Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണക്കാലം

ഈ ചിങ്ങമാസത്തിൻ പുലരികിരണങ്ങളെ
ഒളിച്ചു ഞാൻ നിന്നപ്പോൾ
പണ്ടെന്നോ കേട്ട് മറന്നൊരാ പൂവിളി
മൂളുന്നു തുമ്പികൾ കുസൃതിയാലെൻ ചാരെ
കേട്ടെന്റെ കാതുകൾ കരയുന്നുവോ ചിരിക്കുന്നുവോ
അറിയില്ല ഇന്നുമീ വിസ്മയ ഭാവങ്ങൾ

നിശമഴക്കീറു വരയ്ക്കുമാ പൂക്കളച്ചാലുകൾ
മാറുന്നു രൂപങ്ങൾ ഭാവങ്ങൾ നിരന്തരം
മാനം തെളിയുമ്പോൾ കാണാമെന്നുമീ വർണ്ണരാജികൾ
ഓരോ പൂമരച്ചോട്ടിലും നന്മപ്രണാമമായി
കണ്ടെന്റെ കണ്ണുകൾ കരയുന്നുവോ ചിരിക്കുന്നുവോ
അറിയില്ല ഇന്നുമീ വിസ്മയ ഭാവങ്ങൾ.

ഗന്ധങ്ങൾ കാറ്റിൽ അലിഞ്ഞൊരീ വഴിയോരങ്ങൾ
നിറയ്ക്കുന്നു ഉളളിൽ ഓർമ്മകൾ മനോഹരം
പേരറിയാത്തോരാ പുഷ്പങ്ങൾ വിതറുന്നു ഇന്നുമാ
ഓണത്തിൻ പരിമളക്കൂട്ടുകൾ
നുകർന്നെന്റെ നാസികം കരയുന്നുവോ ചിരിക്കുന്നുവോ
അറിയില്ല ഇന്നുമീ വിസ്മയ ഭാവങ്ങൾ.

പാതി തുറന്ന ആ വടക്കിനി വാതിൽക്കൽ
ആവിയാൽ മൂടുപടം ഇട്ടു വിളിക്കുന്നു കാലം
കൊതിക്കുന്നു ആ ഹൃദ്യമാം രുചിഭേദങ്ങൾക്കായി

സ്നേഹോർമ്മകളിൽ കിനിയും ഈ ഇലപായസം
നുണഞ്ഞെന്റെ നാവു കരയുന്നുവോ ചിരിക്കുന്നുവോ
അറിയില്ല ഇന്നുമീ വിസ്മയ ഭാവങ്ങൾ

വാക തൻ ചോട്ടിലെ തണലും
കാൽപ്പാദം തൊടുമാ മണ്ണിൻ നനവും

നിറയ്ക്കുന്നു സ്നിഗ്ദമാം ഓർമ്മകൾ വീണ്ടും
കാലങ്ങൾക്കിപ്പുറം തേടി വരുന്നതിൻ സ്പർശനം
തൊട്ടെന്റെ മേനി കരയുന്നുവോ ചിരിക്കുന്നുവോ
അറിയില്ല ഇന്നുമീ വിസ്മയ ഭാവങ്ങൾ

നിശബ്ദമായി കിടന്നോരാ മനചിലങ്കകൾ വീണ്ടും
ഉണർന്നുവോ വീണ്ടും ഈ അംഗണ ചാരെ
സ്വയം അറിയാതെ താളം പിടിക്കുമെൻ മാനസം
കുളിരുന്നു ഇന്നും ഓണക്കിനാക്കളിൽ
പഞ്ചേന്ദ്രിയങ്ങൾക്കുമപ്പുറം ആരോ നിറയ്ക്കുന്നുവെന്നിൽ
ഭാവങ്ങൾ.... വിസ്മയ ഭാവങ്ങൾ എന്നും.... 

Your Rating: