Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഗ്രഹങ്ങളുടെ നിറവിൽ കാനഡ എക്സാർക്കേറ്റ്; യുവജന വർഷാചരണവുമായി മുന്നോട്ട്

canada-exarcate

മിസിസാഗ∙ ‘ഈശോയുടെ കുരിശിലാണ് രക്ഷ’ എന്ന സന്ദേശവുമായി കാനഡയിലെ സിറോ മലബാർ കത്തോലിക്ക സഭയുടെ മിസിസാഗ എക്സാർക്കേറ്റിലെ യുവജനങ്ങൾ സമൂഹമധ്യത്തിലേക്ക്.
അജപാലനവഴിയിൽ കാനഡയിലെ വിശ്വാസികൾക്ക് വെളിച്ചമേകുന്ന എക്സാർക്കേറ്റ് രൂപീകരണത്തിന്റേയും രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകത്തിന്റേയും ഒന്നാം വാർഷികം ആഘോഷിച്ച വേളയിലാണ് മാർപാപ്പയുടെ കാനഡയിലെ പ്രതിനിധി റൈറ്റ് റവ. ലൂയിജി ബൊനാസ്സി യുവജനവർഷം പ്രഖ്യാപിച്ചത്. 2016 ഒക്ടോബർ മുതൽ 2017 ഡിസംബർ വരെയാണ് യുവജനവർഷം. യുവജനശാക്തീകരണത്തിലൂടെ കുടുംബം, സഭ, സമൂഹം എന്നിവയുടെ ശാക്തീകരണമാണ് മുഖ്യ അജണ്ട. റൈറ്റ് റവ. ലൂയിജി ബൊനാസ്സി ആശിർവദിച്ചു കൈമാറിയ തിരുക്കുരിശുമായി യുവജന പ്രതിനിധികൾ ഇനി ഇടവകകളിൽ തീർഥയാത്ര നടത്തി പ്രേഷിതദൗത്യത്തിനു ചൈതന്യം പകരും.

യുവജന കൺവെൻഷൻ, കൃതജ്ഞതാബലി, പൊതുസമ്മേളനം എന്നിവയോടുകൂടിയാണ് കനേഡിയൻ കോപ്റ്റിക് സെന്ററിൽ എക്സാർക്കേറ്റ് ദിനം കൊണ്ടാടിയത്. കാനഡയിലെ എട്ടു പ്രോവിൻസുകളിൽ നിന്നുമുള്ള ഇടവക യുവജന പ്രാതിനിധ്യവും പ്രത്യേകതയായി. യൂത്ത് കൺവൻഷനിൽ ഷിക്കാഗോ രൂപതാ യുത്ത് ഡയറക്ടർ ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, എബിൻ കുര്യാക്കോസ് എന്നിവർ സെമിനാർ നയിച്ചു.

എക്സാർക്കേറ്റ് അദ്ധ്യക്ഷൻ മാർ ജോസ് കല്ലുവേലിയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയിൽ ഷിക്കാഗോ രൂപതാ സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് വചനസന്ദേശം നൽകി. എക്സാർക്കേറ്റിൽ സേവനം ചയ്യുന്ന 12 വൈദികർ സഹകാർമികരായി.

മാർ ജോസ് കല്ലുവേലിയുടെ അദ്ധ്യക്ഷതയിൽചേർന്ന പൊതുസമ്മേളനത്തിൽ അപ്പോസ്തോലിക് നുൺഷ്യോ ലൂയിജി ബൊനാസ്സി നടത്തിയ യുവജന വർഷാചരണ പ്രഖ്യാപനം എക്സാർക്കേറ്റിന്റെ യുവജനമുന്നേറ്റത്തിന് കുതിപ്പേകുന്നതായി.

കുരിശുമായി ലോകം ചുറ്റുകയെന്ന ആഹ്വാനവുമായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ യുവാക്കളിൽ പകർന്ന ആവേശമാണ് അടുത്തവർഷം ഡിസംബർ വരെ നീളുന്ന യുവജന വർഷാചരണത്തിനു പ്രേരകമായതെന്നു മാർ ജോസ് കല്ലുവേലിൽ ചൂണ്ടിക്കാട്ടി. സഭയിലും സമൂഹത്തിലും യുവജനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണിതെന്നും സാമൂഹിക സംഘർഷങ്ങളെ മറികടക്കാൻ അവർക്കു കരുത്തേകുകയാണ് യജ്ഞത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞു. എക്സാർക്കേറ്റിലെ യുവജനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഓരോ ഇടവകയിലും യുവജന സർവേയും നടത്തും.

സ്വന്തമായി ഒരു ദേവാലയം പോലുമില്ലാതെ ഒരുവർഷം മുൻപ് രൂപീകൃതമായ എക്സാർക്കേറ്റിന് ലഭിച്ച ദൈവാനുഗ്രഹങ്ങളുടെ അനുസ്മരണവും നന്ദിപ്രകാശനവുമായി വാർഷികാഘോഷം. മുപ്പത്തയ്യായിരത്തിലേറെ വിശ്വാസികളുള്ള എക്സാർക്കേറ്റിനു ലഭിച്ച അവർണനീയമായ ദൈവീകദാനങ്ങൾ സ്വന്തമായി രണ്ടു ദേവാലയങ്ങൾ, 10 ഇടവക സമൂഹങ്ങൾ, 25 മിഷൻ സമൂഹങ്ങൾ, 22 വൈദികർ, ഒരു കർമ്മലീത്താ സന്യാസിനീ ഭവനം, ഒരു ഡീക്കൻ, ബിഷപ്സ് ഹൗസ്, വൈദിക ഭവനം എന്നിവ എക്സാർക്കേറ്റ് ചാൻസലർ ഫാ. ജോൺ മൈലംവേലിൽ വാർഷിക റിപ്പോർട്ടിൽ വിവരിച്ചത് വിശ്വാസസമൂഹം ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. പാസ്റ്ററൽ കൗൺസിലിനു പുറമെ മതബോധനം, ബൈബിൾ കുടുംബ യുവജന പ്രേഷിതത്വം, കരിസ്മാറ്റിക് നവീകരണം, സാമൂഹിക ക്ഷേമം എന്നിങ്ങനെ പതിനേഴ് പ്രേഷിത മേഖലകൾ രൂപീകരിക്കാനായതും ദൈവജനത്തിന് ആവേശം പകരുന്നതായി.

എക്സാർക്കേറ്റിലെ പ്രവർത്തനങ്ങളും വാർത്തകളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീഡിയ സെന്ററിന്റെയും വെബ്സൈറ്റിന്റെയും ഉദ്ഘാടനം മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു. പ്രവിശ്യാ പാർലമെന്റ് അംഗങ്ങളായ ഹരീന്ദർ തക്കർ എംപിപി സ്മരണികയുടെയും ബോബ് ഡെലനെ എംപിപി രൂപതാ ഡയറക്ടറിയുടെ പ്രകാശനവും നിർവഹിച്ചു. കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റ് റവ. ഫാ. ജോൺ തോമസ് യോഹന്നാൻ, പാസ്റ്ററൽ കൗൺസിൽ അംഗം തോമസ് കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. വികാരി ജനറൽ വെരി റവ. ഫാദർ ജോൺ കുടിയിരുപ്പിൽ സ്വാഗതവും ജനറൽ കൺവീനർ സാബു ജോർജ് നന്ദിയും അർപ്പിച്ചു.

മനോഹരമായ ഗാനങ്ങളിലൂടെ ഗായകസംഘം ചടങ്ങുകൾക്ക് ആത്മീയ ചൈതന്യം പകർന്നു. പ്രോഗ്രാം കോഓർഡിനേറ്റർ ഫാ. തോമസ് വാലുമ്മൽ പരിപാടികൾക്കു നേതൃത്വം നൽകി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.