Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുതേ ഈ ക്രൂരത

mariyamma മറിയാമ്മ ജോർജ്

1. പ്രപഞ്ചമാം പുസ്തക പാഠങ്ങളോരോന്നും
പ്രബുദ്ധതയോടെ തുറന്നു പഠിക്കുകിൽ
പ്രാപ്തരായ് തീരുന്നു നേർവഴി കാണുവാൻ
പ്രബുദ്ധരായ് തീരും പടു വിഡ്ഢികൾ പോലും.

2. ബുദ്ധി, വിവേകം, വകതിരിവ് ഒക്കെയും
വർധിച്ചതായുളള മാനവ ജാതികൾ
ബുദ്ധിക്ക് ചേരാത്ത എത്രയോ വിക്രിയ
ബുദ്ധിഭ്രമത്തോടെ കാട്ടും ചില ജനം.

3. മാനവൻ ആണവൻ രൂപത്തിൽ ഭാവത്തിൽ
ദാനവൻ ആയങ്ങു താഴും പ്രവർത്തിയിൽ
ഹീനകൃത്യങ്ങളോ ചെയ്യാൻ മടിക്കില്ല
മാനഭയമോ അശേഷം അവർക്കില്ല

4. മധുവും മണവും മനംകവർന്നീടുന്ന
മഡുമലർ മാത്രം മധുപന് കൗതുകം
മണ്ടുന്നു വണ്ടുകൾ പ്രേമ വായ്പോടെയായ്
മണ്ണു വിണ്ണാക്കുവാൻ ഇണ്ടലകറ്റുവാൻ.

5. കരിവണ്ട്, ചിത്രശലഭങ്ങൾ, പ്രാണികൾ
കുരുന്ന് പൂമൊട്ടിനെ പുൽകില്ലൊരിക്കലും
അരുയോട് അവകൾതൻ ചാരെ താരാട്ടുപോൽ
മുരളുന്നു, മൂളുന്നു വാത്സല്യവായ്പോടെ

6. കുക്കുടവീരന്മാർ പിടകൾ പോരായ്കിലും
കുക്കുടം തൻ പിഞ്ചു കുഞ്ഞോമനകളെ

കാകൻ പരുന്തിവ റാഞ്ചാതെ എപ്പോഴും
കരുതലായ് കാവലായ് കാക്കുന്നതില്ലയോ?

7. അഞ്ചലും കൊഞ്ചലും മാറാ കിടാങ്ങളെ
വഞ്ചന എന്തെന്നു അറിയാത്ത കുഞ്ഞിനെ
കിഞ്ചന വാത്സല്യം കാട്ടാത്ത കാട്ടാളർ
വഞ്ചനയാലെ കുരുതി കഴിക്കുന്നു.

8. പെണ്ണ് ഗർഭത്തിൽ ഉരുവായത് അറിയുകിൽ
പെൺഭ്രൂണഹത്യ നടത്തുന്നിതു ചിലർ
പെണ്ണായി മണ്ണിൽ പിറക്കുകിലും പിന്നെ
പെണ്ണിന് പീഢനം ! പീഢനം ! പിന്നെയും

9. അവശയായ് തീർന്നോരടക്കോഴിയോടുമേ
ആർത്തി കാട്ടാറില്ല പൂങ്കോഴികൾ പോലും
എട്ടു പതിറ്റാണ്ടു പിന്നിട്ട മുത്തശ്ശിക്ക്
ഒട്ടും സുരക്ഷ കൊടുക്കാത്ത കശ്മലർ

10. പത്തു തൊണ്ണൂറ് വയസ് കഴിഞ്ഞുളള
മൂത്ത മുതുക്കന്മാർ പീഢിപ്പത് എത്രയോ ?
പത്തു വയസ്സ് കഴിയാത്ത കുഞ്ഞിനോടും
ഇത്ര കാട്ടായങ്ങൾ കണ്ടാൽ പൊറുക്കുമോ ?

11. ഒറ്റയ്ക്ക് പെണ്ണിന് ഒരു വഴി പോകാമോ?
ഒറ്റക്കയ്യന്മാരാം ചാമി മാരുണ്ടേറെ‍
ഒത്ത തരം വന്നാൽ ഒറ്റയ്ക്കും കൂട്ടമായ്
ഒത്തുചേർന്നു കൊല ചെയ്യുന്നു നീചന്മാർ

12. പരസ്പര പൂരകം സ്ത്രീയും– പുരുഷനും
പെണ്ണില്ലാതില്ല പുരുഷൻ നിലനിൽപ്പ്
പെണ്ണിനെ ഈ വിധം കൊന്നു മുടിക്കുകിൽ
പാരിൽ ഗതി എന്ത് നാളെ എന്ന് ഓർത്തുപോം.

13. പെണ്ണിനെ മാന്യപദവിയാൽ പൂജിച്ച്
മണ്ണിനും വിണ്ണിനും ദേവീ പദവിയും
അക്ഷരദേവിയും ഐശ്വര്യ ദേവിയും
യുദ്ധ– സമാധാന നീതിയാം ദേവിയും.

14. അമ്മയായ്, ആരാധ്യ രാജ്ഞിയായ് കണ്ടനാൾ
അന്യമായ് തീരുന്നു ഭാരത മണ്ണിലും
അക്കാലമൊക്കെ കഴിഞ്ഞു പോയ് പോയല്ലോ
ഈക്കാലമെത്രയും കഷ്ടം ! മഹാകഷ്ടം ! ഈ പീഡനം !!!

Your Rating: