Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവ പച്ചക്കറി വിറ്റഴിക്കാൻ സർക്കാർ സംവിധാനമേർപ്പെടുത്തണം: സലീംകുമാർ

salimkumar


ദു​ബായ്∙ ജൈവകൃഷി സര്‍ക്കാര്‍ പ്രോത്സാ​ഹിപ്പിക്കു​ണ്ടെങ്കിലും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സംവിധാനമില്ലാത്തത് കര്‍ഷകരെ ​ദുരിതത്തിലാക്കുന്നതായി നടന്‍ സലിംകുമാര്‍. ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കാന്‍ കൂടി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന്  ​ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.​വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വഴി വളരെയധികം പേര്‍ ജൈവകൃഷിയിലേക്ക് കടന്നുവരുന്നുണ്ട്.

വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം സ്വന്തം വളപ്പില്‍ തന്നെ ഉല്‍പാദിപ്പിക്കുകയാണ്. തൃശൂര്‍ ജില്ലയിലെ കോടാലിയില്‍ ഓണക്കാലത്ത് ഉല്‍പാദിപ്പിച്ച കിലോ കണക്കിന് പച്ചക്കറി വിപണിയിലത്തെിക്കാന്‍ കഴിയാത്തതിനാല്‍ നശിച്ച അവസ്ഥയുണ്ടായി. വിഷം അടിച്ച പച്ചക്കറി തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ വരുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം. അതാതിടത്തെ കൃഷിഭവനുകള്‍ വഴി പച്ചക്കറി വില്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയാല്‍ കര്‍ഷകര്‍ക്ക് ഏറെ സഹായമാകും.

ആരും പിന്തുണക്കാനില്ലാതെ നിരാശയിലാണ്ട കര്‍ഷകര്‍ രംഗത്തുനിന്ന് പിന്മാറുന്ന സാഹചര്യമാണുള്ളത്. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സബ്സിഡി അര്‍ഹരുടെ കൈകളില്‍ എത്തുന്നി​ല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊക്കാളി കൃഷിയുടെ പ്രചാരണത്തിനായി സ്വന്തം കൈയില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് ഡോക്യുമെന്‍ററി നിര്‍മിച്ചിരുന്നു. കൂടുതല്‍ പേര്‍ ഇതിനെക്കുറിച്ച് അറിയട്ടെയെന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന അവാര്‍ഡിനായി ചലച്ചിത്ര അക്കാദമിക്ക് സമര്‍പ്പിച്ചു.

ഡിജിറ്റല്‍ ഫോര്‍മാറ്റിലായിരുന്ന ചിത്രം അക്കാദമിയുടെ ആവശ്യപ്രകാരം ഒരുലക്ഷം രൂപ കൂടി ചെലവിട്ട് ഫിലിം ഫോര്‍മാറ്റിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് ജൂറി അംഗത്തോട് അന്വേഷിച്ചപ്പോള്‍ ഡോക്യുമെന്‍ററി അവാര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് പോലുമി​ല്ലെന്നാണ് അറിയാന്‍ ​സാധിച്ചത്. വന്‍ ചതിയാണ് അക്കാദമി തന്നോട് ചെയ്തത്. ഇതിനെതിരെ കേസിന് പോയപ്പോള്‍ അവാര്‍ഡ് കിട്ടാത്തതിന് കോടതിയെ സമീപിച്ചുവെന്ന പ്രചാരണമാണ് നടന്നത്.

ഡോക്യുമെന്‍ററി അവാര്‍ഡ് വാങ്ങിയയാള്‍ക്ക് പ്രയാസമാകേണ്ടെന്ന് കരുതി ഒടുവില്‍ താന്‍ കേസ് പിന്‍വലിക്കുകയായിരുന്നു.
​ആരാലും പറ്റിക്കപ്പെടുകയും ആരെയും പറ്റിക്കുന്നവരുമാണ് മലയാളികൾ. ​പെട്ടെന്ന് പണക്കാരനാകാന്‍ വാനില, എമു കൃഷിക്ക് പിന്നാലെ പോയി​ മലയാളികൾ​ കബളിപ്പിക്കപ്പെ​ട്ടു​.

ജൈവ പച്ചക്കറി തിരിച്ചറിയാന്‍ അവയുമായി ഇട​പെഴകല്‍ നിര്‍ബന്ധമാണ്. മമ്മൂട്ടിയെപ്പോലെ വെളുത്തുതുടുത്ത പച്ചക്കറികളാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്. സലിംകുമാറിനെപ്പോലുള്ളവയെ ആര്‍ക്കും വേണ്ട. കോണ്‍ഗ്രസുകാരനായ താന്‍ സിപിഎം നടത്തുന്ന ജൈവകൃഷിയുടെ പ്രചാരകനായി പത്തോളം സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. നല്ലകാര്യത്തെ പിന്തുണക്കുന്നതില്‍ രാഷ്ട്രീയം നോക്കാറി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

ചുരുങ്ങിയത് 15 തവണയെങ്കിലും മാധ്യമങ്ങള്‍ ‘കൊന്ന’ ത​ന്നെ മഹാനടൻ അന്തരിച്ചു എന്നാണ് വിശേഷിപ്പിച്ചത്. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യയിലാരും ഇതിന് മുൻപ് മഹാനായിട്ടില്ല. ഇനിയത് ആർക്കും മാറ്റിപ്പറയരുതെന്നാണ് അഭ്യർഥന. ​ മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ്. ‘കറുത്ത ജൂതന്‍’ എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. നാദിര്‍ഷയുടെ ‘കട്ടപ്പനയിലെ ഋ​ത്വിക് റോഷന്‍’, മമ്മൂട്ടി നായകനായ ‘തോപ്പില്‍ ജോപ്പന്‍’ എന്നിവയില്‍ മികച്ച വേഷങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.