Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൽബണിലെ മാസങ്ങൾ നീണ്ട ഓണാഘോഷങ്ങൾക്കു കൊടിയിറങ്ങുന്നു

onam-01

മെൽബൺ∙ കേരളത്തിലുള്ളവർക്ക് ഓണാഘോഷം കുറച്ചു ദിവസങ്ങൾ മാത്രമേ കാണൂ. എന്നാൽ മെൽബൺ മലയാളികൾ കുറച്ചു മാസങ്ങളായി ഓണാഘോഷത്തിലാണ്. മൂന്നിലധികം ഓണങ്ങൾ ഉണ്ണുന്നവരാണു മിക്ക മെൽബൺ മലയാളികളും. കേരളത്തിലേക്കാൾ ഓണം അതിന്റെ പ്രൗഢിയിൽ ആഘോഷിക്കുന്നവരാണു പ്രവാസികൾ. വൻ അത്തപ്പൂക്കളങ്ങൾ, ചെണ്ടമേളം, തിരുവാതിര, പുലികളി, വൻ വടംവലി മത്സരങ്ങൾ, മാവേലി, വിഭവ സമൃദ്ധമായ സദ്യ എന്നു വേണ്ട എല്ലാത്തിലും മികച്ചു നിൽക്കുന്നതാണ് ഓസ്‌ട്രേലിയൻ ഓണങ്ങൾ.

ചെറുതും വലുതുമായ അൻപതിലധികം ഓണാഘോഷങ്ങൾക്ക് സാക്ഷിയായി മെൽബൺ ഈ വർഷം. ഏറ്റവും വലിയ ഓണാഘോഷങ്ങൾ നടന്നതു മെൽബൺ മലയാളി ഫെഡറേഷൻ, മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ എന്നീ സംഘടനകളുടേതാണ്. മെൽബൺ മലയാളി ഫെഡറേഷന്റെ ഓണാഘോഷത്തിനു യുവ സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ അതിഥിയായിരുന്നു. ഏറ്റവും അടുക്കും ചിട്ടയുമായി നടത്തിയ ഓണസദ്യയും പരിപാടികളും കൊണ്ട് ശ്രദ്ധേയമായി ഈ ഓണം.

ജന പങ്കാളിത്തവും അതിഥികളുടെ പുതുമയും കൊണ്ട് ശ്രദ്ധേയമായത് മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ഓണാഘോഷം. പി.സി.ജോർജ്, ജയരാജ് വാരിയർ എന്നിവരായിരുന്നു അതിഥികൾ. ആയിരത്തിലധികം ആളുകൾ പങ്കെടുത്തു ഈ രണ്ടിലും.

കൂടാതെ മെൽബൺ മൈത്രി, കേസി മലയാളീ, ഫ്രാങ്ക് സ്റ്റാൻ മലയാളി, റിങ്‌വൂഡ്, വിറ്റൽസി, എൻഎംസിസി, ഹിന്ദു സമാജം, എസ്എൻഡിപി, വിന്ദം മലയാളീ, ക്ലെയ്ടൺ മൈത്രി, കേളി, പുലരി, ബെറിക്ക്, ഡാൻഡിനൊങ് എന്നിങ്ങനെ വിവിധ കൂട്ടായ്മകളുടെ ഓണങ്ങളും. സെപ്റ്റംബർ 14നായിരുന്നു ഓണം എങ്കിലും അതിനു ഒരു മാസം മുൻപു മെൽബണിൽ ആഘോഷങ്ങൾ തുടങ്ങി.
അതിനും മാസങ്ങൾ മുൻപേ ഒരുക്കങ്ങളും തുടങ്ങി. ഓണം കഴിഞ്ഞു ഒരു മാസത്തോളം ആഘോഷങ്ങൾ നീണ്ടു നിൽക്കുകയും ചെയ്യും. വളരെ പ്രഫഷണലായാണ് ഇപ്പോൾ ഓണാഘോഷങ്ങൾ നടത്തുന്നത്. ഓണ സാധനങ്ങൾ നാട്ടിൽ നിന്നും കൊണ്ട് വരുന്നതും ഒരു വൻ വ്യവസായം ആയി മാറിയിരിക്കുകയാണ്. എന്തായാലും പ്രവാസികളും പുതിയ തലമുറയും കേരളത്തനിമയിൽ പോകുന്നു എന്നതും എല്ലാവർക്കും കലാ പരിപാടികളിൽ പങ്കെടുക്കാൻ പറ്റുന്നു എന്നതും ഒരു ഗുണം ആണ്.
 

Your Rating: