Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ഭീഷണി കൂട്ടായി നേരിടണം: ഏഷ്യന്‍-ആഫ്രിക്കന്‍ ഉച്ചകോടി

Asian-African Conference ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രസംഗിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ.

ജക്കാര്‍ത്ത . ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അതീവ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, ഭീകരവാദത്തെയും കടല്‍ക്കൊള്ളയെയും നേരിടാന്‍ കൂട്ടായനീക്കം വേണമെന്ന് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയുടെ ആഹ്വാനം. പുതിയൊരു ലോകക്രമത്തിനായി യുഎന്‍ നിയമങ്ങളുടെ പരിഷ്കരണവും ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

വ്യാപകമായ തീവ്രവാദവും ഭീകരവാദവും ഇപ്പോഴത്തെ പ്രധാന സുരക്ഷാവെല്ലുവിളിയാണ്. ഏഷ്യയുടെയും ആഫ്രിക്കയുടെയും പല പ്രദേശങ്ങളും ഇതിന്റെ ഇരയാണ്. ലോകസംസ്കാരത്തിനു വെല്ലുവിളിയായ ഐഎസിനെ ഒരുമിച്ചു ശക്തമായി നേരിടണമെന്നും സുഷമ സ്വരാജ് പറഞ്ഞു.

കാലിന് പരുക്കേറ്റതിനാല്‍ സുഷമ സ്വരാജ് ഇരുന്നാണ് ഉച്ചകോടിയെ അഭിസംബോധന ചെയ്തത്. കടല്‍ക്കൊള്ള അടക്കമുള്ള പുതിയ വെല്ലുവിളികളെ നേരിടാനും അടിയന്തര ഇടപെടല്‍ വേണമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രം അതിവേഗം വളരുന്ന വാണിജ്യപാതയാണ്. കടല്‍വഴി വാണിജ്യം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കേ കടല്‍സുരക്ഷയ്ക്ക് അതീവ പ്രധാന്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി യുഎന്നിന്റെയും സുരക്ഷാസമിതിയുടെയും നിലവിലെ ചട്ടങ്ങള്‍ നവീകരിക്കാനും ശ്രമം ഉണ്ടാകണം.

ഭീകരവാദത്തെ തള്ളിയും പരസ്പര സഹകരണം ഉൌട്ടിയുറപ്പിച്ചും ഉച്ചകോടിയില്‍ അവതരിപ്പിച്ച രണ്ടു പ്രമേയങ്ങളില്‍ വിവിധ രാജ്യങ്ങള്‍ ധാരണയിലെത്തി. ഇന്നു നടക്കുന്ന രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ ഇൌ പ്രമേയങ്ങള്‍ പാസാക്കും. നാളെ പലസ്തീന്‍ സ്വാതന്ത്യ്രത്തിനു പിന്തുണ നല്‍കുന്ന മൂന്നാമത്തെ പ്രമേയവും അവതരിപ്പിക്കും.

ശീതയുദ്ധകാലത്ത് ചേരിചേരാപ്രസ്ഥാനത്തിന്റെ ആണിക്കല്ലായിത്തീര്‍ന്ന 1955ലെ ഏഷ്യന്‍-ആഫ്രിക്കന്‍ സമ്മേളനത്തിന്റെ അറുപതാമതു വാര്‍ഷികത്തിന്റെ ഭാഗമായാണ് ജക്കാര്‍ത്ത ഉച്ചകോടി. 50 രാജ്യങ്ങളും 23 രാഷ്ട്രത്തലവന്‍മാരും പങ്കെടുക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.