Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടായ്മയുടെ ഉത്സവമായി പെൻറിത്ത് മലയാളികൾക്ക് ഓണം

p16

പെൻറിത്ത് ∙ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തി ജീവിതത്തിന്റെ നാനാ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നഷ്ടപ്പെട്ടുപോയ ഗൃഹാതുരതയുടെ തുയിലുണർത്തലും ഓർമ്മപ്പെടുത്തലുമായി പെൻറിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം. വാദ്യമേളങ്ങളുടെയും താളഘോഷങ്ങളുടെയും സദ്യവട്ടത്തിന്റെയും അകമ്പടിയോടെ പരമ്പരാഗതമായ രീതിയിലായിരുന്നു കൂട്ടായ്മയുടെ ഓണാഘോഷം.

p18

സെപ്റ്റംബർ 10 ശനിയാഴ്ച കിങ്ങ്സ് വുഡ് ഗവൺമെന്റ് സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ. കൂട്ടായ്മ പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, ട്രഷറർ ചെറിയാൻ മാത്യു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സുനിതാ സുരേഷിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ കമ്മിറ്റിയംഗമായ അജി ടി. ജെ. സ്വാഗതം ആശംസിച്ചു. ജെയ്മോൻ ജോസഫ് ഓണസന്ദേശം നൽകി. തുടർന്ന് കാണികളെ മുഴുവൻ അത്ഭുതത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിൽ എത്തിച്ച് തോമസ് കുരുവിള അവതരിപ്പിച്ച ‘മാജിക് ഷോ’ , ഓണപ്പാട്ടുമായി എത്തിയ ജോയി ജേക്കബ്, അലക്സ് ജെമിനി തരകൻ എന്നിവർ വേദിയെ ഉണർത്തി.

തിരുവാതിര, കേരളീയം ഡാൻസ്, ഡ്രാമ, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, ഹാസ്യാവിഷ്കാരം, കേരളീയ ഗാനങ്ങൾ എന്നിവയുമായി നിരവധി പ്രതിഭകൾ രംഗത്തെത്തി. മീര ജോയി, മഞ്ജു സുരേഷ്, ലക്ഷ്മി സുജിത്, സാജമ്മ ബെന്നി, നമിതാ സതീഷ് എന്നിവർ വിവിധ പരിപാടികൾക്ക് കോറിയോഗ്രാഫി നിർവ്വഹിച്ചു.

അസുരവാദ്യത്തിന്റെ മേളപ്പെരുക്കവുമായി എത്തിയ ഇന്തോ– ഓസി റിഥത്തിന്റെ ചെണ്ടമേളത്തിനൊപ്പം കേരളീയ മങ്കമാരുടെയും ബാലികാ ബാലന്മാരുടെയും അകമ്പടിയോടെ മാവേലി വേദിയിലെത്തി എല്ലാവരെയും സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് വേദിയിൽ അവതരിപ്പിച്ച ‘ശിങ്കാരി മേളം’ ആഘോഷ വേളയ്ക്ക് ഉത്സവഛായ പകർന്നു.

ppp

പരമ്പരാഗതമായ ചിട്ടവട്ടങ്ങളോടെ തന്നെ 550 തോളം പേർ പങ്കെടുത്ത വിഭവ സമൃദ്ധമായ ഓണസദ്യ നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുളള സമ്മാനദാനം, സദ്യവട്ടത്തിനുശേഷം നടത്തിയ വിനോദ പരിപാടികൾ എല്ലാം തന്നെ കൂട്ടായ്മയുടെ ഉത്സവമായിരുന്നു.

ആഘോഷ പരിപാടികൾക്ക് സുരേഷ് പൂക്കോട്ട്, ഷിബു മാളിയേക്കൽ, ജോബി അലക്സ്, ജോയി ജേക്കബ്, റിഥോയി പോൾ, ജിനു വർഗീസ്, പ്രവീൺ അധികാരം എന്നിവർ നേതൃത്വം നൽകി. കേരളീയ സംസ്കാരത്തിന്റെ ലാളിത്യവും ജാതിമത വർണ്ണ ഭേദങ്ങൾക്കപ്പുറം മനുഷ്യനെല്ലാം ഒന്നാണെന്ന സന്ദേശം വരും തലമുറയ്ക്ക് പകരാനും കേരളത്തിനപ്പുറം, കേരളീയ കലകളുടെ വികാസത്തിനുമുളള വേദിയായി കഴിഞ്ഞിരിക്കുന്നു.

വാർത്ത ∙ ജോഗേഷ് കാണക്കാലിൽ
 

Your Rating: