Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ ജോസഫ് സ്രാമ്പിക്കലിന് പ്രാർത്ഥനയും പിന്തുണയുമായി സ്കോട്ട്ലന്റിലെ മെത്രാന്മാർ

WITH-BISHOP-OF-MOTHERWELL

പ്രസ്റ്റൺ∙ പ്രസ്റ്റൺ ആസ്ഥാനമാക്കിയുളള സിറോ മലബാർ സഭയുടെ ‘ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായിരിക്കുന്ന മാർ ജോസഫ് സ്രാമ്പിക്കലിന് സ്കോട്ട്ലന്റിലെ മെത്രാന്മാരുടെയും വൈദികരുടെയും വിശ്വാസികളുടെയും പൂർണ്ണ പിന്തുണയും പ്രാർത്ഥനയും.

സ്കോട്ടിഷ് ബിഷപ്പ് കൗൺസിലിന്റെ പ്രസിഡന്റും ഗ്ലാസ്ഗോ മെത്രാപ്പൊലീത്തൻ ആർച്ച് ബിഷപ്പുമായ ഫിലിപ്പ് തർത്താഗ്ലിയയെയും വൈസ് പ്രസിഡന്റ് മദർവെൽ രൂപതാ മെത്രാനുമായ ജോസഫ് പോളിനെയും നേരിൽ കണ്ട് പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചു. മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായിരിക്കുന്ന റവ. ഫാ. ഫാൻസുവാ പത്തിലും സ്കോട്ട്ലന്റിൽ സേവനം ചെയ്യുന്ന വൈദികരും സ്കോട്ടിഷ് ബിഷപ്പുമാരെ കാണാനെത്തിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടനിൽ സിറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ വലിയ ഉന്മേഷത്തിനും വിശ്വാസ വളർച്ചയ്ക്കും കാരണമാകുമെന്ന് ആർച്ച് ബിഷപ്പ് ഫിലിപ്പ് തർത്താഗ്ലിയ പ്രത്യാശ പ്രകടിപ്പിച്ചു. പരസ്പരം ഉൾക്കൊണ്ടും സഹകരിച്ചും വളരാനുളള അവസരമാണ് സിറോ മലബാർ സഭയുടെ ബ്രിട്ടനിലെ സാന്നിധ്യത്തിലൂടെ സാധിക്കുന്നതെന്ന് മാർ സ്രാമ്പിക്കലും പ്രതികരിച്ചു. ഇന്നലെ ഗ്ലാസോഗോയിലും എഡിൻബർഗിലും സന്ദർശനം നടത്തിയ മാർ സ്രാമ്പിക്കൽ അബർഡീനിലും സൻസിയിലും മെത്രാന്മാരുമായി കൂടിക്കാഴ്ചകൾ നടത്തും.

WITH-BISHOP-OF-GLASGOW

മാർ ജോസഫ് സ്രാമ്പിക്കലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായിരിക്കുന്ന റവ. ഫാ. ഫാൻസുവാ പത്തിൽ ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്. റോമിലെ കൊളേജിയോ ഉർബാനോയിൽ ഈ വർഷം വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം ഈ മാസം 5നാണ് പുരോഹിതനായി അഭിഷിക്തനായത്. മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഫാ. ഫാൻസുവായുടെ സേവനം പുതിയ രൂപതയ്ക്ക് മുതൽക്കൂട്ടാകും.

അതേസമയം, മാർ സ്രാമ്പിക്കൽ യുകെയിലെത്തിയതോടെ മെത്രാഭിഷേക ഒരുക്കങ്ങൾ ദ്രുതഗതിയിലായിട്ടുണ്ട്. മെത്രാഭിഷേകത്തിന്റെയും സ്ഥാനാരോഹണത്തിന്റെയും വി. കുർബാനയുടെയും പ്രാർഥനാ ഭാഗങ്ങൾ ഉൾകൊളളിച്ച് പങ്കെടുക്കാനെത്തുന്ന എല്ലാവർക്കും നൽകാനുളള പ്രത്യേക ടെക്സ്റ്റ് തയാറായിക്കൊണ്ടിരിക്കുന്നു. രൂപതാ ഉദ്ഘാടനത്തിന്റെയും മെത്രാഭിഷേകത്തിന്റെയും സുഗമമായ നടത്തിപ്പിനായി കമ്മറ്റികളെല്ലാം വലിയ ഉത്സാഹത്തോടെ പ്രവർത്തിച്ചുവരുന്നതായി ജനറൽ കൺവീനർ ഫാ. തോമസ് പാറയടിയിലും ജോയിന്റ് കൺവീനർ ഫാ. മാത്യു ചൂരപൊയ്കയിലും അറിയിച്ചു.

വാർത്ത∙ഫാ. ബിജു കുന്നയ്ക്കാട്ട് 

Your Rating: