Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാൻ ആത്മീയ ഉൗർജം

ramzan-creative

സൂര്യോദയം മുതൽ സൂര്യാസ്തമനം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് സകലതും സ്രഷ്ടാവിൽ സമർപ്പിച്ച്‌ ഭക്തിസാന്ദ്രമായ ജീവിതം നയിക്കുന്ന പുണ്യ മാസത്തിലെ വ്രതാനുഷ്ഠാനമാണ് റമസാൻ. പ്രശ്ന സങ്കീർണ്ണമായ ലോകജീവിതത്തിൽ പ്രത്യാശയുടെയും സ്നേഹത്തിന്റെയും പൊൻപുലരികൾ സമ്മാനിക്കുന്ന ഈ പുണ്യ ദിനങ്ങൾ മനുഷ്യരാശിയെ സർവ്വേശ്വരന്റെ സന്നിധിയിലേക്ക് സമാധാനത്തോടെ നയിക്കുവാൻ പ്രാപ്തമാക്കുന്നു. 

കൃത്യമായ വ്രതാനുഷ്ഠാനങ്ങൾ ഭക്തിപൂർവ്വം അനുഷ്ഠിക്കുന്ന വിശ്വാസിയിൽ ഈശ്വര പ്രസാദത്തിന്റെ പ്രതീകമായ പുഞ്ചിരിയും സ്നേഹവും ദർശിക്കാം....! അന്നപാനീയങ്ങളേക്കാൾ കരുത്തുള്ള ആത്മീയ ഊർജമാണ് നോമ്പ് നോക്കുന്ന വിശ്വാസി പ്രാർത്ഥനയിലൂടെ ആർജ്ജിക്കുന്നത്. ക്ഷമ, സ്നേഹം, കരുതൽ തുടങ്ങിയ എത്രയോ സൽഗുണങ്ങളാണ് റമസാൻ മാസത്തിൽ നാം ആർജ്ജിക്കുന്നത്.  

നോമ്പ് തുറയിലൂടെ പങ്കിടുന്ന സാഹോദര്യം ഒരു നാടിന്റെ മത സൗഹാർദ്ദത്തെയും, മത സഹിഷ്ണതയെയും ബലപ്പെടുത്തുന്നു. മനുഷ്യരാശിയുടെ നിലനിൽപ് അപകടമാക്കും വിധം വിഭാഗീയ ചിന്തകളാൽ അസമാധാനത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ്‌ ഈ പുണ്യ മാസത്തിലേക്ക് നാം പ്രവേശിക്കുന്നത്. ലോക സമാധാനത്തിന്റെ പ്രവാചകന്മാരായിമാറാൻ കഴിയുന്ന ജീവിത സന്ദേശം വിശ്വ സംസ്കൃതിയ്ക്ക് സമ്മാനിക്കാൻ കഴിയുന്ന വലിയ ദൗത്യമാണ്‌ അല്ലാഹുവിൽ നിന്നും ഈ പുണ്യ മാസത്തിൽ നാം ഏറ്റെടുക്കേണ്ടത്. 

ramzan-creative-1

ഈ  പ്രപഞ്ചത്തിലെ സമസ്‌ത  ജീവജാലങ്ങൾക്കും സംരക്ഷണം നൽകാൻ നമുക്ക് ബാധ്യതയുണ്ട്. മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികൾക്കും വൃക്ഷലതാദികൾക്കും നാം പകരുന്ന ദാഹ ജലം അല്ലാഹുവിന്റെ സന്നിധിയിൽ പുണ്യ കർമ്മമായി പരിഗണിക്കപ്പെടുന്നു എന്നാണ്‌ പൂർവ്വികർ നൽകിയ ഉപദേശം. 

''കാലത്തെഴുന്നേറ്റു കാലും മുഖം കഴുകി നല്ല വിഭൂതി ചാർത്തി
 
കാലാരി തന്റെ തിരുനാമ ജപത്തിനാലെ കാലം കഴിക്കുമവനോ ബഹുഭാഗ്യശാലി''
- എന്നാണ്  ഭാരതത്തിലെ ആചര്യന്മാർ പഠിപ്പിച്ചത്.   

                            
സൂര്യോദയം മുതൽ സൂര്യാസ്തമനം വരെയുള്ള സകല പ്രവർത്തികളും സത്കർമ്മങ്ങളാകാൻ പുലർ കാലെയുള്ള പ്രാർത്ഥനയ്ക്ക് കഴിയും. സൃഷ്ടിയെ നോക്കി സ്രഷ്ടാവ് വിധി പറയുന്ന നാളിൽ ശോഭയോടെ സ്രഷ്ടാവിന്റെ സന്നിധിയിൽ പ്രവേശിക്കുവാൻ ഈ പുണ്യ മാസത്തിൽ ശരീര മനസ്സുകളെ പവിത്രമാക്കുന്ന തീരുമാനങ്ങൾ എടുക്കാം. 

ജീവിത വിശുദ്ധിയിൽ എടുക്കുന്ന തീരുമാനങ്ങൾ ഈ നാടിനും സംസ്കൃതിയ്ക്കും പുണ്യ കർമ്മങ്ങളായി മാറാൻ സർവ്വേശ്വരൻ അനുഗ്രഹിയ്ക്കട്ടെയെന്ന പ്രാർത്ഥനയോടെ റമസാൻ ആശംസകൾ നേരുന്നു.....! 

Your Rating: