Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെന്നി വർഗീസിന്റെ കുടുംബത്തിന് നവയുഗത്തിന്റെ കൈത്താങ്ങ്

financial-aid

ദമാം∙ നാട്ടിൽ അവധിയ്ക്ക് പോയപ്പോൾ വാഹനാപകടത്തിൽപ്പെട്ടു മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് വേണ്ടി നവയുഗം കൊദരിയ ഈസ്റ്റ് യൂണിറ്റ്  സമാഹരിച്ച സഹായധനം കൈമാറി.

കരുനാഗപ്പള്ളി പട്ടാഴി ആറാട്ടുപ്പുഴ കുളത്തിന്നഴികത്ത് വീട്ടിൽ തോമസ് വർഗ്ഗീസിന്റെയും, ഗ്രേസി വർഗ്ഗീസിന്റെയും മകനായ ബെന്നി വർഗ്ഗീസ്, ദമാം കൊദരിയയിൽ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്തിടെ വിവാഹിതനായ ബെന്നി, നാട്ടിൽ അവധിയ്ക്ക് പോയപ്പോഴാണ് ദുർവിധി അപകടത്തിന്റെ രൂപത്തിൽ തേടിയെത്തിയത്.

ബന്ധുവിന്റെ വിവാഹാനന്തരമുള്ള മറുവീട് സന്ദർശനത്തിനായി ബുള്ളറ്റിൽ വവ്വാക്കാവിൽ എത്തിയ നവദമ്പതികൾ, തിരികെ കരുനാഗപ്പള്ളി ഭാഗത്തേയ്ക്ക് പോകും വഴി ദേശീയപാതയിൽ ആനന്ദ ജംഗ്ഷനിൽ വെച്ച് ടാങ്കർ ലോറി ബുള്ളറ്റിന്റെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു. ബെന്നി വർഗ്ഗീസ് സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. സാരമായി പരിക്കേറ്റ ഭാര്യ ലിജി ചികിത്സയിലാണ്.

ബെന്നിയുടെ മരണവാർത്തയറിഞ്ഞ നവയുഗം ഈസ്റ്റ് കൊദരിയ യൂണിറ്റ് അംഗങ്ങളായ സുഹൃത്തുക്കൾ മുൻകൈ എടുത്താണ്  കുടുംബസഹായഫണ്ട്‌ ശേഖരിച്ചത്. കൊദരിയയിൽ നടന്ന ചടങ്ങിൽ വെച്ച് കൊദരിയ ഈസ്റ്റ് യൂണിറ്റ് ഭാരവാഹിയായ അഷറഫ് തലശ്ശേരി, നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തിന് കൈമാറി.  

നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികളായ എം.എ.വാഹിദ്, ഉണ്ണി പൂചെടിയൽ, സാജൻ കണിയാപുരം, റെജിലാൽ, ഷിബു കുമാർ, ശ്രീകുമാർ വെള്ളല്ലൂർ, അരുൺ ചാത്തനൂർ, ഷാൻ പേഴുംമൂട്, അരുൺ നൂറനാട്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ ബിജു നെല്ലില, നഹാസ്, എസ്.പ്രസന്നൻ, വിനീഷ്, താജുദ്ദീൻ, ബാബുക്കുട്ടൻ, ബഷീർ, റിജീഷ്, രാജൻ പിള്ള എന്നിവർ നേതൃത്വം നൽകി.

വാർത്ത∙ ബെൻസി മോഹൻ ജി.

Your Rating: