Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റംസാന്റെ കാരുണ്യവും പേറി അംബിക തർഹീലിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങി

img-01 നവയുഗം നേതാക്കളായ (ഇടതു നിന്നും) പ്രതിഭ പ്രിജി, മഞ്ജു മണിക്കുട്ടൻ, അനീഷ കലാം, ലീനഷാജി എന്നിവർ അംബികയ്ക്കുള്ള യാത്രാരേഖകൾ കൈമാറുന്നു.

ദമ്മാം∙ റംസാൻ മാസത്തിൽ സ്പോൺസർ കനിഞ്ഞപ്പോൾ മലയാളി ഹൗസ്മൈഡ് ഇന്ത്യൻ എംബസ്സിയുടെയും നവയുഗം സാംസ്കാരികവേദിയുടെയും സഹായത്തോടെ തർഹീലിൽ (വനിതാഅഭയകേന്ദ്രം) നിന്നും നാട്ടിലേയ്ക്ക് മടങ്ങി.
 
തിരുവനന്തപുരം ഭൂതക്കുളം സ്വദേശിനിയായ അംബിക പത്മദാസ് ഒരു വർഷം മുൻപാണ് സൗദി അറേബ്യയിലെ ദാന എന്ന സ്ഥലത്ത് ഒരു സൗദി ഭവനത്തിൽ ഹൗസ്മൈഡ് ആയി ജോലിയ്‌ക്കെത്തിയത്. എന്നാൽ ആ വീട്ടിലെ ജോലികൾ മാത്രമല്ല, സമീപത്തുള്ള ബന്ധുവീടുകളിലെയും ജോലികൾ കൂടി അവർക്ക് ചെയ്യേണ്ടി വന്നു. ഒരേ ദിവസം രണ്ടും മൂന്നും വീടുകളിൽ തുടർച്ചയായി വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നപ്പോൾ, ആഹാരം കഴിയ്ക്കാൻ പോലും സമയം കിട്ടാതെ, അവർ കുഴഞ്ഞു. ശരിയായ ആഹാരവും വിശ്രമവുമില്ലാതെ ആരോഗ്യം നശിയ്ക്കാൻ തുടങ്ങിയപ്പോൾ ജോലിഭാരത്തെ കുറച്ചു തരണമെന്ന് ആ വീട്ടുകാരോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
 
ഈ വിവരം നാട്ടിൽ അറിയിച്ചപ്പോൾ അംബികയുടെ ചില ബന്ധുക്കൾ, നവയുഗം സാംസ്കാരികവേദി ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദിനെ ബന്ധപ്പെട്ട്, അംബികയെ നാട്ടിലേയ്ക്ക് തിരികെയെത്തിയ്ക്കാൻ  സഹായം അഭ്യർത്ഥിച്ചു. വാഹിദ് നവയുഗം ജീവകാരുണ്യ പ്രവർത്തകയും ഇന്ത്യൻ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടന് വിവരങ്ങൾ കൈമാറി. മഞ്ജു അംബികയുമായി നേരിട്ടു ബന്ധപ്പെട്ട് വിശദവിവരങ്ങൾ മനസ്സിലാക്കി ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്തു. 

മഞ്ജു അംബികയുടെ സ്പോൺസറോട് സംസാരിച്ചെങ്കിലും പതിനായിരം റിയാൽ നഷ്ടപരിഹാരം നൽകിയാലേ എക്സിറ്റ് നൽകുകയുള്ളൂ എന്ന നിലപാടായിരുന്നു അയാൾ തുടക്കത്തിൽ സ്വീകരിച്ചത്. തുടർന്ന് എംബസ്സി നിർദ്ദേശപ്രകാരം മഞ്ജുവിന്റെ സഹായത്തോടെ അംബിക ദമാമിലെ എംബസ്സി സേവനകേന്ദ്രത്തിൽ എത്തി പരാതി നൽകി. അവിടെ നിന്നും പോലീസ് സഹായത്തോടെ അവരെ വനിതാ തർഹീലിൽ എത്തിച്ചു.
 
സ്പോൺസർ പിടിവാശി തുടർന്ന സാഹചര്യത്തിൽ നവയുഗം ജീവകാരുണ്യപ്രവർത്തകർ അയാളെ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ചർച്ച നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഒടുവിൽ റംസാൻ മാസമായപ്പോൾ, സ്പോൺസർ വഴങ്ങുകയും എക്സിറ്റ് നൽകാം എന്ന് സമ്മതിയ്ക്കുകയും ചെയ്തു.
 
നവയുഗം അൽഹസ്സ മേഖല ഭാരവാഹികളിലൊരാളായ അബ്ദുൾലത്തീഫ് മൈനാഗപ്പള്ളി അംബികയ്ക്കുള്ള വിമാനടിക്കറ്റ് സ്പോൺസർ ചെയ്തു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി, രണ്ടു മാസത്തെ തർഹീലിലെ കാത്തിരിപ്പിന് വിരാമമിട്ട്, അംബിക നാട്ടിലേയ്ക്ക് പോയി.
 

Your Rating: