Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളസർക്കാർ സമഗ്രവും ജനകീയവുമായ കായികനയം പ്രഖ്യാപിക്കണം: നവയുഗം കായികവേദി

spo നവയുഗം കായികവേദിയുടെ പുതിയ ഭാരവാഹികൾ

ദമാം∙ കേരളത്തിലെ ഇടതുപക്ഷ സർക്കാർ സമഗ്രവും ജനകീയവുമായ കായികനയം പ്രഖ്യാപിച്ച് നടപ്പാക്കാൻ ശ്രമിക്കണമെന്ന് നവയുഗം സാംസ്കാരികവേദിയുടെ കായികവേദി ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെ കായികരംഗം അഴിമതിയും സ്വജനപക്ഷപാതവും മൂലം  കുത്തഴിഞ്ഞ് തകർന്ന അവസ്ഥയിലായിരുന്നു. ദേശീയഗെയിംസ് ഉയർത്തിയ അഴിമതി ആരോപണങ്ങളും, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി അഞ്ജു ബോബി ജോർജിനെ നോക്കുകുത്തിയായി മുന്നിൽ നിർത്തി യു.ഡി.എഫ് രാഷ്ട്രീയക്കാർ സ്പോർട്സ് കൗൺസിലിൽ നടത്തിയ ദുർഭരണവും ഒക്കെ ഉദാഹരണങ്ങളാണ്.

കഴിവുള്ള താരങ്ങളെ കണ്ടെത്താനോ, പ്രോത്സാഹിപ്പിക്കാനോ ശ്രമം ഉണ്ടാകാത്തതു കാരണം കേരളത്തിന്റെ കായികരംഗം ഏറെ പുറകോട്ടടിച്ച കാഴ്ച അഞ്ചു വർഷം കേരളം കണ്ടതാണ്. തിരഞ്ഞെടുപ്പ് പത്രികയിൽ നൽകിയ വാഗ്ദാനം പാലിച്ചു കൊണ്ട്, കേരളത്തിന്റെ സാഹചര്യങ്ങൾക്ക് യോജിച്ച സമഗ്രവും, ജനകീയവുമായ ഒരു കായികനയം നടപ്പാക്കാനും അന്തർദേശീയതലത്തിൽ  കായികതാരങ്ങളെ വളർത്തിയെടുക്കാനുമുള്ള പദ്ധതികൾക്ക്  രൂപംനൽകാനും ഇടതുപക്ഷസർക്കാർ തയാറാകണമെന്ന് നവയുഗം കായികവേദി ജനറൽ ബോഡിയോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവയുഗം കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി റെജിലാല്‍ പട്ടത്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കായികവേദി ജനറൽ ബോഡിയോഗം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. അജിത്  ഉത്‌ഘാടനം ചെയ്തു. നവയുഗം രക്ഷാധികാരി ഉണ്ണി പൂചെടിയില്‍, ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, ട്രഷറർ സാജന്‍ കണിയാപുരം, കേന്ദ്രകമ്മിറ്റിയംഗം അരുണ്‍ നൂറനാട് എന്നിവർ ആശംസാപ്രസംഗം നടത്തി. യോഗത്തിന് ഷാൻ പേഴുമൂട് സ്വാഗതവും, ബിജു വർക്കി നന്ദിയും പറഞ്ഞു.

നവയുഗം കായികവേദിയുടെ കൺവീനറായി റെജി സാമുവലിനേയും, ജോയിന്റ് കണ്‍വീനര്‍മാരായി ബിജു വര്‍ക്കി, ഷാന്‍ പേഴുമൂട്, നഹാസ് എ.കെ.എം, സന്തോഷ്‌ ചങ്ങോലിക്കൽ, സനു മഠത്തിൽ, ഷമീർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. മോഹന്‍ തിരുവല്ല, തോമസ്‌ സക്കറിയ, രഘുനാഥ്, കുഞ്ഞുമോന്‍ കുഞ്ഞച്ചന്, ഉണ്ണികൃഷ്ണന്‍ വൈപ്പിൻ, നിസാര്‍ കരുനാഗപള്ളി, റഹീം ചവറ, അഷറഫ് തലശ്ശേരി, മുഹമ്മദ്‌ ഖാദിര്‍ ഖാൻ, ചാക്കോ ജോൺ, രചിന്‍ ചന്ദ്രൻ, ബാബുരാജ്, ഫൈസൽ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

വാർത്ത∙ നവയുഗം ദമാം

Your Rating: