Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ആദ്യമായി വിജയസാധ്യതയുള്ള വനിതാ പ്രസിഡന്റ് സ്ഥാനാർഥി

Hillary Clinton

വൈകിയാലും വരുമോ വനിത ?

ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പെൺപാവക്കുട്ടിയാണ് ബാർബി. സുന്ദരികളായ ബാർബിഡോളുകൾ സ്വന്തമാക്കാൻ കൊതിക്കാത്ത കുട്ടികളുണ്ടാവില്ല. പല പുരുഷമേഖലകളിലും ആദ്യമായി പെൺപാവകൾ വന്നത് ബാർബിയിലൂടെയാണ്. 1965ൽ ആദ്യമായി വനിതാ ബഹിരാകാശ സഞ്ചാരിയായി ബാർബിഡോൾ വന്നു. 1973ൽ സർജന്റെ വേഷത്തിൽ ബാർബിക്കുട്ടിയെത്തി. എന്നാൽ, പിന്നെയും പതിറ്റാണ്ടുകൾക്കു ശേഷമാണ് രാഷ്ട്രീയക്കാരിയായി ഒരു ബാർബി വരുന്നത്, 1992ൽ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ബാർബി!

പിന്നെയും പതിറ്റാണ്ടുകൾ കടന്ന്, അമേരിക്കയ്ക്ക് വിജയസാധ്യതയുള്ള ഒരു യഥാർഥ വനിതാ പ്രസിഡന്റ് സ്ഥാനാർഥിയെ കിട്ടിയിരിക്കുന്നു – ഡമോക്രാറ്റിക് പാർട്ടിയുടെ ഹിലറി ക്ലിന്റൻ. യുഎസിലെ പ്രമുഖ പാർട്ടികളുടെ ആദ്യത്തെ വനിതാ സ്ഥാനാർഥി.

എട്ടു വർഷം മുൻപേ ഈ ചരിത്രം കുറിക്കപ്പെടേണ്ടതായിരുന്നു. അന്ന് ഡമോക്രാറ്റുകൾ അഭിമുഖീകരിച്ചത് ഒരു ചരിത്രസന്ധിയായിരുന്നു. ആദ്യമായി ഒരു കറുത്തവർഗക്കാരൻ പ്രസിഡന്റാകണോ, ആദ്യമായി ഒരു വനിതാ പ്രസിഡന്റ് വേണോ എന്ന ചോദ്യം. അന്ന്, ബറാക് ഒബാമയെ തിരഞ്ഞെടുത്ത ഡമോക്രാറ്റുകൾ ഹിലറി ക്ലിന്റനോട് സോറി പറഞ്ഞു. ഒബാമ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച്, അമേരിക്കയുടെ ആദ്യത്തെ ആഫ്രിക്കൻ – അമേരിക്കൻ പ്രസിഡന്റുമായി. അതേ ഒബാമയുടെ രണ്ടാം ഭരണകാലവും കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പു വരുമ്പോഴാണ് അതേ ഹിലറി ക്ലിന്റൻ ഡമോക്രാറ്റ് സ്ഥാനാർഥിയാകുന്നത്.
പക്ഷേ, അമേരിക്ക അതിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റിനെ ഇത്തവണ തിരഞ്ഞെടുക്കുമോ?

രാഷ്ട്രീയനിരീക്ഷകർ ഒന്നും ഉറപ്പിച്ചു പറയുന്നില്ല, അഭിപ്രായ സർവേകളുടെ ഫലം മാറി മറിയുന്നുണ്ട്. അതിൽത്തന്നെ ഹിലറിയും എതിരാളി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപുമായി നിസാരമായ വോട്ടുവ്യത്യാസമേ കാണാനുമുള്ളൂ.
2008ൽ സ്ഥാനാർഥിത്വം ലഭിച്ചിരുന്നുവെങ്കിൽ വൈറ്റ് ഹൗസിലേക്കുള്ള വഴി ഹിലറിക്ക് ഒരുപക്ഷേ, കൂടുതൽ സുഗമമായിരുന്നേനെ. 2016ലെ യുഎസ് രാഷ്ട്രീയം പക്ഷേ വേറൊന്നാണ്. ഭീകരത, സുരക്ഷ, സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റം, അഭയാർഥി പ്രശ്നം, തൊഴിലില്ലായ്മ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്കിടയിൽ നട്ടം തിരിയുന്ന യുഎസിലെ മധ്യവർഗത്തിന്റെ തീരുമാനം അവ്യക്തമാണ്.
വനിതാ പ്രസിഡന്റിനെ വേണോ എന്നു ചോദിച്ചാൽ ഭൂരിഭാഗം അമേരിക്കക്കാരും വേണം എന്നു തന്നെ പറയും.
കഴിഞ്ഞമാസം സിബിഎസ് ന്യൂസ് നടത്തിയ സർവേയിൽ അഞ്ചിൽ നാല് അമേരിക്കക്കാരും വനിതാ പ്രസിഡന്റ് വരുന്നത് അനുകൂലിച്ചു. 76 ശതമാനം പുരുഷൻമാരും അനുകൂലികളാണ്. പക്ഷേ, ട്രംപ്–ഹിലറി മൽസരത്തിന്റെ കാര്യം വരുമ്പോൾ ഹിലറിക്ക് അത്രയ്ക്കു പിന്തുണ സർവേകളിൽ കാണുന്നില്ല. അപ്പോൾ കടുത്ത മൽസരം!

വൈകിയോടുന്ന വണ്ടി

വികസിത രാജ്യങ്ങളിൽ വനിതയെ രാഷ്ട്രനേതാവായി സ്വീകരിക്കുന്ന കാര്യത്തിൽ വൈകിയോടുന്ന വണ്ടിയാണ് യുഎസ്. ഇസ്രയേലിൽ 1969ൽ ഗോൾഡാമെയറും ബ്രിട്ടനിൽ 1979 ൽ മാർഗരറ്റ് താച്ചറും പ്രധാനമന്ത്രിമാരായി.
കാനഡയിൽ കിം കാംപ്ബെൽ (1993) ജർമനിയിൽ അംഗല മെർക്കൽ (2005) ഓസ്ട്രേലിയയിൽ ജൂലിയ ഗില്ലർഡ് (2010) എന്നിവരും ഭരണത്തലപ്പത്തെത്തി. ഫ്രാൻസിൽ എഡിത്ത് ക്രസൺ 1991ൽ പ്രധാനമന്ത്രിയായി. 2007ൽ ആദ്യമായി ഒരു വനിത അവിടെ പ്രമുഖ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി മൽസരിച്ചു– സെഗലെൻ റോയൽ.

അമേരിക്ക ജനാധിപത്യം സ്വീകരിച്ചു പതിറ്റാണ്ടുകൾക്കു ശേഷം സ്വാതന്ത്ര്യം നേടിയ ഇന്ത്യക്കു പോലും വനിതാ പ്രധാനമന്ത്രിയും വനിതാ പ്രസിഡന്റുമുണ്ടായി. ശ്രീലങ്കയും പാക്കിസ്ഥാനും ബംഗ്ലദേശും വനിതകൾ ഭരിച്ചു. യുഎസ് മടിച്ചു നിൽക്കുകയായിരുന്നു അപ്പോഴും.

1788–89ലെ ലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പു മുതൽ 1920 വരെ അമേരിക്കയിൽ വനിതകൾക്കു വോട്ടവകാശം തന്നെയുണ്ടായിരുന്നില്ല. അപ്പോഴേക്കും 30 പ്രസിഡന്റുമാർ രാജ്യം ഭരിച്ചു കഴിഞ്ഞിരുന്നു. വോട്ടവകാശം ലഭിച്ച ശേഷവും സ്ത്രീകളുടെ കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. സമീപകാലത്തു കാര്യങ്ങളിൽ മാറ്റമുണ്ടെങ്കിലും ഇനിയും ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട്. ഇന്റർ പാർലമെന്ററി യൂണിയന്റെ കണക്കു പ്രകാരം ദേശീയ ഭരണനിർമാണ സഭയിലെ വനിതകളുടെ ശതമാനക്കണക്കിൽ 96 –ാം സ്ഥാനത്താണ് യുഎസ്. ഇന്ത്യ അതിലും പിന്നിലാണെന്നതു വേറെ കാര്യം – 141–ാം സ്ഥാനം. പക്ഷേ, ഇന്ത്യ വനിതാ സംവരണം നടപ്പാക്കുന്ന കാര്യം ചർച്ച ചെയ്യുന്നെങ്കിലുമുണ്ട്.

ഇടമില്ല, കാലൂന്നാൻ പോലും

മറ്റുമേഖലകളിൽ സ്ത്രീ വിവേചനം താരതമ്യേന കുറവുള്ള രാജ്യമാണ് യുഎസ്. വിദ്യാഭ്യാസം മുതൽ ശാസ്ത്രവും ബിസിനസും വരെ വിജയം നേടിയ ഒട്ടേറെ സ്ത്രീകൾ അവിടെ നിന്നുണ്ടായിട്ടുമുണ്ട്. പക്ഷേ, രാഷ്ട്രീയത്തിലേക്കും ഭരണത്തിലേക്കുമുള്ള ചവിട്ടുപടികളിൽ പോലും സ്ത്രീകൾക്കു കാലുവയ്ക്കാൻ കാര്യമായ അവസരം കിട്ടിയില്ലെന്നതാണു സത്യം. യുഎസ് പ്രസിഡന്റായ 14 പേർ അതിനുമുൻപ് വൈസ് പ്രസിഡന്റുമാരായിരുന്നു. എന്നാൽ, ഒരിക്കൽ പോലും ഒരു വനിതാ വൈസ് പ്രസിഡന്റ് ഉണ്ടായില്ല. രണ്ടു വനിതകളേ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു പ്രമുഖപാർട്ടികളുടെ നോമിനേഷൻപോലും നേടിയിട്ടുള്ളൂ – 1984ൽ ജെറാൾഡിനോ ഫെറാരോയും 2008ൽ സാറാ പെയ്‌ലിനും.

പ്രസിഡന്റായ 17 പേർ അതിനുമുൻപ് സംസ്ഥാന ഗവർണർമാരായിരുന്നു. ഇതുവരെ 36 വനിതകൾ ഗവർണർമാരായി. പക്ഷേ, ആരും പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 36 എന്നതു തന്നെ ഗവർണർമാരായ നൂറുകണക്കിനു പുരുഷന്മാരുടെ എണ്ണത്തിനു മുൻപിൽ തുച്ഛമാണ്. 16 പ്രസിഡന്റുമാർ മുൻപ് സെനറ്റർമാരായിരുന്നു. ഇക്കൂട്ടത്തിലും ഹിലറിയൊഴികെ വനിതകളാരും പ്രസിഡന്റാകാൻ പരിഗണിക്കപ്പെട്ടില്ല. ഇപ്പോൾ 20 വനിതാ സെനറ്റർമാരുണ്ട്. അപ്പോഴും 80 % പുരുഷന്മാർ തന്നെ!
കാര്യങ്ങൾ മെച്ചപ്പെട്ടു വരുന്നുണ്ടെങ്കിലും യുഎസ് കോൺഗ്രസിൽ 19.4 % മാത്രമേ ഇപ്പോഴും സ്ത്രീകളുള്ളൂ. സംസ്ഥാനങ്ങളിൽ 24.2 % വനിതാ ജനപ്രതിനിധികൾ മാത്രം. ഗവർണർമാർ വെറും 10 %. അമേരിക്കയിലെ 100 വലിയ നഗരങ്ങളിൽ 19 എണ്ണത്തിലേ വനിതാ മേയർമാരുള്ളൂ. തദ്ദേശ സ്ഥാപനങ്ങളിൽ 50 % വനിതാസംവരണം നടപ്പാക്കിയിട്ടുണ്ട് കേരളം എന്നോർക്കണം!

50 – 50
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ മന്ത്രിസഭയിലെ പകുതിപ്പേർ വനിതകളായിരിക്കുമെന്നു ഹിലറി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് യാഥാർഥ്യമായാൽ ലോകചരിത്രം തന്നെയാകും, ഏറ്റവും കൂടുതൽ വനിതകളുള്ള ഭരണസംവിധാനം. 227 കൊല്ലം അപ്രാപ്യമായിരുന്ന സ്ഥാനത്ത് ആദ്യമായി ഒരു വനിത എത്തുമ്പോൾ അതൊരു കാവ്യനീതിയായി കണക്കാക്കുകയുമാകാം!  

Your Rating: