Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു അമേരിക്കൻ മലയാളിയുടെ ഓർമ്മക്കുറിപ്പുകൾ

road

ഒരു മലയാളി ആയ ഞാൻ അമേരിക്കൻ ഐക്യനാടുകളിൽ താമസമാക്കിയിട്ട് 27 വർഷങ്ങൾ കഴിഞ്ഞു. മലയാളിയായി ജനിച്ച ഞാൻ ജീവിതാവസാനം വരെ ഒരു മലയാളി ആയി അറിയപ്പെടാൻ ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങളുണ്ട്. ഒരു മലയാളി നോക്കിയാൽ ഈ ലോകത്തിൽ, പ്രത്യേകിച്ച് അമേരിക്കയിൽ, എന്തു നേടാനാവും എന്നു ചിന്തിക്കുന്ന ധാരാളം പേർ മലയാളികളായ നമ്മുടെ ഇടയിൽത്തന്നെ ഉണ്ടെന്നുള്ള പരമാർത്ഥം ഒളിച്ചുവയ്ക്കേണ്ട കാര്യമില്ലല്ലോ. അത്തരത്തിൽ ചിന്തിക്കുന്നവർ വാസ്തവത്തിൽ ഭീരുക്കളാണെന്ന് ഒറ്റവാക്കിൽ പറയുന്നതാവും ശരി. ഇക്കൂട്ടർക്ക് ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അവയെ എങ്ങനെ നേരിടണമെന്നറിയാതെ പരിഭ്രാന്തരാവുകയും ഒടുവിൽ വൻതുക മുടക്കി വക്കീലന്മാരുടെ പിറകെ പോയി അവരുടെ അടിമകളായിത്തീർന്നിട്ടുള്ളതും ചരിത്രം പരിശോധിച്ചാൽ നമുക്കു കാണാൻ കഴിയും.

ഇന്നു ലോകത്തെമ്പാടുമുള്ള മലയാളികളുടെ ജനസംഖ്യ 45 മില്യനോളം ആയിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്ക്. ഒരു കാലത്ത് ലോകം മുഴുവൻ അടക്കി ഭരിക്കാൻ കഴിഞ്ഞ ബ്രിട്ടീഷുകാരെക്കാൾ കൂടുതൽ ജനസംഖ്യ. ഇന്നുലോകം മുഴുവൻ അറിയപ്പെടുന്ന യേശുക്രിസ്തു 2000 വർഷങ്ങൾക്ക് മുമ്പ് യൂദായായിലും സമീപപ്രദേശത്തുമുള്ള ചെറിയൊരു ജനവിഭാഗത്തിന്റെ ഇടയിൽ മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്നും നാമോർക്കണം.ഇത്രയും എഴുതാൻ കാരണം അമേരിക്കയിൽ ചെറിയൊരു വിഭാഗം മാത്രമാണ് നാം എന്ന ചിന്ത വെടിഞ്ഞ് മലയാളികൾ മനസ്സുവച്ചാൽ മലയാളികൾ എന്ന പേരിൽത്തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റാനും നമുക്കു സാധിക്കും എന്നുള്ള സത്യം മലയാളികൾ മനസ്സിലാക്കട്ടെ എന്ന ഉദ്ദേശത്തോടുകൂടിയാണ്.

ജീവിതത്തിൽ നിരവധി അനുഭവങ്ങളുണ്ടായിട്ടുള്ള എനിക്ക് എഴുതിയാൽ തീരാത്ത അനുഭവങ്ങളുണ്ട്. പല യൂണിവേഴ്സിറ്റികളിലും പോയി ദീർഘകാലം പഠിച്ചതിനുശേഷം കിട്ടുന്ന അറിവുകളേക്കാൾ മനുഷ്യന് പ്രായോഗിക ജീവിതത്തിൽ ഉതകുന്നത് അനുഭവങ്ങളിൽനിന്നും ലഭിക്കുന്ന അറിവുകളായിരിക്കും. അതുകൊണ്ടുതന്നെയാണ് മഹാചിന്തകനായ തിരുവള്ളുവർ ഒരിടത്തു പറഞ്ഞിരിക്കുന്നത് ’ഈ ലോകത്തിൽ ഒരു ജന്മംകൊണ്ടു നേടുന്ന വിദ്യ പിന്നീടുള്ള പല ജന്മങ്ങളിലും ഉപകാരപ്പെടും’ എന്ന് വിദ്യ(അറിവ്), അത് ആരുടേതുമായിക്കൊള്ളട്ടെ, നമുക്ക് എടുക്കാവുന്നതാണ്. അതിന് മലയാളിയെന്നോ, തമിഴനെന്നോ, അമേരിക്കനെന്നോ ഉള്ള വേർതിരിവിന്റെ ആവശ്യമില്ല.

അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന ജസ്റ്റീസ് ഫോർ ഓൾ(ജെ.എഫ്.എ.) എന്ന പ്രസ്ഥാനത്തിന്റെ ഫൗണ്ടർ ചെയർമാൻ കൂടി ആയ എനിക്ക് നിരവധി തവണ അമേരിക്കൻ കോടതികളിൽ പല കാര്യങ്ങൾക്ക് കയറി ഇറങ്ങേണ്ട സാഹചര്യം ലഭിച്ചിട്ടുണ്ട്. ബിൽ ക്ലിന്റൻ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ 24 മാസം ഒരു ഫെഡറൽ ഗ്രാന്റ് ജൂററായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞ എനിക്ക് അമേരിക്കൻ കോടതികളിൽ നടക്കുന്ന പല കാര്യങ്ങളും നേരിട്ടുകാണാനുള്ള അസുലഭാവസരവും ലഭിച്ചിട്ടുണ്ട്. ഇവയിൽ നിന്നെല്ലാം പല കാര്യങ്ങൾ പഠിക്കാനെനിക്കു കഴിഞ്ഞു.

ഈയിടെ ന്യൂയോർക്ക് സ്റ്റേറ്റിലെ യോങ്കേഴ്സ് സിറ്റിയിൽ താമസക്കാരനായ എന്റെ ഒരു സുഹൃത്ത്കൂടി ആയ ജോയി ഫിലിപ്പ് പുളിയനാനാലിന് ഒരു സ്പീഡിങ് ടിക്കറ്റ് കിട്ടിയത് അറ്റോർണി ഇല്ലാതെ തന്നെ കോടതിയിൽ പോയി ഡിസ്മിസ് ചെയ്വിച്ച സംഭവം ഉണ്ടായി. ഇതുപോലുള്ള സംഭവങ്ങൾ മലയാളികൾക്ക് ഭാവിയിൽ പ്രയോജനപ്പെടുമെങ്കിൽ പ്രയോജനപ്പെടട്ടെ എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാനീ ലേഖനം എഴുതാൻ കാരണം.

ചുരുക്കത്തിൽ സംഭവം ഇങ്ങനെയാണ് 2015 ഏപ്രിൽ 15ന് രാത്രി 12.26ന് ജോയി തന്റെ സഹോദരിയുടെ വീട്ടിൽ പോയി തിരിച്ച് വീട്ടിലേയ്ക്കു വരുന്ന സമയം യോങ്കേഴ്സിലെ ക്രോസ് കൗണ്ടി പാർക്ക് വേയിൽ എക്സിറ്റ് 11 വെസ്റ്റ് എടുക്കാൻ തിരിയുന്ന സമയം വഴിയിൽ പതുങ്ങിക്കിടന്നിരുന്ന വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ ഒരു വെള്ള പോലീസുകാരൻ ജോയിയെ തടഞ്ഞുനിർത്തി 45 മൈൽ സ്പീഡ് സോണിൽ 65 മൈൽ സ്പീഡിൽ പോയി എന്നു പറഞ്ഞ് ഒരു സ്പീഡിങ് ടിക്കറ്റു കൊടുത്തു. ജോയിക്ക് അതേ സ്ഥലത്തു വച്ച് കഴിഞ്ഞ വർഷം വിന്ററിൽ റോഡിന്റെ ഇരുവശവും 2 അടി ഘനത്തിൽ മഞ്ഞ് ഉറഞ്ഞു കിടന്നിരുന്നപ്പോൾ ഇതേ രീതിയിൽ ഒരു ടിക്കറ്റു കിട്ടിയതാണ്. ആ ടിക്കറ്റ് ഞാൻ ബന്ധപ്പെട്ട് കോടതിയിൽ പോയി ഡിസ്മിസ് ചെയ്യിച്ചിരുന്നു. അക്കാരണത്താൽ തന്നെയാണ് ഇത്തവണയും ടിക്കറ്റു കിട്ടിയപ്പോൾ ജോയി എന്റെ അടുക്കലേക്ക് ഓടി വരാൻ കാരണം. തീർച്ചയായും ഞാൻ നോക്കിയാൽ ഈ ടിക്കറ്റും ഡിസ്മിസ് ചെയ്യിക്കാൻ കഴിയും എന്ന് ജോയി പൂർണ്ണമായും വിശ്വസിച്ചിരുന്നു.

സാധാരണഗതിയിൽ ഇത്തരത്തിൽ ഒരു സ്പീഡിംഗ് ടിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ എല്ലാവരും ചെയ്യുന്നത് ഒരു അറ്റോർണിയെ കണ്ടിപിടിക്കാൻ ശ്രമിക്കുക എന്നാണല്ലോ. കഴിഞ്ഞ വർഷം കേസ് ജയിക്കാനുള്ള വിദ്യ എനിക്കു പറഞ്ഞു തന്നത് ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ അസിസ്റ്റന്റായി 8 വർഷം ജോലി ചെയ്തു പരിചയസമ്പന്നയായ ഷെല്ലി മേയർ എന്ന യഹൂദ വംശജയാണ്. അവർ ഇപ്പോൾ സ്റ്റേറ്റ് അസംബ്ലി മെമ്പർ കൂടിയാണ്. കോടതിയിൽ പോകുമ്പോൾ മൂന്നാല് ഫോട്ടോകൾ കൂടി കരുതിക്കൊള്ളാൻ അവർ പറഞ്ഞു. ജഡ്ജി ചോദിക്കുമ്പോൾ വഴിയുടെ അവസ്ഥ മോശമായിരുന്നു അതിനാൽ യാതൊരു കാരണവശാലും സ്പീഡിൽ പോകാൻ സാധിക്കുകയില്ല എന്ന് ജഡ്ജിയെ പറഞ്ഞു മനസ്സിലാക്കുക. ഏതായാലും കഴിഞ്ഞ വർഷം രക്ഷപ്പെട്ടു.

’ഒരു ചക്കയിട്ട് ഒരു മുയലിനെ കിട്ടി എന്നു കരുതി ചക്ക ഇടുമ്പോഴെല്ലാം മുയലിനെ കിട്ടുമെന്നു കരുതേണ്ട’ എന്നാണ് രണ്ടാം തവണയും ജോയിയെ രക്ഷിക്കാൻ ഞാൻ കോടതിയിൽ പോകുന്നു എന്നു കേട്ടപ്പോൾ എന്നെ പലപ്പോഴും കളിയാക്കാറുള്ള മറ്റൊരു സുഹൃത്ത് പറഞ്ഞത്. ഈ തരത്തിലുള്ള അനേകം വിമർശകൾ എനിക്കു ചുറ്റും ഉണ്ടെന്നുള്ള സത്യം എനിക്കു നന്നായറിയാം. അതുകൊണ്ടുതന്നെ തെളിവോടുകൂടി ഈ സംഭവം സാമാന്യ ജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധീകരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഇതെങ്ങിനെ സാദ്ധ്യമായി എന്നുകൂടി എഴുതിയില്ലെങ്കിൽ കഥ പൂർത്തിയാവുകയില്ലല്ലോ. ആദ്യമായി ജോയിയെക്കൊണ്ട് സ്പീഡിങ്ങിന്റെ വയലേഷൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു ’നോട്ട് ഗിൽറ്റി’ ആയി സർട്ടിഫൈ ചെയ്ത മെയിലിൽ അയച്ചുകൊടുത്തു. പിന്നീട് ജോയിയെ കൂട്ടി കോടതിയിൽ പോയി കോർട്ട് ക്ലർക്കിനോട് ഒരു മലയാളം പരിഭാഷകനെ (ഇന്റർപ്രെറ്റർ) വേണമെന്നാവശ്യപ്പെട്ടു. ജൂലൈ 21 ന് ആയിരുന്നു യോങ്കേഴ്സ് സിറ്റി കോർട്ടിൽ കേസ് വിചാരണയ്ക്കു വച്ചിരുന്നത് കോടതിയിൽ പോകുന്നതിന്റെ 2 ദിവസം മുൻപ് ഞാൻ ജോയിയൊടൊപ്പം ടിക്കറ്റ് ജോയിക്കു കൊടുത്ത സ്ഥലം സന്ദർശിച്ചു. പോലീസുകാരൻ ടിക്കറ്റു കൊടുത്തത് 45 മൈൽ സ്പീഡ് സോണിൽ 65 മൈൽ സ്പീഡിൽ പോയി എന്നതിനാണ്. പക്ഷേ ക്രോസ് കൗണ്ടി പാർക്ക് വേയിൽ എക്സിറ്റ് എടുക്കുന്നതിനു വളരെ മുമ്പു തന്നെ സ്പീഡ് 10 മൈൽ എന്ന് വ്യക്തമായി രേഖപ്പെടുത്തിയ സൈൻ വച്ചിട്ടുണ്ട്. ടിക്കറ്റുകൊടുത്ത പോലീസുകാരൻ ഇതൊന്നും നോക്കിക്കാണുകയില്ല. എക്സിറ്റ് നേരെ ചെന്നു കയറുന്നത് കൊടും വളവുള്ള ഒരു പാലത്തിലേയ്ക്കാണ്. ആ പാലത്തേൽ വച്ചാണ് ജോയിക്ക് ടിക്കറ്റ് കൊടുത്തത്. പ്രസ്തുത പാലത്തിലേയ്ക്കു കയറുന്നവർ 25 മൈൽ സ്പീഡിൽ കൂടുതൽ പോയാൽ പാലത്തിൽ നിന്നും താഴെ പോയി അപകടം സംഭവിക്കും. 65 മൈൽ സ്പീഡിൽ അവിടെ പോകുന്നയാൾ ആത്മഹത്യ ചെയ്യാൻ പോകുന്നതാണെന്നു കരുതിയാൽ മതിയാവും.

ഏതായാലും പാർക്ക് വേയിൽ ഹസാർഡ് ലൈറ്റിട്ട് സാവകാശം ജോയിയെ ക്കൊണ്ടു ഡ്രൈവ് ചെയ്വിച്ച് ക്രോസ് കൗണ്ടി പാർക്ക് വേ വെസ്റ്റ് എക്സിറ്റ് 11 ന്റെ സൈനോടുകൂടി 10 മൈൽ സ്പീഡ് എന്ന സൈനും കൂട്ടി വളരെ വിജയകരമായി ഏതാനും ഫോട്ടോകൾ ഞാൻ എടുത്തു. പാലത്തിൽ പാർക്ക് ചെയ്ത് പാലത്തിൽ നിന്നും ഇറങ്ങുമ്പോഴുള്ള യീൽഡ് സൈനും, പാലത്തിന്റെ കൊടും വളവും എല്ലാം ഞാൻ ക്യാമറിയിൽ പകർത്തി.

