Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടുപൂക്കൾ

അങ്ങ് മലമുകളിൽ ഒറ്റയ്ക്കായിരുന്നു അവൻ പാർത്തിരുന്നത്. പണ്ടെങ്ങോ നാട്ടിൽ വന്നു ചേർന്നതാണ് അവൻ. ആരാണെന്നോ എന്താണെന്നോ ആർക്കും തന്നെ അറിയില്ല. എല്ലാവരും അവനെ ഭയന്നിരുന്നു. വളരെ വിരളമായി മാത്രമേ നാട്ടുകാർക്ക് അവനെ കാണാൻ സാധിച്ചിരുന്നുളളൂ. എന്നും രാത്രികളിൽ അവൻ ആഴികൂട്ടി നൃത്തം ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറയാറുണ്ട്. ആരും മലമുകളിലേക്ക് അവനെ ഭയന്ന് പോകാറുണ്ടായിരുന്നില്ല.

എല്ലാവരും അവനെ ചോരക്കണ്ണൻ മന്ത്രവാദിയെന്ന് വിളിച്ചു പോന്നു. അവന്റെ കണ്ണുകൾക്ക് തീക്കനൽ ചുവപ്പായിരുന്നു. ഒരിക്കൽ അവനെ കാണുമ്പോൾ കൈയിൽ ഒരുപാട് പൂക്കൾ ഉണ്ടായിരുന്നു. പിറ്റേന്ന് പളളിയിൽ പോയവർ ഉണ്ണി യേശുവിന്റെ രൂപ കൂടിനു മുൻപിൽ അതേ പൂക്കൾ കണ്ടു. അവൻ കൊണ്ടുവന്ന ആ പൂക്കൾക്ക് നല്ല മണമായിരുന്നു. ഇന്നു വരെ ആരും കണ്ടിട്ടില്ലാത്ത പൂക്കൾ. ചോര നിറത്തിൽ ഉളള പൂക്കൾ. പളളിയിലും നാട്ടിലും ഈ പൂക്കൾ ഒരു ചർച്ചയ്ക്കു കാരണമായി. ചിലർ പറഞ്ഞു ഇത് മനുഷ്യരുടെ ചോരയൊഴിച്ചു വളർത്തുന്ന ചെടിയിലെ പൂക്കളാണെന്ന്, ചിലർ ഇത് അവൻ മന്ത്രവാദത്തിലൂടെ സ്വന്തം കണ്ണുകളിൽ നിന്ന് സൃഷ്ടിച്ച മായ പൂക്കൾ ആയിരിക്കും എന്നും അഭിപ്രായപ്പെട്ടു. ആഴ്ചകൾ കഴിഞ്ഞിട്ടും ആ പൂക്കൾ വാടിയില്ല. അതിന്റെ മനം കുളിർപ്പിക്കുന്ന ഗന്ധവും മാഞ്ഞില്ല. നാട്ടു പ്രമാണികൾ അവൻ ഒരു ദുർമന്ത്രവാദിയാണെന്ന് വിലയിരുത്തി. അവൻ രൂപക്കൂടിനു മുൻപിൽ സമർപ്പിച്ച പൂക്കൾ കത്തിച്ചു ചാമ്പലാക്കാൻ കൽപിച്ചു. ആ മണമേറും പൂക്കൾ അങ്ങനെ അഗ്നിയിലേക്ക് വലിച്ചെറിയപ്പെട്ടു.

നാളുകൾക്ക് ശേഷം വീണ്ടും രക്തവർണ്ണത്തിലെ പൂക്കൾ രൂപക്കൂടിനു മുൻപിൽ പ്രത്യക്ഷപ്പെട്ടു. അതിന്റെ ഗന്ധം കാറ്റിലൂടൊഴുകി നാടു മുഴുവൻ പരന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ ഗന്ധത്തെ ഇഷ്ടപ്പെട്ടു. അവനോട് പലർക്കും സ്നേഹാർദ്രമായ ഒരു സമീപനം തോന്നിത്തുടങ്ങി. പലതരത്തിൽ ഉളള അഭിപ്രായങ്ങൾ നാട്ടിൽ ഉടലെടുത്തു. ചിലർ അവന്റെ ഭക്തിയുടെ നിറവ് കൊണ്ടാണ് പൂക്കൾക്ക് ഇത്ര വിശിഷ്ട ഗന്ധം എന്ന് അഭിപ്രായപ്പെട്ടു മറ്റു ചിലർ അവൻ നാട്ടുകാരെ ഈ മാന്ത്രിക പൂക്കളുടെ ഗന്ധത്തിന് അടിമകളാക്കി കൂട്ടനരബലി കൊടുക്കാൻ ശ്രമിക്കുന്നതാണെന്ന് പറഞ്ഞു. നാട്ടുകാരിൽ ഭൂരിഭാഗം പേരും അവനു വേണ്ടി വാദിച്ചു. നാട്ടു പ്രമാണിമാർ അസ്വസ്ഥരായി.. ഒരു ഭ്രാന്തൻ കൊണ്ടുവന്ന കേവലം പൂക്കളുടെ മണം തങ്ങളുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുകയോ ? ചോദ്യങ്ങൾ ചോദിക്കുവാൻ ഉളള അധികാരം പ്രമാണിമാർക്കുളളതാണ് തിരിച്ചു ചോദ്യം ചെയ്യപ്പെടൽ തങ്ങളുടെ അധികാരച്യുതിയായി അവർ വിശ്വസിച്ചു. നാട്ടു പ്രമാണിമാർ തങ്ങളുടെ അനുയായികളുമായി മലകയറി. അവർ അവനെ പിടികൂടി ശിരഛേദം ചെയ്തു. അവന്റെ ശരീരം കഷ്ണങ്ങളാക്കി കഴുകന്മാർക്ക് ഭക്ഷണമായി ഇട്ടു കൊടുത്തതു. അവന്റെ ശിരസ് ദുർമന്ത്രവാദിയെന്ന് കരികൊണ്ട് എഴുതിയ പലകയിൽ കെട്ടിത്തൂക്കി അവൻ സമർപ്പിച്ച പൂക്കൾക്കൊപ്പം കത്തിച്ചു ഭസ്മമാക്കി. അന്നു രാത്രി പളളിയിൽ നിന്ന് ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഉണർന്നു. നിലാവെളിച്ചം തെല്ലും ഇല്ലാതിരുന്ന ആ രാത്രിയുടെ കൂരിരുട്ടിനെ വകവയ്ക്കാതെ നാട്ടുകാർ കൂട്ടം കൂട്ടമായ് പളളിയിലേയ്ക്ക് നീങ്ങി. അന്വേക്ഷിച്ചു ചെന്നവർക്ക് ആ പുരാതനമായ പളളിയിൽ ഇതേ കാണാൻ കഴിഞ്ഞുളളൂ. കാലങ്ങളായി അവർ പ്രാർഥിച്ചു പോന്ന അവരുടെ ഉണ്ണിയേശു രൂപക്കൂടിനുളളിൽ ഉണ്ടായിരുന്നില്ല.
 

Your Rating: