടമയും തമ്മിലുള്ള കരാറും കാണിക്കേണ്ടതുണ്ട്. ഭൂവസ്‌തുക്കളുടെ ഇനവും വിവരവും വ്യക്‌തമാക്കുന്ന രേഖയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ക്രയവിക്രയത്തിനുള്ളത് വില്ലയാണോ ഫ്‌ളാറ്റാണോ മറ്റേതെങ്കിലും കെട്ടിടമാണോ എന്നകാര്യം അപേക്ഷയിൽ വ്യക്‌തമാക്കണം.

വിദേശത്തുനിന്നുള്ള പരസ്യങ്ങൾക്ക് അതതു രാജ്യത്തെ സ്‌ഥാനപതി കാര്യാലയങ്ങളിൽ നിന്നു രേഖകൾ സാക്ഷ്യപ്പെടുത്തണമെന്നാണു വ്യവസ്‌ഥ. ഇത് അംഗീകൃത വിവർത്തകർ വഴി അറബിക്കിലേക്കു പരിഭാഷപ്പെടുത്തണം. 1010 ദിർഹമാണു പെർമിറ്റിനു നിരക്ക് നിശ്‌ചയിച്ചത്. എന്നാൽ രാജ്യത്തിനകത്തുള്ള നിക്ഷേപകർ നിയമനടപടികൾ പൂർത്തിയാകാതെ റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാർക്കു പണം നൽകരുതെന്ന് അധികൃതർ നിർദേശിച്ചു. മുഴുവൻ രേഖകളുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം റിയൽഎസ്‌റ്റേറ്റ് ഉടമകൾ മുഖേന പണമിടപാടു നടത്തുകയാണു വേണ്ടത്. നിക്ഷേപകർ, ഉടമ, ഏജന്റ് തുടങ്ങിയ കക്ഷികളെയാണു കരാറുകളിൽ പരാമർശിക്കേണ്ടത്. റിയൽ എസ്‌റ്റേറ്റ് കാര്യാലയങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട ചെലവുകൾ ഈടാക്കാൻ നിയമതടസ്സമില്ലെന്നും അലി സൂചിപ്പിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.