Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലങ്കരസഭയുടെ വളർച്ചയിൽ അഭിമാനം : പരി. ബാവാ

catholic-day-bava013

ന്യൂയോർക്ക് ∙ മലങ്കര സഭ അമേരിക്കയിൽ നേടിയ വളർച്ചയിൽ ഏറെ അഭിമാനമെന്ന് പരമാധ്യക്ഷൻ പരി. മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ. അമേരിക്കൻ ഭദ്രാസനത്തിലേക്ക് ഓരോ തവണയും വരുമ്പോൾ അഭിമാനം വാനോളം ഉയരുകയാണ്. ഈ ഭദ്രാസനത്തിന്റെ വികസനവും വളർച്ചയും അഭിമാനത്തോടും ആദരവോടും കൂടിയാണ് നോക്കിക്കാണുന്നത്. മലങ്കര സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഭദ്രാസനങ്ങളിൽ ഒന്നായ ഇവിടെ നിങ്ങളെയൊക്കെ കാണുന്നതും മനസ്സിന് ഏറെ സന്തോഷം നൽകുന്ന സംഗതിയാണ്. നോർത്ത് ഈസ്റ്റ് ഭദ്രാസന കാതോലിക്കദിന പിരിവ് ഏറ്റുവാങ്ങി കൊണ്ട് ന്യുയോർക്കിലും ഫിലഡൽഫിയായിലും അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ.

ഇവിടെ മൂന്നു കാര്യങ്ങൾ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. നമ്മുടെ കർത്താവ് സ്വർഗ്ഗാരോഹണം ചെയ്ത് പത്തു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് തോമസ് അപ്പോസ്തോലൻ എ. ഡി. 52 ൽ മലങ്കരയിലേക്ക് വന്നത്. മുപ്പത്തി മൂന്നര വയസ്സിൽ ക്രൂശു മരണം പ്രാപിച്ച് സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടതിനുശേഷം പത്തു വർഷത്തിനകം തോമാ ശ്ലീഹ വന്ന് സുവിശേഷമാകുന്ന വിത്ത് മലങ്കരയിൽ കുഴിച്ചിട്ടു. അതു മലങ്കര സഭ എന്ന സസ്യമായി വളർന്ന് ഇപ്പോഴൊരു മനോഹര തോട്ടമായി നിൽക്കുന്നു. പ്രത്യേകമായി എനിക്ക് പറയാനുളളത് നട്ടടത്ത് ഇത് ഭംഗിയായി വളരുന്നുവെന്നതാണ്. യൂറോപ്പ്, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിങ്ങനെ പലയിടങ്ങളിലും സഭ നശിക്കുകയോ ശുഷ്ക്കമായി പോവുകയോ ചെയ്തിട്ടുണ്ടെങ്കിലും സുവിശേഷം നട്ടിടത്ത് ഇപ്പോഴും സമൃദ്ധമായി വളരുന്നു. അന്നും ഇന്നും നമ്മുടെ പിതാക്കന്മാർ സത്യസന്ധരും കൗശലമില്ലാത്തവരും നേരും നെറിയുമുളളവരായിരുന്നു. നട്ടിടത്ത് തഴച്ചു വളരുന്നുവെന്നത് ഒരു വലിയ ദൈവകൃപ തന്നെയാണ്. പൗലോസ് അപ്പോസ്തോലൻ മൂന്നു മിഷണറി യാത്രകൾ നടത്തിയാണ് മറ്റു പലയിടങ്ങളിലും സഭ നട്ടത്. പക്ഷേ, പലതും ഏറ്റക്കുറച്ചിലുകളനുസരിച്ച് നശിച്ചു പോവുകയാണുണ്ടായത്.

catholic-day-bava01

രണ്ടാമത്തെ കാര്യം, അന്നത്തെ വിശ്വാസത്തിന് കൂടുതലായും കുറവായും ഒന്നുമുണ്ടായിട്ടില്ലെന്നതാണ്. കലർപ്പില്ലാത്ത സ്ഥായിയാ വിശ്വാസമായിരുന്നു അത്. നമ്മുടെ പിതാക്കന്മാർ വേദ പുസ്തകത്തിൽ അധിഷ്ഠിതമായ കാര്യങ്ങൾ വ്യാഖ്യാനിക്കുകയും സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ അത് ലഭ്യമാക്കുകയും ചെയ്തു. ആരാധനയിൽ കൂടിയാണ് ഇത് സാധ്യമാക്കിയത്. ഒന്നാം നൂറ്റാണ്ടിലെ ആരാധന തന്നെയാണ് നാം ഇപ്പോഴും പിന്തുടരുന്നത്. അന്നത്തെ അപ്പം നുറുക്കുന്ന വിശ്വാസമാണ് നമ്മുടെ വിശ്വാസത്തിന്റെ കാതൽ. പരിശുദ്ധന്മാരും മരിച്ചുപോയവരും എല്ലാവരും ചേർന്നു സഭ അന്നും ഇന്നും ഒരു പോലെ. മുന്നോട്ടും ഇതു തന്നെ തുടരും. മറ്റു വിശ്വാസ സംഹിതകൾ ഉളളവർ ഇല്ലേയെന്നു ചോദിച്ചാൽ ഉണ്ട്, ഉണ്ടാവും എന്നതാണ് മറുപടി. പക്ഷേ, നമ്മുടേത് വ്യത്യസ്തമാണ്. വിഭിന്നമാണ്. സത്യവുമാണ്.

മൂന്നാമത്തെ സംഗതി എന്നു പറയുന്നത്, കർത്താവ് പറഞ്ഞു. നിങ്ങൾ പോയി ലോകത്തിന് സാക്ഷികളായി തീരണമെന്ന്. ഇതിനർത്ഥം, പോയി അംഗസംഖ്യ വർദ്ധിപ്പിക്കുക എന്നതല്ല. ജീവിത ശൈലിയിലൂടെ ലോകത്തിന് സാക്ഷികളായി തീരണമെന്നാണ് വിവക്ഷ. മലങ്കര സഭ ഒരു ആഗോള സഭയാണ്. ഒരു കാലത്ത് കേരളത്തിന്റെ നാലതിരുകൾക്കുളളിൽ ഒതുങ്ങി നിന്നിരുന്നു. പിന്നീടത്, ഇന്ത്യയിലെ അതിരുകൾക്കുളളിലായി. അതിനും ശേഷം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിച്ച്, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി. അവിടെയൊക്കെ, പുരാതനമായ കലർപ്പില്ലാത്ത വിശ്വാസത്തിന്റെ സാക്ഷികളായി വ്യാപിച്ചു. ജീവിത ശൈലിയിലെ വ്യതിരക്തതയാണ് ഇതിനു കാരണം. ഇനിയെനിക്ക് പറയുവാനുളളത് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വാങ്ങിക്കുന്ന റിട്രീറ്റ് സെന്ററിനെക്കുറിച്ചാണ്. മലങ്കര സഭയ്ക്ക് ഇതൊരു അഭിമാന മുഹൂർത്തം തന്നെയാണ്. ഒരു മഹത്തായ നേട്ടമാണ്.

catholic-day-bava

ഇത്രയും വിസ്തൃതമായ ഒരിടം നിങ്ങൾ സഭയ്ക്കുവേണ്ടി കണ്ടുപിടിച്ചു നിങ്ങൾ അതിനുവേണ്ടി അധ്വാനിക്കുകുയം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നുവെന്നുളളതിൽ ഞാൻ വളരെ കൃതാർത്ഥനാണ്. ഈ ഭദ്രാസനം വളരുന്നുവെന്നുളളതിന് ഉത്തമ ദൃഷ്ടാന്തം കൂടിയാണ്. പക്ഷേ ഞാനിപ്പോൾ വന്നിരിക്കുന്നത് സഭയുടെ ഒരു നെടുംന്തൂണായ കാതോലിക്കേറ്റിനെപ്പറ്റി നിങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ്. സഭയുടെ ചട്ടക്കൂടും നിയമവും കലർപ്പില്ലാത്ത വിശ്വാസവും കാത്തുസൂക്ഷിക്കുന്ന നിങ്ങൾക്ക് കാതോലിക്കേറ്റിനെപ്പറ്റി അറിയാം. ഇത് ഹ്രസ്വമായി ഒന്നു ഓർമ്മപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇപ്പോഴത്തെ എന്റെ യാത്ര. സഭയുടെ അസ്തിവാരം നിലനിർത്തുന്നതിനും സഭയ്ക്ക് ഊർജ്ജം നിലനിർത്തുന്നതിനും സഭാ മക്കൾ എല്ലാവരും കാതോലിക്കേറ്റ് നിധി സമാഹരണത്തിൽ പങ്കു ചേരണം. യറുശലേം ദേവലയത്തിലും നികുതി ഉണ്ടായിരുന്നു.പത്രോസിനോട് നികുതി കൊടുക്കാൻ പറയുന്ന വേദപുസ്തക കഥ പരിശുദ്ധ ബാവാ സവിസ്തരം പ്രതിപാദിച്ചു.

നമ്മുടെ ചുമതലയിൽ പ്രവർത്തിക്കുന്ന പരുമല ക്യാൻസർ സെന്ററിനെക്കുറിച്ച് കൂടി ഒരു വാക്കു പറഞ്ഞു കൊളളട്ടെ. വളരെയധികം പ്രയത്നം ആവശ്യമുളള ഒരു പദ്ധതിയാണിത്. എല്ലാവരും ചേർന്ന് അൽപ്പം കൂടി ശ്രദ്ധിച്ചാൽ നല്ല നിലയിലാവും. 45 കോടി കൊണ്ട് തീർക്കാമെന്നാണ് കരുതിയതും പദ്ധതി പ്ലാൻ തയ്യാറാക്കിയതും. എന്നാൽ ഇപ്പോഴിത് 140 കോടിയിലെത്തി നിൽക്കുന്നു. പ്രാർഥനയോടൊപ്പം പ്രവർത്തനവും ആവശ്യമാണ്. ഉപസംഹാരമായി എനിക്ക് പറയുവാനുളളത് മലങ്കര സഭ ഇന്നും പുഷ്ഠിപ്പെടുന്നുവെന്നുളളതാണ്. നിങ്ങൾ ചെയ്യാനുളളത് ഇവിടെയുളള നമ്മുടെ കുഞ്ഞു കുട്ടികൾക്ക് സഭ പാരമ്പര്യവും വിശ്വാസവും കാതോലിക്കേറ്റിന്റെ പ്രാധാന്യവും മറ്റും മനസ്സിലാക്കി കൊടുക്കുകയെന്നതാണ്. മാതാപിതാക്കൾ പ്രാർഥിക്കുകയും ഉപദേശങ്ങൾ വഴി നയിക്കുകയും വേണം. ഈ ഭദ്രാസനത്തിൽ കണ്ട മറ്റൊരു പ്രത്യേകത യുവാക്കളായ ഒട്ടനവധി അച്ഛന്മാർ ഉണ്ടെന്നുളളതാണ്. എല്ലാവരും പ്രതിഭകൾ.

catholic-day-bava012

പിന്നീട് മലങ്കര സഭയുടെ ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സണും നിരണം ഭദ്രാസന അധ്യക്ഷനുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കാതോലിക്കാദിന സംഭാവനകളുമായി ബന്ധപ്പെട്ട സ്ഥിതി വിവര കണക്കുകൾ നൽകി. മൂന്നു വരുമാന സ്രോതസുകളാണ് മലങ്കര സഭയ്ക്കുളളത്. കാതോലിക്കാദിന നേർച്ച കാഴ്ച. പരിശുദ്ധ പുരമല തിരുമേനിയുടെ കബറിങ്കൽ നിന്നുളള നേർച്ചക്കാഴ്ച, പരുമല സെമിനാരിയുടെ ചെലവുകൾ കഴിഞ്ഞുളള ബാക്കി. മൂന്നാമത്തേത് കോട്ടയം എം. ഡി. കൊമേഴ്സ്യൽ സെന്ററിൽ നിന്നുളള വരുമാനം. കുറേ നാളുകൾക്ക് മുൻപ് കാതോലിക്കാദിന സംഭാവനയുടെ ലക്ഷ്യം ഒരു കോടി രൂപയായിരുന്നു. പിന്നീടത് അഞ്ചു കോടിയും ഇപ്പോഴത് പത്തു കോടിയുമാണ്.

ഈ വർഷം ഇതേ വരെ 7.33 കോടി രൂപ മാത്രമേ സമാഹരിക്കാനുളളു. ബാക്കിയുളളതിന് സഭ ഉറ്റു നോക്കുന്നത് അമേരിക്കൻ ഭദ്രാസനങ്ങളിലേക്കാണ്. കാതോലിക്കാ ദിനത്തിലെ വരുമാനം യാതൊരു വിധമായ കേസുകൾക്കും ഉപയോഗിക്കുന്നില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ, സൺഡേ സ്കൂൾ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങൾക്കുളള ഗ്രാന്റ്, കൃഷിനാശം സംഭവിച്ചതുൾപ്പെടെയുളള കർഷകർക്കുളള ഗ്രാന്റ്, ശ്ലീബാദാസ സമൂഹം, വൈദിക ക്ഷേമ നിധി, വടക്കൻ ഭദ്രാസനങ്ങളിലെ ശമ്പള സബ്സിഡി, ശുശ്രൂഷകർക്കുളള സഹായനിധി, ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവർക്കാ യുളള പദ്ധതികൾ, ആരോഗ്യപരിപാലനം, വാർദ്ധക്യകാല പെൻഷൻ, അവികസിത പളളികൾക്കും പാഴ്സനേജുകൾക്കുമുളള ഗ്രാന്റ്, കേരളത്തിനു പുറത്ത് പളളി കെട്ടിടങ്ങൾ ഇല്ലാത്തവർക്കുളള ഗ്രാന്റ് എന്നിങ്ങനെ വിവിധ പരിപാടികൾക്കാണ് ഈ തുക വിനിയോഗിക്കുന്നത്.

catholic-day-bava0113

കാതോലിക്കേറ്റ് സെന്റർ ഉണ്ടാവേണ്ടതിന്റെ ആവശ്യം ബാവാ തിരുമേനി എടുത്തു പറഞ്ഞു. കൂനൻകുരിശു പോലെയുളള മറ്റു തീർത്ഥാടക കേന്ദ്രങ്ങൾ ഉണ്ടാവണം. കൂടുതൽ ഭദ്രാസനങ്ങൾ ഉണ്ടാവണം. അമേരിക്കൻ ഭദ്രാസനത്തിൽ നിന്നും 293000 ഡോളറാണ് ടാർജറ്റ് തുക. 56 പളളികളാണ് സഭയ്ക്ക് ഈ ഭദ്രാസനത്തിലുളളത്. നൂറു ശതമാനം കാതോലിക്കാദിന പിരിവ് നൽകിയ 39 ദേവാലയങ്ങളാണുളളത്. ടാർജറ്റിന്റെ 20 ശതമാനം കൂടുതൽ സമാഹരിച്ച ബോസ്റ്റൺ സെന്റ് മേരീസ് ഇടവകയ്ക്കുളള അവാർഡ് പരിശുദ്ധ കാതോലിക്ക ബാവായിൽ നിന്നും വികാരി ട്രസ്റ്റി, സെക്രട്ടറി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കൃതജ്ഞത പ്രകാശിപ്പിച്ച ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ഭദ്രാസനത്തിൽ നിന്നുളള കാതോലിക്കാദിന സമാഹരണത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ നൽകി. ടാർജറ്റ് തുകയുടെ 76 ശതമാനം കൊടുത്തു എന്നുളളത് സന്തോഷമുളള കാര്യമാണെങ്കിലും കുറേക്കൂടി ആകാമായിരുന്നു എന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. കൂടിയ ടാർജറ്റ് വച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

മറ്റൊരു സന്തോഷ വാർത്തയുളളത് യോങ്കേഴ്സിലുളള സെന്റ് വ്ലാഡിമിർ സെമിനാരിയിൽ പഠിക്കുന്നവർക്ക് ഉളള ഗ്രാന്റായി കാതോലിക്കാദിന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ പരി. ബാവാ തിരുമേനി അനുവദിച്ചുവെന്നതാണ്. ഭദ്രാനത്തിലെ ഒരു കുടുംബം 27 സെന്റാണ് ഒരു ദിവസം മലങ്കര സഭയ്ക്ക് നൽകുന്നത്. ഇത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട വിഷയമാണ്. ന്യായമായ ഒരു വിഹിതം കൊടുക്കാൻ സഭാ അംഗങ്ങൾ ശ്രദ്ധിക്കണം. അതു പോര, സമൃദ്ധിയായി കൊടുക്കണം എന്നു തന്നെയല്ല കേരളത്തിലെ ഒരു കുടുംബം 150 രൂപ എന്നുളളതും കൂട്ടേണ്ട സമയമായിരിക്കുന്നു.
ഭദ്രാസനം വാങ്ങാൻ പോകുന്ന റിട്രീറ്റ് സെന്ററിനെക്കുറിച്ചും മാർ നിക്കോളോവോസ് സംസാരിച്ചു. പല വിധത്തിലുളള അഭിപ്രായ പ്രകടനങ്ങൾ പല കേന്ദ്രങ്ങളിൽ നിന്നും വന്നിരുന്നുവെങ്കിലും സാധാരണക്കാരനായ ഒരു സഭാ സ്നേഹി പറഞ്ഞത് എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇത്രയും ബൃഹത്തായ ഒരു പദ്ധതിക്ക്, ഭാവി തലമുറയ്ക്ക് മുതൽക്കൂട്ടാവുന്ന ഒരു പദ്ധതിക്ക് രണ്ടായിരം ഡോളർ എന്നത്, ആ സഭാ സ്നേഹിക്ക് ഉൾക്കൊളളാനാവുന്നതാണ്. അത് ഒറ്റത്തവണയായി കൊടുക്കണമെന്നില്ല. മൂന്നു വർഷമായി കൊടുത്താൽ മതി. പല കോലാഹലങ്ങൾ ഉണ്ടെങ്കിലും പരി. ബാവാ തിരുമേനിയെ ഒന്നാം പ്രതിയായും എന്നെ ഏഴാം പ്രതിയുമായി കേരളത്തിൽ കേസ് കൊടുത്തിരിക്കുന്നുവെന്ന വസ്തുതയും ഇവിടെ സൂചിപ്പിക്കുകയാണ്. ഇതൊന്നും പക്ഷേ, നമ്മെ പിന്നിലോട്ട് വലിക്കുകയില്ല. ഒരു സീഡ് ബാങ്ക് ക്രിയേറ്റ് ചെയ്യുകയാണ്. ക്രൈസ്തവ സഭ ഉത്ഭവിച്ചിടത്ത് അത് നശിപ്പിക്കപ്പെടുമ്പോൾ ഈ സഭയെ സീഡ് ബാങ്ക് പോലെ ഉത്തമമായ ഒരു പൂന്തോട്ടമാക്കി ദൈവം പരിപാലിച്ചു.

ദൈവത്തിന്റെ ഒരു അളവറ്റ കൃപ മലങ്കര സഭയ്ക്ക് എന്നും എപ്പോഴുമുണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും. ന്യുയോർക്കിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ഗ്രിഗറി വർഗീസ് സ്വാഗതം ആശംസിച്ചു. ഭദ്രാസന കൗൺസിൽ മെമ്പർ ഫാ. ഷിബു ഡാനിയൽ എംസിയായി പ്രവർത്തിച്ചു പരിപാടികൾക്ക് നേതൃത്വം നൽകി. ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗീസ്, അജിത്ത് വട്ടശേരിൽ, സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഫാ. വർഗീസ് പുല്ലേലിൽ, പോൾ കറുകപ്പിളളിൽ എന്നിവരും വേദിയിൽ ഉപവിഷ്ടരായിരുന്നു. ഭദ്രാസന ട്രസ്റ്റി ബോർഡ് മെമ്പർ വർഗീസ് പോത്താനിക്കാട് ഇടവകകളെ കാതോലിക്കാദിന നിധി പരി. ബാവാ തിരുമേനിയെ ഏൽപ്പിക്കാൻ ക്ഷണിച്ചു.

ഓഗസ്റ്റ് 27 ശനിയാഴ്ച ഫ്ലോറൽ പാർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷമായിരുന്നു സമ്മേളനം നടന്നത്. സമ്മേളനത്തിനായി ഇടവക വൻ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. വെരി. റവ. ഡോ. പി. എസ്. സാമുവൽ കോർ എപ്പിസ്കോപ്പ, ഫാ. ഗ്രിഗറി വർഗീസ് എന്നിവരെ കൂടാതെ വർഗീസ് പോത്താനിക്കാട്, ജോസ് തോമസ് എന്നിവർ കൺവീനർമാരായും സെക്രട്ടറി മാത്യു മാത്തൻ, ജോ. സെക്രട്ടറി മോൻസി വർഗീസ് എന്നിവർ അടങ്ങുന്ന കമ്മിറ്റി പരിപടികൾക്ക് നേതൃത്വം നൽകി.

ഓഗസ്റ്റ് 28 ഞായറാഴ്ച പെൻസിൽവേനിയായിലെ ഫെയർലെസ് സെന്റ് ജോർജ് ഓർത്തഡോക്സ് പളളിയിൽ നടന്ന സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുര്യാക്കോസ് എംസിയായി പരിപാടികൾ ക്രമീകരിച്ചു. പരി. കാതോലിക്ക ബാവായോടും മാർ നിക്കോളോവോസ്, മാർ ക്രിസോസ്റ്റമോസ് എന്നീ മെത്രാപ്പോലീത്തമാരോടൊപ്പം നിലയ്ക്കൽ റാന്നി ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്തയും പങ്കെടുത്തു. ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ. സാക്ക് സഖറിയ, ഫിലിപ്പോസ് ഫിലിപ്പ്, സഭാ മാനേജിങ് കമ്മിറ്റി അംഗം പോൾ കറുകപ്പിളളിൽ എന്നിവരും വേദിയിൽ ഉപവിഷ്ടരായിരുന്നു. ഇടവക വികാരി ഫാ. അബു പീറ്റർ സ്വാഗതമാശംസിച്ചു.

Your Rating: