Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദനം കൂട്ടായ്മയുടെ ആദ്യ ഓണാഘോഷം നടന്നു

chandanam-2

ഹൂസ്റ്റൺ∙ ഭൗതിക വളർച്ചയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന കരുതലിന്റെയും കരുണയുടെയും സഹകരണത്തിന്റേയും മൂല്യങ്ങൾ തിരികെ പിടിക്കാനും അവ വരും തലമുറകളിലേയ്ക്ക് കൈമാറാനുമായി അമേരിക്കയിലെ ഒരു സംഘം പ്രവാസികൾ രൂപം കൊടുത്ത വേറിട്ട കൂട്ടായ്മയാണ് ‘ചന്ദനം’.
ഹൂസ്റ്റൺ കേന്ദ്രമാക്കി പ്രവൃത്തിക്കുന്ന പരിമിതമായ അംഗങ്ങളുള്ള ‘ചന്ദനം’ കൂട്ടായ്മയുടെ പ്രഥമ ഓണാഘോഷം സെപ്റ്റംബർ അഞ്ചാം തിയതി മർഫി റോഡിലുള്ള ‘ദേശി റസ്റ്ററന്റിൽ നടന്നു. നിലവിലുള്ള അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്നുള്ള ഓണാഘോഷം അമേരിക്കയിലെ പ്രവാസിമലയാളികളുടെ പതിവ് ഓണാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി സവിശേഷതകൾ ഏറെ ഉള്ളതായിരുന്നു.

chandanam-4

ഈ കൂട്ടായ്മ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ നിദാനമായിരുന്നു ഒത്തുചേരൽ.
അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികളിൽ ഒന്നിച്ചു നിൽക്കുകയും പ്രയാസത്തിലാകുന്ന വ്യക്തിയുടെയും കുടുംബത്തിന്റേയും ഉത്തരവാദിത്തം പൂർണമായി ഏറ്റെടുത്ത് പ്രതിസന്ധി തരണം ചെയ്യാൻ സഹായിക്കുകയുമാണ് ഗ്രൂപ്പ് രൂപീകരണത്തിന്റെ പിന്നിലെ ശക്തമായ പ്രേരക ഘടകം. പ്രവാസ ഭൂമിയിൽ എത്രയൊക്കെ സാമ്പത്തിക ഭദ്രതയുണ്ടെങ്കിലും ഒറ്റയ്ക്ക് തരണം ചെയ്യാനാവാത്ത നിർണായക പരീക്ഷണ ഘട്ടങ്ങൾ പതിവ് സംഭവങ്ങളാണ്. നിയന്ത്രിതമായ സാമ്പതിക സഹായങ്ങൾക്കപ്പുറം, പ്രതിസന്ധിയിലാകുന്ന വ്യക്തിക്കും കുടുംബത്തിനും കൈത്താങ്ങായി പ്രശ്നപരിഹാരത്തിന് ഒപ്പം നിൽക്കാനുള്ള പ്രതിജ്ഞയുമായാണ് ചന്ദനം ഗ്രൂപ്പ് രൂപികരിച്ചിട്ടുള്ളത്.

chandanam-3

കരുതലിന്റെയും കരുണയുടെയും വേറിട്ട സാക്ഷാത്ക്കാരമാണ് ലക്ഷ്യമിടുന്നത് എന്ന് മാത്രമല്ല ഈ മൂല്യങ്ങൾ ഗ്രൂപ്പിലെ അംഗങ്ങളുടെയും പ്രവാസി മലയാളികളുടെയും പിൻതലമുറയ്ക്കും മാതൃകയും പ്രചോദനവുമാക്കാനും അംഗങ്ങൾ പ്രതിജ്ഞാ ബദ്ധമാണ്. നിലവിൽ 15 കുടുംബങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് അമേരിക്കയിലെത്തിയിട്ടുള്ളവരാണ് ഇതിലെ അംഗങ്ങളെങ്കിലും മാനവികതയുടെ മാതൃകകളാകണം എന്ന ദർശനത്തോടെയാണ് ഗ്രൂപ്പിന്റേയും അംഗങ്ങളുടെയും പ്രവർത്തനം.

വരും കാലത്ത് അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സന്നതയും ഇവർക്കുണ്ട്. മാതൃകാപരമായ സഹകരണത്തിന്റെ അന്തരീകഷം സൃഷ്ടിച്ച് വരും തലമുറയിൽ കേരളീയ സംസ്കൃതിയുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കാനും മൂല്യവത്തായ ജീവിതതിന് അവരെ പ്രേരിപ്പിക്കാനുമാണ് വേറിട്ട ഈ കൂട്ടായ്മ.

മാനവിക-ജീവകാരുണ്യ-സാംസ്കാരിക മേഖലയിൽ പ്രവാസി മലയാളികൾക്കെല്ലാം മാതൃകയും പ്രചോദനവുമായ ‘കുടുംബം യുഎസ്എ’ എന്ന സംഘടനയുടെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നവരാണ് ‘ചന്ദനം’ ഗ്രൂപ്പിന്റെ സാരഥികൾ. രാജ്മോഹൻ കുനിയിൽ, രമേഷ് അടിയോടി, ജയൻ അരവിന്ദാക്ഷൻ, അജിത് നായർ, മോനി തോമസ്, റോണി, സജി, അനിൽ ജനാർദ്ദനൻ, സത്യജിത്, ദിനേശ് നായർ എന്നിവരാണ് നിലവിലുള്ള അംഗങ്ങൾ. ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന മലയാളത്തിലെ ചൊല്ല് പ്രവൃത്തിയിൽ അന്വർത്ഥമാക്കുകയാണ് ചന്ദനം ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രഥമവും പ്രധാനവുമായ ദൗത്യവും ലക്ഷ്യവും.

chandanam-1

സന്തോഷ ദായകം എന്നാണ് ചന്ദനം എന്ന വാക്കിന്റെ അർത്ഥം. ഭാരതമാണ് ചന്ദനത്തിന്റെ ജന്മ ഗേഹം.
പവിത്രമായ ചന്ദനത്തിന്റെ പേരിലുള്ള ഈ കൂട്ടയ്മ കരുതലിന്റേയും കരുണയുടെയും സഹകരണത്തിന്റേയും മേഖലയിൽ പ്രവാസി മലയാളികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃകയാകുന്ന, മാനവികതയുടെ സുഗന്ധം വമിപ്പിക്കുന്ന പ്രവർത്തനങ്ങളായിരിക്കും ഏറ്റെടുത്തു നടത്തുകയെന്ന് അംഗങ്ങൾ പറഞ്ഞു. എല്ലായിടത്തും നറുമണവും എല്ലാവരിലും സൗഹൃദസൗരഭ്യവും വ്യാപിപ്പിക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

വാർത്ത∙ ഡോ.ജോർജ് എം.കാക്കനാട്ട് 

Your Rating: