Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയർലണ്ടിൽ നിന്നും ഒരു സ്നേഹ സാന്ത്വനം ‘ഷെയർ ആന്റ് കെയർ’

irish-red-cross-share-care

ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകളെ നെഞ്ചിൽ പേറി നടക്കുന്ന പ്രവാസ കാലം..കാതങ്ങൾക്കപ്പുറം നെഞ്ചു പൊളളിക്കുന്ന തീഷ്ണ ജീവിതം തലച്ചുമടാക്കി പരക്കം പായുമ്പോൾ ഉളളിൽ കുളിരു നൽകുന്നത് പിറന്ന മണ്ണിനെക്കുറിച്ചുളള ഓർമ്മകളാണ്.

ഇടവപ്പാതിയും, തുലാവർഷവും മകരമഞ്ഞും കർക്കിടകരാവും വേലി തലപ്പിലെ മുൾച്ചെടിയും അരയാൽ കൊമ്പിൽ കൂവി തോൽപ്പിച്ച കിളിയൊച്ചയും ശ്വാസ ഗതിയെ ചേർത്തു നിർത്തി മലയാള നാട്ടിൽ നിന്നും ദിക്കുകൾക്കപ്പുറം മഞ്ഞു പെയ്യുന്ന അയർലണ്ടിന്റെ മല മടക്കുകളിലേയ്ക്ക് പറന്നിറങ്ങി..

അയർലണ്ടിലെ തിരക്കു പിടിച്ച ജീവിത്തിന്റെ ചുഴിയിൽ കറഞ്ഞുമ്പോഴും പിറന്ന മണ്ണിൽ തങ്ങൾക്കൊപ്പം തോളുരുമ്മി നടന്ന സതീർത്ഥ്യരുടെ വേദന നമ്മൾ കണ്ടു.. അവരുടെ വിതുമ്പൽ നമ്മൾ കേട്ടു.. കൂടെ പിറന്നവരുടെ കനൽ വഴികളിൽ തളിർമഴയായി പറന്നിറങ്ങാൻ നമ്മൾ വെമ്പൽ കൊണ്ടു. അതൊരു കൂട്ടായ്മയായി.. രത്ന ശൃംഖല പോലെ നമ്മൾ ഒന്നായി..ഷെയർ ആന്റ് കെയർ എന്ന സന്നദ്ധ സംഘടനയായി രൂപപ്പെട്ടു.

അയർലണ്ടിലെ ലിംറിക്ക് കേന്ദ്രമാക്കി ലിംറിക്കിനു ചുറ്റുമുളള പ്രദേശങ്ങളായ കിൽറഷ്, എന്നീസ്, ഷാം നോൺ, ലിംറിക്ക് സിറ്റി, കോർബല്ലി, കാസൽട്രോയ്, കാസൽക്കോണൽ, ന്യൂപോർട്ട്, കോർണീഷ്, തർളസ്, ഡ്യൂറഡോയിൽ, പാട്രിക്സ് വെൽ, ക്രൂം, റഫീൻ, അടയർ, ന്യൂകാസിൽ വെസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ കൂട്ടായ്മയായ മൺസ്റ്റർ ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ജീവകാരുണ്യ വിഭാഗമായ ഷെയർ ആന്റ് കെയർ 2012 ജനുവരി മാസം 28–ാം തിയതിയാണ് രൂപം കൊണ്ടത്.

സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ അനുസ്മരിപ്പിക്കുന്ന 2011 – ലെ ക്രിസ്മസ് രാവിൽ വിടുത്തെ കുരുന്നുകൾ ക്രിസ്മസ് കരോളിൽ സമാഹരിച്ച ഒരു പിടി യൂറോയിൽ നിന്നുമാണ് ഷെയർ ആന്റ് കെയർ അതിന്റെ ജീവകാരുണ്യ പ്രവർത്തന മേഖലയിലേക്ക് കടക്കുന്നത്. ആ കുരുന്നു കൈകൾ പകർന്നു തന്ന ദീപശിഖ ഏറ്റുവാങ്ങി, കടലലകൾ താണ്ടി അതിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്നു വർഷക്കാലമായി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഷെയർ ആന്റ് കെയറിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ലോകത്ത് ദുരിതം അനുഭവിക്കുന്ന അനേക ലക്ഷം സഹജീവികളെ ദയാവയ്പോടെ കണ്ട് അവരുടെ കഷ്ടപ്പാടുകൾക്ക് ഒരുകൈ സഹായം നൽകുവാൻ മനസ്സുകാണിക്കുന്ന മലയാളി കൂട്ടായ്മയാണ് ഷെയർ ആന്റ് കെയർ.

ഇന്ത്യയിലും അയർലണ്ടിലും കൂടാതെ ലോകത്തിന്റെ വിവധ ഭാഗങ്ങളിലും പ്രകൃതി ദുരന്തങ്ങളാലും മാരകരോഗങ്ങളാലും ദുരിതമനുഭവിക്കുന്ന ഒട്ടേറെപ്പേർക്ക് ഈ സംഘടന സഹായമെത്തിക്കുന്നുണ്ട്.

ഏകദേശം 93 –ൽ പ്പരം കുടുംബങ്ങൾ ഇന്ന് ഷെയർ ആന്റ്കെയറിൽ അംഗങ്ങളാണ്. ജാതിമത വ്യത്യാസമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അംഗങ്ങൾ നൽകുന്ന മാസ വരുമാനമാണ് സംഘടയുടെ പ്രധാന സാമ്പത്തിക ശ്രോതസ്സ്, കളക്ഷനു വേണ്ടി ഓരോ വീടുകളിലും നിക്ഷേപ പെട്ടി ഏല്പിച്ച് മടങ്ങുമ്പോൾ, വീട്ടുകാർ നൽകുന്ന നിക്ഷേപം എത്രയെന്നത് അവരുടെ മാത്രം സ്വകാര്യമായി മാറുന്നു. ഇതുവഴി സംഭാവനയുടെ താരതമ്യ കണക്കുകൾ ഒഴിവാക്കുവാൻ സാധിക്കുന്നു. എന്തു തന്നെയായാലും എല്ലാ കുടുംബങ്ങളും നിർലോഭം സഹായമെത്തിക്കുമെന്ന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

കൽക്കട്ടയിൽ ഒരാശുപത്രി തീപിടുത്തത്തിൽ അനേകം രോഗികളെ രക്ഷിച്ചതിനു ശേഷം മരണത്തിനു കീഴടങ്ങിയ രമ്യ, വിനീത എന്നീ നേഴ്സുമാർ വാർത്താ മാധ്യമങ്ങളിൽ ഏറെ വേദനയോടെ നിറഞ്ഞു നിന്നവരായിരുന്നു. അവരുടെ ദുഃഖത്തിൽ പങ്കു ചേർന്നുകൊണ്ട് അവരുടെ കുടുംബത്തിനു സഹായം നൽകിയും ഷെയർ ആന്റ് കെയർ അതിന്റെ ആദ്യ ജീവകാരുണ്യ പ്രവർത്തനത്തിന് നാന്ദി കുറിച്ചു. ലോകത്തിന്റെ ഏതു കോണിൽ നിന്നായിരുന്നാലും ഏതു ജാതിയിൽപ്പെട്ട, ഏതു മതത്തിൽപ്പെട്ട മനുഷ്യരായിരുന്നാലും അവന്റെ വേദനയിൽ പങ്കുചേരാനും ആകും വിധം സഹായമെത്തിക്കാനും സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. ഷെയർ ആന്റ് കെയറിന്റെ അംഗബലം ഇന്ന് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്നത് ഏറെ അഭിമാനകരമാണ്. അതിലൂടെ അയർലണ്ടിന്റെ ഒരു വലിയ മലയാളി സമൂഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ഒരു സാമൂഹിക കൂട്ടായ്മയ്ക്ക് അതുവഴി ഷെയർ ആന്റ് കെയർ മുഖ്യ പങ്കു വഹിക്കുകയും ചെയ്യുന്നു.

‘‘പിച്ചിടല്ലേ പറിച്ചിടല്ലേ കൊച്ചു പൂവിനെ നോവിച്ചിടല്ലേ ’’

എന്ന് സുഗതകുമാരിയോടൊപ്പം നമ്മൾ പ്രാർഥിച്ചുപോകും തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ കുട്ടികളുടെ വാർഡ് കാണുമ്പോൾ വേദന തിന്നു ജീവിക്കുന്ന എപ്പോൾ വേണമെങ്കിലും ഇരുളിലാണ്ട് പോകാവുന്ന ആ നിഷ്കളങ്ക ബാല്യങ്ങളുടെ ജീവിതം പ്രകാശ പൂരിതമാക്കണേ എന്നപ്രാർഥനയോടെ രണ്ട് ഗഡുക്കളായി ഒരു ലക്ഷം രൂപയും അയർലണ്ടിൽ നിന്നും ചികിത്സാർത്ഥം നാട്ടിൽ പോയ ഒരു കുട്ടിക്ക് ചികിത്സാ സഹായമായി E1500/ യൂറോയും കൊടുക്കുവാൻ കഴിഞ്ഞതിൽ ഷെയർ ആന്റ് കെയറിലെ എല്ലാ അംഗങ്ങൾക്കും ചാരിതാർത്ഥ്യമുണ്ട്.

160000 പേർ മരണപ്പെടുകയും 1.5 മില്യൻ ആളുകൾ ഭവന രഹിതരാവുകയും ചെയ്ത ഹെയ്റ്റിയിലെ ഭൂകമ്പം.

ഒരായുസ്സ് കൊണ്ട് സമ്പാദിച്ചതെല്ലാം ഉറ്റവരും ഉടയവരുമെല്ലാം ഒരു നിമിഷം കൊണ്ട് കൺമുന്നിൽ തകർന്ന് വീഴുന്നത് കണ്ട് നിസ്സഹായതയോടെ കരമുയർത്തി ദൈവത്തെ വിളിച്ച് കേഴുന്നവരെ സഹായിക്കാൻ ഷെയർ ആന്റ് കെയറിനായി 4750 യൂറോ അവർക്ക് വേണ്ടി കൊടുക്കാൻ ആയതിൽ ഷെയർ ആന്റ് കെയറിന് അങ്ങേയറ്റം കൃതാർത്ഥതയുണ്ട്. അതുപോലെ നേപ്പാൾ ദുരന്തത്തിൽ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട് അനാഥരായി തീർന്നവർക്ക് അവരുടെ ഭാവി ജീവിതത്തിൽ നന്മയുടേയും പ്രതീക്ഷയുടേയും ഇത്തിരി വെട്ടം നിറയ്ക്കുവാൻ ഷെയർ ആന്റ് കെയർ സഹായ ധനമായി നൽകിയ 1300 യൂറോ ഒരു വലിയ തുകയല്ലെന്നറിയാമെങ്കിലും എല്ലാം നഷ്ടപ്പെട്ടവനുളള ഒരു ചെറു തലോടലായി ഞങ്ങൾ കരുതുന്നു.

ആവശ്യക്കാരനെ സഹായിക്കുന്നത് ദൈവത്തെ സഹായിക്കുന്നതിന് തുല്ല്യമാണ്. പ്രകൃതി മനുഷ്യനുമേൽ സംഹാര താണ്ഡവമാടിയ പ്രകൃതി ദുരന്തങ്ങൾ.

ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നടിഞ്ഞ് ഇനി എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി തീർന്ന ഫിലിപ്പെൻസിലെ ഭൂകമ്പ ബാധിതർക്ക് ആശ്വാസം നൽകി അവരുടെ വിശപ്പടക്കാൻ ഞങ്ങളാൽ കഴിയുന്ന സഹായം ആയിരം യൂറോയായി നൽകാൻ ഷെയർ ആന്റ് കെയറിന് കഴിഞ്ഞുവെന്നത് ചാരിതാർത്ഥ്യത്തോടെ സ്മരിക്കുന്നു.

അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് ആയിരം യൂറോ വീതം അടിയന്തിര സഹായമായും, ഷെയർ ആന്റ് കെയർ കമ്മ്യൂണിറ്റിയിൽ നിന്ന് വേർപെട്ട് പോയവരുടെ കുടുംബാംഗങ്ങൾക്ക് ആയിരത്തി അഞ്ഞൂറ് യൂറോയും അടിയന്തിര സഹായം നൽകാൻ ഇന്നീ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അംഗങ്ങളിൽ നിന്ന് സംഘടനാ ഇതുവരേയും E 25628.96/= യൂറോ സമാഹരിച്ചിട്ടുണ്ട്. ഇതിൽ E20157.71 യൂറോ ധനസഹായമായി ഇതിനോടകം നൽകി കഴിഞ്ഞു.

മാരക രോഗങ്ങൾക്ക് അടിമയായി ഭീമമായ ചികിത്സാ ചെലവ് താങ്ങുവാനാകാതെ മരണത്തിന് കീഴടങ്ങുന്ന ജനത ഇന്നേറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തിലുളള രോഗസ്ഥർക്ക് ഷെയർ ആന്റ്കെയർ അവരുടെ ചികിത്സാ ചെലവിന് ഒരു വിഹിതം നൽകുന്നു. കേരളത്തിൽ മാരകമായ രോഗം ബാധിച്ച രണ്ട് പേർക്ക് മാസത്തിലൊരിക്കൽ 10,000 രൂപാ വീതം സഹായമെത്തിക്കാനും ഷെയർ ആന്റ്കെയറിന് കഴിയുന്നു. നാട്ടിൽ നിന്നും രണ്ട് അധികാരികളുടെ ശുപാർശകത്തോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും ചികിത്സാ സഹായത്തിനുളള അപേക്ഷയും കമ്മിറ്റി പരിഗണിച്ചാണ് സഹായം നൽകിടുന്നത്. ഇത്തരത്തിൽ 37 അപേക്ഷകളിൽ മേൽ ചികിത്സാ സഹായം നൽകുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ദുരന്തങ്ങളിൽപ്പെടുന്നുവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനോടൊപ്പം അവരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, മരുന്ന് എന്നിവ യഥാസമയം എത്തിച്ചു കൊടുക്കുന്നതിനും ഈ മഹത് സംഘടന സജീവമായി ഇടപെടുന്നു. ലോകത്ത് ദുരിതമനുഭവിക്കുന്ന ഓരോ മനുഷ്യ ജീവനും സ്വന്തം കൂടപ്പിറപ്പാണെന്ന് കണ്ട് അവർക്ക് ഇരു കരങ്ങളും നീട്ടി സഹായം എത്തിക്കുവാൻ മനസ്സുകാട്ടുകയും അതിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുന്ന അംഗങ്ങളാണ്. ഈ സംഘടനയെ ഇതുവരെ വളർത്തിയതും സംഘടനയുടെ ശക്തിയും ഓജസ്സുമായി മാറിയിരിക്കുന്നത്. ഇവർ ഷെയർ ആന്റ് കെയറിന്റെ അഭിമാന ഭോജനങ്ങളാണ്.

വരും വർഷങ്ങളിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പുതിയ തലങ്ങളിലേക്ക് ഒരു കാൽവെയ്പ് നടത്തുകയാണ് ഷെയർ ആന്റ് കെയർ. നിർദ്ധന കുടുംബത്തിലെ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചുമതല സംഘടന ഏറ്റെടുത്തുകൊണ്ട് അതുവഴി അവനിലൂടെ കുടുംബത്തിന് ഒരു വരുമാന മാർഗ്ഗമുണ്ടാക്കിയെടുക്കുക എന്നത് ലക്ഷ്യമിട്ട് Edu care എന്ന പദ്ധതിക്ക് സംഘടന രൂപം നൽകിയിരിക്കുന്നു. ഇതുവഴി നന്മയുളള ഒരു പുതിയ തലമുറയെ വാർത്തെടുക്കുവാൻ സംഘടന ശ്രമിക്കുന്നു എന്നുളളതും ചാരിതാർത്ഥ്യമുളള കാര്യമാണ്. 10 യൂറോ വീതം പ്രതിമാസം തരുന്ന 15 അംഗങ്ങൾ അടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി തിരിച്ച്, മാസം 150 യൂറോ സമാഹരിക്കുകയും അങ്ങനെ ഒരു വർഷത്തെ സംഖ്യകൂട്ടി പഠന സഹായം നടത്തുവാനുളള പദ്ധതിയാണ് Edu care ലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

ജന്മം കൊണ്ട് ഏതൊരാൾക്കും മനുഷ്യനാകാം. എന്നാൽ മനുഷ്യ സ്േനഹിയാകാൻ കർമ്മംകൊണ്ടു മാത്രമേ കഴിയൂ. ഒന്നു നൂറാക്കുവാൻ മനുഷ്യൻ മത്സരിച്ചു കൊണ്ടിരിക്കുന്ന യാന്ത്രിക ലോകത്താണ് നാം ജീവിക്കുന്നത്.

ദയ, കരുണ, സഹജീവി സ്നേഹം എന്നിവ വെറും വാക്കുകൾ മാത്രമായിക്കൊണ്ടിരിക്കുന്നു. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവാനും സക്കാത്തു നൽകി ദൈവത്തിലേയ്ക്ക് അടുക്കുവാനും വേദനിക്കുന്നവർക്കൊപ്പം ദൈവമുണ്ടെന്നും ലോകമതങ്ങൾ മനുഷ്യനെ പല കുറി പഠിപ്പിച്ചു. ആ മതങ്ങളെ നെഞ്ചിലേറ്റി മനുഷ്യൻ, സർവ്വതും വെട്ടിപ്പിടിക്കാൻ പരക്കം പായുന്നു. വഴി വക്കിൽ വീണു പോയവൻ, വിശപ്പു കൊണ്ട് വീണ്ടു പോയവർ ജീവിതത്തിന്റെ ദുരിത കയത്തിൽ ആണ്ടു പോയവർ. ഇവർക്ക് ഒന്നു കരം നീട്ടി ഒരു സഹായം നൽകുന്നവനാണ് മനുഷ്യ സ്നേഹി.അവനാണ് യോഗി. അവരുടെ കൂട്ടായ്മയാണ് ഷെയർ ആന്റ് െകയർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.