11 മണിക്ക് സമയത്തുതന്നെ ഞങ്ങൾ കോടതിയിൽ ഹാജരായി. മലയാളിയായ ഇന്റർപ്രെറ്ററും വന്നിരുന്നു. 65 മൈൽ സ്പീഡിലുള്ള ടിക്കറ്റ് ആയതിനാൽ പോലീസു പറയുന്ന പ്രകാരം തീർക്കുകയാണ് നല്ലതെന്നായിരുന്നു ഇന്റർപ്രെറ്റർ ജോയിയെ ഉപദേശിച്ചത്. ഏതായാലും കഴിഞ്ഞ വർഷം സംഭവിച്ചതുപോലെ തന്നെ എല്ലാവരോടും ട്രയൽ തുടങ്ങുന്നതിനു മുമ്പ് പുറത്തുപോയി പോലീസു പറയുന്നതുപോലെ തീരുമെങ്കിൽ തീർത്തിട്ടു വരാൻ ജഡ്ജി എല്ലാവരോടും ആവശ്യപ്പെട്ടു. ജോയിയെ കൂടാതെ വക്കീലുമായി ഒരാൾ വന്നിരുന്നു. അയാളല്ലാത്തവരെല്ലാം കുറ്റം സമ്മതിച്ചതിനാൽ പോലീസ് അവർക്കെല്ലാം പോയിന്റ് ഇളവു ചെയ്തു കൊടുക്കുകയും തുക കുറച്ചുകൊടുക്കുകയും ചെയ്തു. ജോയിയുടെ കാര്യം ഞാൻ പോലീസിനെ ഫോട്ടോ എടുത്തു കാണിച്ചിട്ട് 10 മൈൽ സ്പീഡിൽ പോകേണ്ടിടത്ത് എങ്ങിനെ 65 മൈൽ സ്പീഡിൽ പോകും എന്നു ചോദിച്ചു. എന്നോട് ആരാണെന്നു ചോദിച്ചപ്പോൾ ജസ്റ്റീസ് ഫോർ ഓൾ എന്ന പ്രസ്ഥാനത്തിന്റെ ചെയർമാൻ കൂടി ആണെന്നും ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന ആളാണെന്നും ധൈര്യസമ്മേതം പറഞ്ഞു. എന്നോടൊപ്പം ജെ.എഫ്.എ.യിലെ മറ്റൊരു മെമ്പറും മലയാളിയുമായ ജോർജ് ആരോലിച്ചാലിനെ കൂടി ഞാൻ കൊണ്ടു പോയിരുന്നു. അദ്ദേഹവും പോലീസിനോട് ഒരു രോഗി കൂടി ആയ ജോയി ഒരിക്കലും ആ സ്പീഡിൽ പോവുകയില്ല എന്നും കുറ്റം സമ്മതിക്കുന്നില്ലെന്നും ജഡ്ജി ട്രയൽ ചെയ്തു തീരുമാനിക്കട്ടെ എന്നും പറഞ്ഞു.

ഏതായാലും സത്യാവസ്ഥ മനസ്സിലാക്കി ഇത്തവണയും ജഡ്ജി കേസ് ഡിസ്മിസ് ചെയ്തു. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒരു കാര്യം മലയാളികളായ നമുക്ക് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ അല്പം സാമാന്യബോധം ഉപയോഗിച്ചാൽ ഒരു ഇന്റർപ്രെറ്ററുടെ സഹായത്തോടെ വക്കീലന്മാർക്കു ഫീസു കൊടുക്കാതെ തന്നെ പല പ്രശ്നങ്ങളും കോടതിയിൽ പോകേണ്ടിവന്നാലും പരിഹരിക്കാൻ കഴിയും എന്നുള്ളതാണ്.

ഇത്തരത്തിൽ പലപ്പോഴും അനാവശ്യമായി ട്രാഫിക്ക് വയലേഷൻ ടിക്കറ്റുകൾ സാധാരണക്കാർക്കു ലഭിക്കുമ്പോൾ വക്കീലന്മാരില്ലാതെതന്നെ നമുക്കു തന്നെ കൈകാര്യം ചെയ്വാനാവും എന്നുള്ള സത്യം സാമാന്യ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ ലേഖനം വിശദമായി എഴുതാൻ കാരണം. ഇതൊടൊപ്പം ജോയി ഫിലിപ്പിനു കിട്ടിയ സ്പീഡിങ്ങ് ടിക്കറ്റിന്റെ കോപ്പിയും, കോടതിയിൽ ഹാജരാക്കാനുള്ള സമൻസും, സിറ്റികോർട്ടിൽ നിന്നും കേസ് ഡിസ്മിസ് ചെയ്തതിന്റെ പ്രൂഫും, തെളിവിനായി കോടതിയിൽ ഹാജരാക്കിയ ഏതാനും ഫോട്ടോകളും സാമാന്യ ജനങ്ങളുടെ അറിവിലേയ്ക്ക് പ്രസിദ്ധപ്പെടുത്തുന്നു.

ജോയിഫിലിപ്പിന്റെ സ്പീഡിങ്ങ് ടിക്കറ്റുകൾ ഡിസ്മിസ് ചെയ്വിച്ച സംഭവങ്ങളുടെ സത്യാവസ്ഥ അറിയാൻ താൽപര്യമുള്ളവർക്ക് അദ്ദേഹത്തെ നേരിട്ട് 9142941400 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.