Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിലറി ജയിച്ചാൽ ക്ലിന്റൺ ഫൗണ്ടേഷൻ വിദേശ ഫണ്ടിങ് സ്വീകരിക്കില്ലെന്ന് ബിൽ ക്ലിന്റൺ

Bill Clinton with Hillary Clinton

ന്യൂയോർക്ക് ∙ ഹിലറി ക്ലിന്റൺ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ക്ലിന്റൺ ഫൗണ്ടേഷൻ വിദേശ കോർപ്പറേറ്റ് ഫണ്ടിങ് സ്വീകരിക്കില്ലെന്നു ബിൽ ക്ലിന്റൺ വെളിപ്പെടുത്തി. മാത്രമല്ല വർഷം തോറും നടത്താറുളള ക്ലിന്റൺ ഗ്ലോബൽ ഇനിഷിയേറ്റീവ് നവംബർ തിരഞ്ഞെടുപ്പ് ഫലം എന്തായാലും തുടർന്നുണ്ടാവുകയില്ല.

മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഈ വെളിപ്പെടുത്തലുകൾ നടത്തിയത് ക്ലിന്റൺ ഫൗണ്ടേഷൻ ജീവനക്കാരുടെ ഒരുയോഗത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുന്നതിനു മുൻപ് പേര് വെളിപ്പെടുത്താനാവാത്ത ഒരു വക്താവാണ് വിവരം നൽകിയത്.

ഫൗണ്ടേഷൻ അതിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും എന്നാൽ പ്രവർത്തന മണ്ഡലം മാറുമെന്നും ക്ലിന്റൺ പറഞ്ഞു. ഇപ്പോൾ എഴുപതിലെത്തിയ ക്ലിന്റൺ ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡിൽ നിന്നൊഴിവാക്കുകയും ഇനി അമേരിക്കൻ പൗരന്മാരിൽ നിന്നും സ്വതന്ത്ര ധർമ്മ സ്ഥാപനങ്ങളിൽ നിന്നും മാത്രം സംഭാവനകൾ സ്വീകരിക്കും.

ഇനി മുതൽ ഒരു വിദേശ അസ്ഥിത്വത്തിൽ നിന്നോ ഗവൺമെന്റിൽ നിന്നോ സ്വദേശ വിദേശ കോർപ്പറേഷനുകളിൽ നിന്നോ, കോർപ്പറേറ്റ് ചാരിറ്റികളിൽ നിന്നോ ധനസഹായം സ്വീകരിക്കില്ല. ക്ലിന്റൺ പ്രതിഫലം വാങ്ങിയുളള പ്രസംഗങ്ങളിൽ നിന്ന് നവംബർ വരെ വിട്ടു നിൽക്കും. ഹിലറി പ്രസിഡന്റായാൽ പിന്നീട് പ്രതിഫലം വാങ്ങി പ്രസംഗങ്ങൾ നടത്തില്ല. ഫൗണ്ടേഷന്റെ സ്റ്റാഫ് മീറ്റിംഗിൽ ക്ലിന്റൺ പറഞ്ഞത് തനിക്കോ തന്റെ മകൾ ചെൽസിക്കോ മേൽ ഇത്തരമൊരു നിലപാട് സ്വീകരിക്കുവാൻ യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ല. എന്നാണ്. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുവാനും ഹിലരി വൈറ്റ് ഹൗസിലേയ്ക്ക് മാറേണ്ടി വന്നാൽ എന്തെങ്കിലും സംശയം ആരിലെങ്കിലും ഉണ്ടാവാതിരിക്കുവാനും ആണ് ഈ തീരുമാനം എടുത്തതെന്നും ബിൽ ക്ലിന്റൺ പറഞ്ഞു.

ഹിലറിയുടെ പ്രചാരണത്തിൽ ഒരു കരി നിഴൽ വീഴ്ത്തിയിരുന്നത് ക്ലിന്റൺ ഫൗണ്ടേഷന്റെ ഭാവി ആയിരുന്നു. ക്ലിന്റൺ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനുശേഷം 2001 ൽ ആരംഭിച്ച വളരെ വ്യാപൃതമായ ചാരിറ്റി ഇതിനകം 2 ബില്യൺ ഡോളറെങ്കിലും ശേഖരിച്ചിട്ടുണ്ടാവും എന്നാണ് കരുതുന്നത്. ആഗോള ആരോഗ്യം കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക വികാസം, സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂടുതൽ അവസരം എന്നിവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ.

2016 ൽ തന്റെ പ്രചരണം തുടരുമ്പോൾ ഹിലറി ഫൗണ്ടേഷന്റെ ബോർഡംഗത്വം രാജിവച്ചെങ്കിലും ക്ലിന്റണും ചെൽസിയും നേതൃസ്ഥാനങ്ങളിൽ തുടർന്നു. ഈ നിലപാട് വിമർശകരിൽ നിന്നും ധാരാളം ചോദ്യങ്ങൾക്ക് കാരണമായി. ഹിലറി ജയിച്ചാൽ അപ്പോഴും ക്ലിന്റണും ചെൽസിയും നേതൃസ്ഥാനങ്ങളിൽ തുടരുമോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

ഫൗണ്ടേഷന് ഫണ്ടുകൾ ലഭിച്ചത് വിദേശ സംഭാവനകളായും ക്ലിന്റൺ കുടുംബത്തിനുളള രാഷ്ട്രീയ സംഭാവനകളായും ആണ്. മറ്റ് സംഭാവനകളും ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യ പോലെയുളള രാജ്യങ്ങളിൽ നിന്ന് സംഭാവനകൾ ലഭിച്ചത് റിപ്പബ്ലിക്കനുകളും പ്രസിഡന്റ് ടിക്കറ്റിനുവേണ്ടി ശ്രമമാരംഭിച്ചപ്പോൾ ചില ഡെമോക്രാറ്റുകളും വിമർശന വിധേയമാക്കി.

റിപ്പബ്ലിക്കനുകൾ പെട്ടെന്ന് പ്രതികരിച്ചു. ഫൗണ്ടേഷൻ ഉടനെ തന്നെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് നിർത്തണം എന്നാവശ്യപ്പെട്ടു. ‘പ്രഖ്യാപനം തികച്ചും അപര്യാപ്തവും വളരെ വൈകിയുളളതുമാണ്. ഹിലറി ക്ലിന്റൺ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഭരിച്ചപ്പോൾ എല്ലാ കാര്യങ്ങളും സുതാര്യമായിരുന്നെങ്കിൽ ഇപ്പോൾ എന്തിനാണ് ഈ മാറ്റം ? ഫൗണ്ടേഷൻ ഉടനെ തന്നെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് നിർത്തുകയും സ്വീകരിച്ച ഓരോ പെനിയും തിരിച്ച് നൽകുകയും വേണം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണം ഹിലറി ആരംഭിച്ച ശേഷം വിദേശ സംഭാവനകൾ സ്വീകരിച്ചത് വ്യത്യസ്ത താൽപര്യങ്ങൾ നിലനിർത്തിയിന് ഉദാഹരണമാണ്. റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർമാൻ റീൻസ് പ്രീബസ് പറഞ്ഞു.

വാർത്ത ∙ ഏബ്രഹാം തോമസ്

Your Rating: