Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്കരോഗത്താൽ വലഞ്ഞ പ്രവാസിമലയാളി  സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

suresh സുരേഷ്ബാബുവിന് വിത്സൺ ഷാജി യാത്രാരേഖകൾ കൈമാറുന്നു. ഷിബുകുമാറും നവയുഗം പ്രവർത്തകരും സമീപം. 

ദമാം∙ ഗുരുതരമായ വൃക്കരോഗം ബാധിച്ചിട്ടും സ്പോൺസർ ചികിത്സ നൽകാൻ തയ്യാറാകാത്തതിനാൽ ദുരിതത്തിലായ മലയാളി ഡ്രൈവർ, നവയുഗം സാംസ്കാരികവേദിയുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം കിളികൊല്ലൂർ സ്വദേശിയായ സുരേഷ് ബാബു ഗോപാലൻ എട്ടു മാസങ്ങൾക്ക് മുൻപാണ് ദമാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ഹൗസ്‌ ഡ്രൈവർ വീസയിൽ ജോലിക്കെത്തിയത്. ഡ്രൈവർ ജോലി കൂടാതെ ആ വലിയ വീട്ടിലെ പുറംപണികളും സുരേഷ് ബാബുവിന് ചെയ്യേണ്ടി വന്നു. മതിയായ വിശ്രമമില്ലാതെ രാപ്പകൽ നിരന്തരമായി ജോലി ചെയ്യേണ്ടി വന്ന സുരേഷ്ബാബുവിന്റെ ആരോഗ്യം ക്രമേണ ക്ഷയിച്ചു. രണ്ടു മാസങ്ങൾക്ക്  മുൻപ് "കിഡ്നി സ്റ്റോൺ" രോഗം ബാധിച്ച സുരേഷ് ബാബുവിന്അടിവയറ്റിൽ കഠിനമായ വേദന ഉണ്ടായി. എന്നാൽ സ്പോൺസറോട് രോഗവിവരം പറഞ്ഞപ്പോൾ, ആശുപത്രിയിൽ കൊണ്ട് പോകാനോ, ചികിത്സ നൽകാനോ അയാൾ തയ്യാറായില്ല. "ഇതൊക്കെ വെറും അഭിനയം" എന്ന് ആക്ഷേപിച്ച അയാൾ, സുരേഷ് ബാബുവിനെകൊണ്ട് വീണ്ടും കൂടുതൽ ജോലികൾ ചെയ്യിക്കാൻ തുടങ്ങി. 

ഒടുവിൽ രോഗം മൂർഛിച്ചു മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയപ്പോൾ, ഏറെ അവശനായ സുരേഷ്ബാബു, നവയുഗം ജീവകാരുണ്യപ്രവർത്തകനും, ഇന്ത്യൻ എംബസ്സി വോളന്റീറുമായ ഷിബുകുമാർ തിരുവനന്തപുരത്തിനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. 

ഷിബുകുമാർ സാമൂഹ്യപ്രവർത്തകനായ നാസ് വക്കത്തിന്റെ സഹായത്തോടെ സുരേഷ് ബാബുവിനെ ദമാം സെൻട്രൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. ഷിബുകുമാരിന്റെയും, സാമൂഹ്യപ്രവർത്തകരായ വിത്സൺ ഷാജി, ബാബു എന്നിവരുടെയും സഹായത്തോടെ, സുരേഷ് ബാബു സ്പോൻസർക്ക് എതിരെ ലേബർ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തു.

സ്പോൻസറെ  ലേബർ  കോടതി വിളിച്ചു വരുത്തി.  സുരേഷ്ബാബുവിന്റെ രോഗവിവരങ്ങൾ ആശുപത്രിരേഖകൾ പരിശോധിച്ച് ബോധ്യമായ കോടതി, അയാൾക്ക്  ജോലി ചെയ്യാനുള്ള  ആരോഗ്യം ഇല്ലെന്ന് മനസ്സിലാക്കി, നാട്ടിൽ പോകാൻ ഫൈനൽ എക്സിറ്റ് നൽകാൻ സ്പോൻസറോട് നിർദ്ദേശിച്ചു. വിമാന ടിക്കറ്റ് സുരേഷ്ബാബു തന്നെ  കൊണ്ടു വരുന്ന പക്ഷം എക്സിറ്റ് നൽകാമെന്ന് സ്പോൻസർ സമ്മതിച്ചു. 

സുരേഷ് ബാബുവിന് വിമാനടിക്കറ്റ് വിത്സൺ ഷാജി  നൽകി. നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ് സുരേഷ് ബാബു നാട്ടിലേയ്ക്ക് മടങ്ങി.
 

Your Rating: