Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മയാണമ്മ

ആയിരം വാക്കുകൾ പകരമാകില്ല
അതിസ്നേഹം പകർന്ന പെറ്റമ്മയോളം
താങ്ങും തണുപ്പും ആവോളം ഏകുന്ന
ഒരു തണല്മരമാണല്ലൊ പെറ്റ അമ്മ
അഭയം തിരക്കുമ്പോൾ അലിവോടെ മടി
ചായ്ച്ചു നല്കുന്ന അഭയസങ്കേതം അമ്മ
കഠിനമാം വഴികളിൽ കൈചേർത്ത്
നിർത്തുന്ന കനിവിന്റെ കനിമധുരമമ്മ
ഉണ്മയാണുലകിന്റെ സ്പന്ദമാണുൾക്കാമ്പു
നിറയെ തുളുമ്പുന്ന സ്നേഹമാണ്
തലചേർത്തു നെഞ്ചിലെ ദുഖങ്ങളകലുവാൻ
ഒരു ദൈവമുളേളക ക്ഷേത്രം അമ്മ
അതുലം ആശ്ലേഷഭാവങ്ങളാൽ
ആല്മാവിനാഴങ്ങളിൽ ചേർന്ന് നിൽക്കുമമ്മ
സാന്ത്വനം ആകുന്നു ശക്തിയാകുന്നമ്മ
നിഷ്ഠയായ് കർമ്മങ്ങളേറ്റെടുത്ത്
പ്രാണനെക്കാളും പ്രാണനായ് ഉടലിൽ
ഉയിർകൊണ്ട ജന്മത്തെ കാക്കുമമ്മ
പൊക്കിളിൽ തൊട്ട ബന്ധങ്ങളെ
വേർപെട്ടുപോകാതെ കോർക്കുന്ന നന്മയമ്മ
കുഞ്ഞായിരിക്കും അമ്മയ്ക്ക് മക്കൾ കാലം
എത്ര ഉയരങ്ങൾ വളർത്തിയാലും
അമ്മ എന്നൊരു വാക്ക് ഒരൊറ്റ വാക്കതിനോപ്പം
അമ്മയെന്നൊരു വാക്ക് മാത്രം
പകരമായില്ല മറ്റൊരു വാക്ക് പോലും
പാൽമണം തൂകുന്ന സ്നേഹമായി

വാക്കുച്ചരിക്കും കുരുന്നിനോടെത്രയോ
വാചാലയാകുന്നു സ്വന്തം അമ്മ
പാൽപല്ലുകാട്ടും കുരുന്നിനോടെത്രയോ വട്ടം
ചിരിക്കുന്നു പെറ്റ അമ്മ
തൻ കുരുന്നോരോ പിച്ചവെയ്ക്കുമ്പോഴും
അമ്മ തൻ ഉള്ളം തുടിക്കും
അർഥം ഗ്രഹിച്ചമ്മ അറിയുന്നു തൻ
കുരുന്നുച്ചരിക്കും വാക്കും ആംഗ്യങ്ങളും
ഗുണപാഠശാലയാണമ്മ അമൂല്യമാം
ആപ്തവാക്യങ്ങളാണല്ലൊ അമ്മ
വീഴാതിരിക്കാൻ കൈ പിടിക്കും വീണുപോയാൽ
തിരുത്തും അത് പാഠമാക്കും
ഈണമാകുന്നമ്മ നാദമാകുന്നമ്മ
നറുവെളിച്ചം പകർന്നേകിടുന്നു
മുന്നിൽ നയിച്ചും പിന്നിൽ നടന്നും
കാവലായ് കൈവിളക്കായിടുന്നു
പടവുകൾ കയറുവാൻ കാലിൻ കരുത്തായ്‌
പകർന്നു നല്കുന്നറിവിൻ ആദ്യാക്ഷരം
എള്ളോളമില്ലില്ല പരിഭവം അമ്മയ്ക്ക്
അറിയുന്നു മക്കൾ തൻ ഉള്ളം അമ്മ

മക്കൾ തൻ ഇഷ്ടങ്ങൾ പറയാതെ
അറിയുന്ന ദൈവമാണൂഴിയിൽ സ്വന്തം അമ്മ
അകക്കണ്ണിൽ അറിയുന്നു അംശമാം മക്കളുടെ
കണ്ണുനീർ കഥകളോരോന്നും അമ്മ
കണ്ണുനീർ ഒരു തുള്ളി അടരുമ്പോൾ കരൾ നൊന്തു
കൈ ചേർത്ത് നിർത്തുന്ന താങ്ങതമ്മ
വാക്കുകൾക്കപ്പുറം വരകൾക്കുമപ്പുറം
പൊക്കിളിൽ ചേരുന്ന ആൽമബന്ധം
തീർക്കുവാനാകാത്തൊരായിരം കടമ തൻ
തീരാത്ത കണ്ണിയാണെന്നും അമ്മ
ആയിരം വാക്കുകൾ പകരമാകില്ല
അതിസ്നേഹം പകർന്ന പെറ്റമ്മയോളം
തലചേർത്തു നെഞ്ചിലെ ദുഖങ്ങളകലുവാൻ
ഒരു ദൈവമുളേളക ക്ഷേത്രം അമ്മ  

Your Rating: