Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർ സ്രാമ്പിക്കൽ ന്യൂകാസിലിൽ

srampicakl01

ന്യൂകാസിൽ∙സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർ സ്രാമ്പിക്കൽ ഇന്നലെ ന്യൂകാസിലിൽ സന്ദർശനം നടത്തി. തുടർച്ചയായ ദിവസങ്ങളിലെ വിശ്രമമില്ലാത്ത യാത്രകളിലും തളരാതെ നിയുക്ത ഇടയൻ. മെത്രാഭിഷേകത്തിന് ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു മുൻപായി നടക്കുന്ന പ്രാഥമിക സന്ദർശന പരിപാടിയുടെ ഭാഗമായി ഇന്നലെ ന്യൂകാസിൽ പ്രദേശങ്ങളിലാണ് മാർ സ്രാമ്പിക്കൽ പര്യാടനം നടത്തിയത്. നിറഞ്ഞ പുഞ്ചിരിയുമായി തങ്ങളുടെ അരികിലെത്തിയ പുതിയ ഇടയനെ ന്യൂകാസിൽ സിറോ മലബാർ ചാപ്ലയൻസിയുടെ ആത്മീയ ഇടയൻ റവ. ഫാ. സജി തോട്ടത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് വംശജരായ വൈദികരും നിരവധി അൽമായരുമുൾപ്പെടെ സ്നേഹാദരവുകളോടെ സ്വീകരിച്ചു.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ സന്ദർലാൻഡിൽ എത്തിച്ചേർന്ന മാർ സ്രാമ്പിക്കലിനെ ഫാ. മൈക്കിൾ മക്കോയ് സ്വീകരിച്ചു. സന്ദർലാന്റ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടക്കുന്ന 24 മണിക്കൂർ ആരാധനാ ശുശ്രൂഷയിലും മാർ സ്രാമ്പിക്കൽ പങ്കുചേർന്നു. തുടർന്ന് സന്ദർലാന്റിലെ സെന്റ്. അൽഫോൺസാ സിറോ മലബാർ കമ്മ്യൂണിറ്റിയിലെ കമ്മിറ്റിയംഗങ്ങളെ കണ്ട് ഇടവകയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

srampicakl

ജന്മദിനമാഘോഷിക്കുന്ന ന്യൂകാസിൽ സെന്റ് റോബർട്ട് ആന്റ് ഇംഗ്ലീഷ് മാർട്ടിസ് ദേവാലയ വികാരി റവ. ഫാ. ഷോൺ ഒനീസിനെ സന്ദർശിച്ച് ആശംസകളർപ്പിച്ച പുതിയ ഇടൻ, രോഗബാധിതരായി ഭവനത്തിൽ വിശ്രമത്തിലായിരിക്കുന്ന ചില വ്യക്തികളെ സന്ദർശിച്ച് ആശംസിക്കാനും പ്രാർഥിക്കാനും സമയം കണ്ടെത്തി. തുടർന്ന് വി. കുർബാനയർപ്പിച്ചശേഷം സെന്റ് തോമസ് സിറോ മലബാർ, ന്യൂകാസിൽ കൂട്ടായ്മയോട് സംസാരിച്ചു. രാത്രി 10.30 ഓടുകൂടി ഫാ. അസ്രിയാൻ ഡിക്സനെ സന്ദർശിച്ച് മൂന്നാംദിന സന്ദർശന പരിപാടികൾ പൂർത്തിയാക്കി.

തുടർച്ചയായ യാത്രകളുടെ ക്ഷീണം അലട്ടുന്നുണ്ടെങ്കിലും പുഞ്ചിരിയോടും സ്നേഹത്തോടും കൂടെ തന്നെ സ്വീകരിക്കുന്ന സഭാ മക്കളെ കാണുമ്പോൾ തന്റെ ക്ഷീണവും മടുപ്പുമെല്ലാം മറക്കുകയാണെന്ന് നിയുക്ത ഇടയൻ പറഞ്ഞു. മെത്രാഭിഷേകത്തിനു മുൻപ് തന്നെ തങ്ങളുടെ വലിയ ഇടയനെ നേരിട്ടു കാണാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഓരോ സ്ഥലത്തും വിശ്വാസികൾ. അതോടൊപ്പം ഇംഗ്ലീഷ് വൈദികർക്ക് സിറോ മലബാർ സഭയോടും സിറോ മലബാർ വിശ്വാസികളോടുമുളള വലിയ സ്നേഹം മനസ്സിലാക്കാൻ ഈ യാത്രകളിലുടനീളം സാധിക്കുന്നുവെന്ന് മാർ സ്രാമ്പിക്കൽ സൂചിപ്പിച്ചു. ഇന്നു ലീഡ്സ് രൂപതയിലാണ് മാർ സ്രാമ്പിക്കൽ സന്ദർശനം നടത്തുന്നത്.

വാർത്ത.∙ഫാ. ബിജു ജോസഫ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.