Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസത്തിലെ ദുരിതങ്ങൾ താണ്ടി സായ്ദ നാട്ടിലേയ്ക്ക് മടങ്ങി

saida-home

ദമാം∙ നവയുഗം സാംസ്കാരികവേദിയും എറണാകുളം ജില്ല വെൽഫെയർ അസ്സോസിയേഷനും കൈകോർത്തപ്പോൾ തർഹീലിൽ (വനിതാ അഭയകേന്ദ്രം) നിന്നും ഒരു മലയാളി ഹൗസ് മെയിഡ് നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
 
എറണാകുളം കപ്പലണ്ടിമുക്ക് സ്വദേശിനിയായ സായ്ദ പത്തലിൻ അബ്ദുള്ള മൂന്നു വർഷങ്ങൾക്കു മുൻപാണ് ദമ്മാമിൽ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. വയസ്സായ അവർക്ക് ആ വലിയ വീട്ടിൽ വിശ്രമമില്ലാതെ രാപകലോളം ജോലി ചെയ്യേണ്ടി വന്നു. അതുമൂലം ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായി. വീട്ടുടമസ്ഥയായ സൗദി വനിതയാകട്ടെ വളരെ പരുഷമായിയാണ് അവരോട് പെരുമാറിയിരുന്നത്. എങ്കിലും നാട്ടിലുള്ള കുടുംബത്തിന്റെ പ്രാരാബ്ധം ഓർത്ത് മൂന്നു വർഷത്തോളം അവർ ആ വീട്ടിൽ ജോലി ചെയ്തു.
 
എന്നാൽ ക്രമേണ ശമ്പളം കൃത്യമായി കിട്ടാതെയായി. ചോദിച്ചാൽ അടുത്ത മാസം തരാം എന്ന ഉഴപ്പൻ നിലപാടായിരുന്നു ആ വീട്ടുകാർ എടുത്തത്. അങ്ങനെ അഞ്ചു മാസത്തോളം ശമ്പളം കുടിശ്ശികയായപ്പോൾ സായ്ദ ജോലി ചെയ്യാതെ പ്രതിഷേധിച്ചു. കുപിതയായ സൗദി വനിത അവരെ ദേഹോപദ്രവം ഏൽപ്പിച്ചു. ഭയന്നു പോയ സായ്ദ ആരും ഇല്ലാത്ത അവസരം നോക്കി വീട്ടിനു പുറത്തു കടന്ന്, പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു.
 
സ്പോൺസറെ വിളിച്ചു വരുത്തിയ പോലീസ് അറുപതു വയസ്സായ അവരെ ഇനിയും ജോലിയ്ക്ക് നിർത്താൻ കഴിയില്ലെന്നും അതിനാൽ നാട്ടിലേയ്ക്ക് കയറ്റി വിടണമെന്നും നിർദ്ദേശിച്ചു. സ്പോൺസർ സായ്ദയെ വനിത  തർഹീലിൽ കൊണ്ടു പോയി ഉപേക്ഷിച്ചു മടങ്ങി.
 
തർഹീലിൽ എത്തിയ നവയുഗം ജീവകാരുണ്യ പ്രവർത്തകയും ഇന്ത്യൻ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടനോട് സ്വന്തം അവസ്ഥ പറഞ്ഞ സായ്ദ, നാട്ടിലേയ്ക്ക് പോകാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.  മഞ്ജു നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂച്ചെടിയൽ, ഷിബു കുമാർ, മണിക്കുട്ടൻ, ശരണ്യ ഷിബു  എന്നിവരുടെ സഹായത്തോടെ സായ്ദയുടെ സ്‌പോൺസറെ കണ്ട് സംസാരിച്ചു. ഏറെ ചർച്ചകൾക്ക് ഒടുവിൽ സായ്ദയ്ക്ക് എക്സിറ്റും വിമാനടിക്കറ്റും നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു.
 
ഉടൻ തന്നെ എക്സിറ്റ് നൽകിയെങ്കിലും വിമാന ടിക്കറ്റ് നൽകാതെ സ്പോൺസർ ഉഴപ്പാൻ തുടങ്ങി. സായ്ദയുടെ കേസിനെപ്പറ്റി ഒ റിപ്പോർട്ട് കണ്ട റിയാദിലെ എറണാകുളം ജില്ലാ വെൽഫെയർ അസ്സോസ്സിയേഷൻ  ഭാരവാഹികളായ ജോൺസണും, രാജേഷും നവയുഗം പ്രവർത്തകരെ ബന്ധപ്പെടുകയും, സായ്ദയ്ക്ക് ടിക്കറ്റ് നൽകാൻ സന്നദ്ധത അറിയിയ്ക്കുകയും, അവരുടെ കുടുംബത്തിന് നാട്ടിൽ സഹായങ്ങൾ ചെയ്തു കൊടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അസോസിയേഷൻ നേതാവായ ജോഷി, സയ്ദായ്ക്ക് വിമാനടിക്കറ്റ് നൽകി.
തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ് സയ്ദ നാട്ടിലേയ്ക്ക് മടങ്ങി.
 

Your Rating: