Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംബാസിഡർ സാമന്ത പവാറിനോടൊപ്പം ഒരു നിമിഷം

samantha-power

ഐക്യ രാഷ്ട്ര സംഘടനയിൽ അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് സാമന്താ പവാറാണ്. ഐക്യ രാഷ്ട്ര സംഘടനയിൽ അംഗത്വമുളള ഓരോ രാജ്യവും അവരവരുടെ രാജ്യങ്ങളിൽ നിന്നും ഒരു പ്രതിനിധി സംഘത്തെ ഒരു നിശ്ചിത കാലയളവിലേക്കായി അയക്കാറുണ്ട്. ഈ സംഘങ്ങളുടെ നേതാവിന് അംബാസിഡർ പദവിയാണുളളത്.

അംബാസിഡർ സാമന്താ പവാർ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്യാബിനറ്റംഗം കൂടിയാണ്. വളരെയേറെ ഉത്തരവാദിത്വങ്ങളും തിരക്കുമുളള വ്യക്തിയായിതനാൽ അവരുടെ സമീപത്തെത്തുന്നത് അത്ര എളുപ്പമുളള കാര്യമല്ല. കഴിഞ്ഞ വർഷം ന്യൂജഴ്സിയിൽ നടന്ന ഒരു ചടങ്ങിൽ വച്ച് കുറെ ദൂരെ നിന്ന് അവരെ കാണുവാൻ സാധിച്ചിട്ടുണ്ട്. തുടർന്ന് അവരുടെ ഫേസ് ബുക്ക് പേജ് ഞാൻ നിരന്തരം വായിക്കുമായിരുന്നു. സാമന്താ പവാറിനെ തൊട്ടടുത്ത് കാണാനും സംസാരിക്കാനും ഞാൻ വളറെയേറെ ആഗ്രഹിച്ചിരുന്നു.

അയർലൻഡിൽ നിന്നും മാതാപിതാക്കൾക്കൊപ്പം അമേരിക്കയിൽ കുടിയേറിയപ്പോൾ സാമന്താക്ക് ഒൻപത് വയസ് മാത്രമുണ്ടായിരുന്നു. ഒരു പത്രപ്രവർത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച് അവർ ബോസ് നിയാ കൊസാവോ, സുഡാൻ, സിംബാബ് വേ എന്നീ രാജ്യങ്ങളിൽ നിന്നുളള വാർത്തകൾ അമേരിക്കയിലെ ചില പ്രമുഖ മാധ്യമങ്ങൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപികയായിരുന്നു. പിന്നെയും നിരവധി പദവികൾ ഏറ്റെടുത്തതിനുശേഷമാണ് ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത്.

വളരെ അപ്രതീക്ഷിതമായി ആ അവസരം എന്നെ ത്തേടിയെത്തി. ഐക്യ രാഷ്ട്ര സംഘടനയിൽ യുവജനങ്ങൾക്കു വേണ്ടിയുളള ഒരു കോൺഫറൻസിൽ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ് ഈ കൂടി കാഴ്ചക്ക് ഒരു നിമിത്തമായി ഭവിച്ചത്.

വളരെ അത്ഭുതകരമെന്നോ, യാദൃശ്ചികമെന്നോ, ആകസ്മികമെന്നോ വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ അവസരം ലഭിച്ചത്. അതുകൊണ്ടാണ് ഈ ലേഖനം ഞാനെഴുതുന്നതും.

ഹെയ്ത്തിയിൽ നിന്നുളള യുവ നേതാവ് ജീൻ പോളുമായി ഇടവേളകളിലൊന്നിൽ ഹാളിനു പുറത്തു നിന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതിനെ കൈയ്യിലുളള ഐപാഡിലൂടെ ഞാൻ ഫേസ് ബുക്ക് മെസേജുകൾ വായിക്കാൻ തുടങ്ങി. അപ്പോൾ സാമന്താ പവാറിന്റെ ഒരു ഫോട്ടോയും സന്ദേശവും കണ്ടു. അത് വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ അറിയാതെ ഞാൻ ഇടത്തു വശത്തേക്ക് ഒന്ന് നോക്കിപോയി. ഞങ്ങളെ കടന്ന് അതിവേഗത്തിൽ നടന്നു പോകുന്ന ആ സ്ത്രീയേയും പുരുഷനെയും കണ്ടപ്പോൾ അറിയാതെ മനസ് മന്ത്രിച്ചു. അത് സാമന്താ പവാറാണെന്നു തോന്നുന്നു. ഞാനത് ജീനിനോട് പറഞ്ഞതും അയാൾ പ്രതികരിച്ചതും വളരെ പെട്ടെന്നാണ്.

അത് സാമന്താ പവാർ ആണെന്ന് ജോസിന് ഉറപ്പാണോ? എങ്കിൽ ഒരു ഫോട്ടോ എടുക്കാൻ നമുക്ക് കഴിയുമോ ? ‘‘ ജീൻ അതു പറഞ്ഞു തീരും മുമ്പേ സാമന്താ, പവാറിന്റെ അടുത്തെത്താൻ ഞാൻ കാൽവച്ചു കഴിഞ്ഞു. വളരെ പെട്ടെന്നു തന്നെ ഞങ്ങളവരുടെ ഒപ്പമെത്തി.

മാഡം, ഞങ്ങൾക്ക് ഒരു ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ട്. ഒരു നിമിഷം നില്ക്കാമോ ? ജീൻ ചോദിച്ചു. അവരിരുവരും ഒരു നിമിഷം നിന്നു. പറ്റില്ല ഞങ്ങളല്പം ധൃതിയിലാണ്. എന്നു പറഞ്ഞു കൊണ്ട് ആ ഓഫീസർ നടക്കാൻ തുടങ്ങി. ഞങ്ങളിരുവരുടെ മുഖത്തുനോക്കിയ അംബാസിഡർ സാമന്താ പവാറിനെന്തായാലും ഞങ്ങളെ നിരാശപ്പെടുത്താൻ തോന്നിയില്ല. ഒരു ഫോട്ടോ എടുക്കാനല്ലേ നിങ്ങൾ ആഗ്രഹിക്കുന്നുളളൂ. അതിന് ഒരു നിമിഷം നൽകാൻ എനിക്ക് എതിർപ്പില്ല. ഫോട്ടോ എടുത്തു കൊളളൂ’’ അതും പറഞ്ഞ് ഞങ്ങളോടൊപ്പം നിന്നവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു. അടുത്ത നിമിഷം തന്നെ അവർ അവിടം വിടുകയും ചെയ്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.