Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ സ്രാമ്പിക്കലിനു ലണ്ടനിൽ ഊഷ്മള സ്വീകരണം

srambikal-reception

ലണ്ടൻ∙ ബ്രിട്ടനിലെ സിറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ വിവിധ രൂപതാ സന്ദർശനങ്ങളുടെ ഭാഗമായി ഇന്നലെ ലണ്ടനിലെത്തി. ഇന്നും വരും ദിവസങ്ങളിസുമായി ലണ്ടൻ നഗരത്തിലും സമീപ പട്ടണങ്ങളിലുമുള്ള രൂപതകളിലും പള്ളികളിലും സന്ദർശനം നടത്തുന്ന ബിഷപ് വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലെ കർദിനാൾ ഉൾപ്പെടെയുള്ള വിവിധ സഭാ മേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തും.  

രണ്ടാഴ്ചമുമ്പ് യു.കെ.യിലെത്തിയ ബിഷപ് ആദ്യമായാണ് ലണ്ടനിലെ വിശ്വാസികളെ കാണാനെത്തുന്നത്. ബ്രൻറ് വുഡ്  രൂപതയുടെ കീഴിലുള്ള സിറോ മലബാർ ചാപ്ലൈൻസിയിലെ വിവിധ മാസ് സെന്ററുകളിൽനിന്നുള്ള വിശ്വാസികൾ ചേർന്ന് വാൽത്തംസ്റ്റോയിൽ ഇന്ന് ബിഷപ്പിന് സ്വീകരണം നൽകും. വാൽത്തംസ്റ്റോ ഔർ ലേഡി ആൻഡ് സെന്റ് സെന്റ് ജോർജ് പള്ളിയിൽ വൈകിട്ട് 5.30നാണ് സ്വീകരണം. സിറോ മലബാർ ബ്രൻറ് വുഡ് രൂപതാ ചാപ്ലൈൻ ഫാ. ജോസ് അന്ത്യാംകുളം സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകും. തുടർന്നു പള്ളിയിൽ നടക്കുന്ന മരിയൻ ദിനാചരണത്തിലും എണ്ണനേർച്ച ശുശ്രൂഷയിലും ബിഷപ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും.

srambikal-reception2

ഒക്ടോബർ 9നു പ്രസ്റ്റണിൽ നടക്കുന്ന രൂപതാ സ്ഥാപനത്തിനും മെത്രാഭിഷേക ചടങ്ങുകൾക്കും വിശ്വാസികളെ നേരിട്ട് ക്ഷണിക്കുകയാണ് രണ്ടാഴ്ചയായി അദ്ദേഹം വിവിധ രൂപതകളിൽ നടത്തുന്ന സന്ദർശനത്തിന്റെ ലക്ഷ്യം. രൂപതാധ്യക്ഷന്മാരെയും വൈദികരെയും നേരിൽക്കാണുന്ന അദ്ദേഹം  ഭാവി പ്രവർത്തനങ്ങൾക്കുള്ള സഹകരണവും അഭ്യർഥിക്കുന്നുണ്ട്.
ബർമിംങ്ഹാം, ലാങ്കാസ്റ്റർ രൂപതകളിലെ സന്ദർശനത്തിനുശേഷം ഫാ. സോജി ഓലിയ്ക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘’സെഹിയോൻ യു.കെ’’. ധ്യാനകേന്ദ്രവും സന്ദർശിച്ച ശേഷമാണ് ഇന്നലെ ബിഷപ് ലണ്ടനിലെത്തിയത്.

ഉച്ചയ്ക്ക് ലണ്ടനിലെത്തിയ ബിഷപിനെ സിറോ മലബാർ സഭയുടെ ബ്രിട്ടനിലെ കോ-ഓർഡിനേറ്റർ കൂടിയായ ഫാ. തോമസ് പാറയടിയിൽ സ്വീകരിച്ചു. തൂടർന്ന്  സൗത്ത് വാർക്ക് അതിരൂപതാ ചാപ്ലൈൻ ഫാ. ഹാൻസ് പുതിയകുളങ്ങരയോടൊപ്പം  ലീ, കാറ്റ്ഫോർഡ്, ബ്രോംലി, ഡാർട്ട്ഫോർഡ്, ടോൾവർത്ത്, തോൺടൺ ഹീത്ത്, മോഡൻ, സൌത്ത് ബൊറോ, ജില്ലിംങ്ഹാം എന്നിവിടങ്ങളിൽ സഭാംഗങ്ങളുമായി ബിഷപ് കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആഷ്ഫോർഡ് ഇന്റർനാഷണലിലെ സെന്റ് തെരേസാസ് പള്ളിയിലെത്തിയ എത്തിയ ബിഷപ്പിനെ വികാരി ഫാ. മൈക്കിൾ ലവൽ സ്വീകരിച്ചു.

ബ്രൈറ്റൺ രൂപതാ ചാപ്ലൈൻ ഫാ. ബിനോയ് നിലയത്തിങ്കലിനോടൊപ്പം അവിടെയും വിവിധ സ്ഥലങ്ങളിൽ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയശേഷം രാത്രി എൻഫീൽഡിലെത്തിയ ബിഷപ്പിനെ  ഫാ. സെബ്സ്റ്റ്യാൻ ചാമക്കാലുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ബ്രൻറ് വുഡ് രൂപതയിലും വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലുമാണ് ഇന്നത്തെ സന്ദർശന പരിപാടികൾ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.