Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഖ്വി ജയില്‍ മോചിതനായി; കരുതലോടെ ഇന്ത്യ

lakhvi

ലഹോര്‍ /ന്യൂഡല്‍ഹി . മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്കറെ തയിബ കമാന്‍ഡര്‍ സാക്കിയുറഹ്മാന്‍ ലഖ്വി (55) ആറുവര്‍ഷത്തിനു ശേഷം ജയില്‍മോചിതനായി. ലഖ്വിയെ തടവില്‍ വച്ചിരിക്കുന്നത് അനധികൃതമാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ലഹോര്‍ ഹൈക്കോടതി ജഡ്ജി മുഹമ്മദ് അന്‍വറുള്‍ ഹഖ് വ്യാഴാഴ്ച വിധിച്ചിരുന്നു. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ ലഖ്വി പുറത്തിറങ്ങി.

ലഖ്വിയുടെ ജയില്‍മോചനം ഇന്ത്യയ്ക്കുനേരെ പാക്ക് മണ്ണില്‍ നിന്നുള്ള ഭീകരനീക്കങ്ങള്‍ക്ക് ഉൌര്‍ജം പകരുമെന്ന് ഇന്ത്യന്‍ സുരക്ഷാഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ വന്‍ ഭീകരാക്രമണം നടത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും ലഖ്വിയുടെ അനുഭവപരിചയം ഇക്കാര്യത്തില്‍ പാക്ക് സംഘങ്ങള്‍ക്കു സഹായമാകുമെന്നും സുരക്ഷാഏജന്‍സികള്‍ വിലയിരുത്തുന്നു. ലഖ്വിയെ ഏതുവിധേനയും ജയിലിനു പുറത്തെത്തിക്കാന്‍ മൂന്നുമാസമായി പാക്കിസ്ഥാനിലെ ഒരു വിഭാഗം ശ്രമിക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ടുണ്ട്.

ലഖ്വിയുടെ മോചനം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കളോടുള്ള നിന്ദയും ഭീകരപ്രവര്‍ത്തനം തടയുമെന്നു പാക്കിസ്ഥാന്‍ നല്‍കിയ ഉറപ്പുകളുടെ ലംഘനവുമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ലഖ്വിയുടെ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ണായക രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പാക്ക് അധികൃതര്‍ തയാറാകാതിരുന്നതിനെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രൂക്ഷമായി വിമര്‍ശിച്ചു.

166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ലഖ്വിയെ 2008 ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്. ലഖ്വിക്കെതിരെ മുംബൈ ആക്രമണത്തിനു പുറമേ മറ്റു ചില കേസുകളും ചുമത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ 132 കുട്ടികള്‍ കൊല്ലപ്പെട്ട പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തിന്റെ രണ്ടാംദിവസം ലഖ്വിക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.

പെഷാവര്‍ ആക്രമണത്തിനു തൊട്ടുപിന്നാലെ ലഖ്വിയെ മോചിപ്പിക്കുന്നത് ഭീകരതയ്ക്കെതിരായ പാക്ക് നടപടികളുടെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുമെന്നു കണ്ടു കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. ഇങ്ങനെ തടവില്‍ വയ്ക്കുന്നതു നിയമവിരുദ്ധമാണെന്നാണു കോടതി വ്യാഴാഴ്ച വിലയിരുത്തിയത്. റാവല്‍പിണ്ടിയിലെ അട്യാല ജയിലില്‍ നിന്നിറങ്ങിയ ലഖ്വി എവിടേക്കാണു പോയതെന്നു വ്യക്തമല്ല.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer