Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിലേക്കുള്ള പ്രവേശന വീസ നിരക്ക് വർധനവ് പുനഃ പരിശോധിക്കണം

ഗ്ലോർക്ക∙ സൗദിയിലേക്കുള്ള പ്രവേശന വീസ നിരക്ക് വർധിപ്പിക്കാനുള്ള സൗദീ ക്യാബിനറ്റിന്റെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ഗ്ലോബൽ നോൺ റസിഡൻ്റ് കേരളൈറ്റ്സ് അപ്പക്സ് അസോസിയേഷൻ (ഗ്ലോർക്ക ) ആവശ്യപ്പെട്ടു. നിലവിലുള്ളതിനേക്കാൾ പത്തിരട്ടിയാണ് വർധിപ്പിച്ചിരിക്കുന്നത്. പ്രവാസികളുടെ ജീവിത നിലവാരം തന്നെ തകർക്കുന്ന നിലയിലുള്ള തീരുമാനം പിൻവലിക്കണമെന്നും പ്രവാസികളുടെ ആശങ്ക അകറ്റുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സൗദീ മന്ത്രാലയവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഗ്ലോർക്ക ചെയർമാൻ അമ്പലപ്പുഴ ശ്രീകുമാർ , സെക്രട്ടറി ജനറൽ ഡോ. ജോൺസൺ വി.ഇടിക്കുള എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

നിലവിൽ 200 റിയാലാണ് വിസിറ്റിങ്ങ് വിസ സ്റ്റാമ്പിങ്ങ് ഫീസ്. എണ്ണേതര ശ്രോതസ്സുകളിൽ നിന്ന് വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി കൈക്കൊണ്ട പുതിയ തീരുമാനം ഒക്ടോബർ 2 മുതൽ നിലവിൽ വരും. കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി ക്യാബിനറ്റിന്റെ പുതിയ നിയമ പ്രകാരം രാജ്യത്തേക്കുള്ള ഓരോ പ്രവേശന വീസക്കും 2000 റിയാൽ ഫീസ് ഈടാക്കും. ഇതിൽ നിന്നും ആദ്യമായി ഉംറക്കും ഹജ്ജിനും വരുന്നവരെ ഒഴിവാക്കും.

രണ്ടാമത്തെ തവണ ഉംറക്കും ഹജ്ജിനും വരുന്നവർ 2000 റിയാൽ ഫീസ് നൽകേണ്ടി വരും. വിസിറ്റിംഗ് വിസകൾക്കോ ഫാമിലി വിസകൾക്കോ കുടുംബത്തെ കൊണ്ട് വരണമെങ്കിൽ സ്റ്റാംബിംഗ് ഫീസ് ഇനി 2000 റിയാൽ നൽകണം. നേരത്തേ 200 റിയാലായിരുന്നു വിസിറ്റിംഗ് വിസ സ്റ്റാംബിംഗ് ഫീസ്. റി എൻട്രി വിസ ഇഷ്യൂ ചെയ്യുന്നത് രണ്ട് മാസത്തിൽ കൂടുതലാണെങ്കിൽ ഓരോ മാസത്തിനും 100 റിയാൽ അധികം നൽകണം. അഥവാ ആറു മാസത്തെ റി എൻട്രിക്ക് പോകുന്നവർ 600 റിയാൽ നൽകണം എന്നർത്ഥം. മൾട്ടി റി-എൻട്രി വിസയുടെ ഫീസ് 3 മാസത്തേക്ക് 500 റിയാലായിരിക്കും. 3 മാസത്തിലധികമുള്ള ഓരോ മാസത്തിനും 200 റിയാൽ വീതം അധികം നൽകണം. ആറു മാസത്തെ കാലവധിയുള്ള മൾട്ടി എൻട്രി വിസിറ്റിങ് വിസക്ക് ഇനി 3000 റിയാലായിരിക്കും ഫീസ്.

ഒരു വർഷത്തെ മൾട്ടി എൻട്രി വിസിറ്റിംഗ് വിസക്ക് 5000 റിയാലും രണ്ടു വർഷത്തെ മൾട്ടി എൻട്രി വിസിറ്റിംഗ് വിസക്ക് 8000 റിയാലുമായിരിക്കും ഫീസ്. സൗദിയിലെ തുറമുഖങ്ങൾ വഴി പുറത്ത് പോകുന്നവർക്ക് 50 റിയാൽ നിർഗമന ഫീസ് ആയി നൽകണമെന്നും പുതിയ തീരുമാനത്തിലുണ്ട്. പുതിയ തീരുമാനം പ്രവാസികളെ സാരമായി ബാധിക്കും. കുടുംബത്തെ വിസിറ്റിംഗ് വിസക്ക് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവർക്കും രണ്ടാമത് ഉംറക്കോ ഹജ്ജിനോ വരാൻ ഉദ്ദേശിക്കുന്നവർക്കും ഇത് വൻ തിരിച്ചടിയാകും. ആവർത്തിച്ചുള്ള ഉംറക്കാർക്ക് 2000 റിയാൽ ഫീസ് നൽകേണ്ടി വരുമെന്നത് തീർഥാടകർക്ക് പുറമേ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഉംറ സർവീസുകാരെയും പ്രതികൂലമായി ബാധിച്ചേക്കും.

സാധാരണ 6 മാസത്തെ റി എൻ ട്രി വിസക്ക് സ്വദേശങ്ങളിലേക്ക് പോയിരുന്നവർക്ക് പുതിയ തീരുമാനത്തോടെ 400 റിയാലിന്റെ അധിക ബാധ്യതയാണു വരുന്നത്. കുടുംബാംഗങ്ങളെ ദീർഘ അവധിയിൽ നാട്ടിലേക്കയക്കുന്നവർക്ക് ഓരോ കുടുംബാംഗത്തിനും റീ-എൻട്രി വിസക്ക് അധിക ഫീസ് നൽകേണ്ടി വരികയാണെങ്കിൽ അത് വലിയ ഇടിത്തീയായി മാറും. അൻസർ താഹ കായംകുളം (മീഡിയാ കോ ഓർഡിനേറ്റർ )·

വാർത്ത∙ ജോൺസൺ ഇടിക്കുള 

Your Rating: