Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎംഎ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം: കൃപാ മറിയവും ടെറിലും ജേതാക്കൾ

cma-award

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പിന് (വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം) കൃപാ മറിയം പൂഴിക്കുന്നേലും, ടെറിൽ വള്ളിക്കളവും അർഹരായി. ഇവർക്ക് സാബു നടുവീട്ടിൽ സ്പോൺസർ ചെയ്ത ഉതുപ്പാൻ നടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ്പും, ജേക്കബ് മാത്യു പുറയംപള്ളി സ്പോൺസർ ചെയ്യുന്ന സിഎംഎ സ്കോളർഷിപ്പും സെപ്റ്റംബർ പത്താംതീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ താഫ്റ്റ് ഹൈസ്കൂളിൽ വച്ചു നടക്കുന്ന സിഎംഎ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ വച്ചു സമ്മാനിക്കുന്നതാണ്.

വിൽമെറ്റിലുള്ള റെജീന ഡൊമിനിക്കൻ കാത്തലിക് ഹൈസ്കൂളിൽ നിന്നും ഹൈ ഹോണേഴ്സ് ഡിസ്റ്റിംഗ്ഷനോടെയാണ് ടെറിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. എ.പി സ്കോളർ, ഇല്ലിനോയി സ്റ്റേറ്റ് സ്കോളർ, കൂടാതെ നാഷണൽ സ്പാനിഷ് ഹോണർ സൊസൈറ്റി, നാഷണൽ ആർട്ട് ഹോണർ സൊസൈറ്റി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഹൈസ്കൂൾ ഇയർബുക്ക് ചീഫ് എഡിറ്ററായും, രണ്ടുവർഷം അസിസ്റ്റന്റ് ലൈബ്രേറിയനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് നിരവധി ഔട്ട് ഓഫ് സ്റ്റേറ്റ് ഡിബേറ്റ് പരിപാടികളിലും പങ്കെടുത്തിട്ടുള്ള ടെറിൽ കരാട്ടേ ബ്ലാക്ക്ബെൽറ്റുകാരി കൂടിയാണ്. ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിക്കൽ എൻജിനീയറിംഗിനു പഠിച്ചുകൊണ്ടിരിക്കുന്ന ടെറിൽ, മോർട്ടൻഗ്രോവിൽ താമസിക്കുന്ന സണ്ണി വള്ളിക്കളത്തിന്റേയും, ടെസ്സി വള്ളിക്കളത്തിന്റേയും മൂത്തപുത്രിയാണ്. സഹോദരങ്ങൾ: ഷെറിൽ, സിറിൽ.

കൃപാ മറിയം പൂഴിക്കുന്നേൽ വീറ്റൻ വാറൻവില്ലി ഹൈസ്കൂളിൽ നിന്നും ഹൈ അക്കാഡമിക് ഹോണേഴ്സ് നേടിയാണ് പാസായത്. Scholastic Bowl ടീമിനെ പ്രതിനിധീകരിച്ച് വിവിധ തലങ്ങളിലുള്ള ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള കൃപ, ഇഎസ്എൽ സ്റ്റുഡന്റ്സ് ട്യൂട്ടർ, സ്കൂൾ ന്യൂസ് പേപ്പർ എഡിറ്റർ, വാഴ്സിറ്റി ബാഡ്മിന്റൺ ടീം പ്ലയർ, ഹൈസ്കൂൾ വാഴ്സിറ്റി വെറൈറ്റി ഷോ പെർഫോർമർ തുടങ്ങി വളരെയധികം നിലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കർണ്ണാടിക് സംഗീതത്തിലും, ഭരതനാട്യത്തിലും വളരെ ചെറുപ്പംമുതൽ പരിശീലനം നേടിയ കൃപ വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി. സിഎംഎ കലാമേളയിൽ 2011ൽ റൈസിംഗ് സ്റ്റാറും, 2012ൽ കലാതിലകവുമായിരുന്ന കൃപാ മറിയം പൂഴിക്കുന്നേൽ വീറ്റണിൽ താമസിക്കുന്ന തൊമ്മൻ- ബീന പൂഴിക്കുന്നേൽ ദമ്പതികളുടെ മകളാണ്. അഷോക് മാത്യുവും ആനന്ദ് മാത്യുവുമാണ് സഹോദരങ്ങൾ.

ഷിക്കാഗോ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായ ഈ രണ്ടു കുട്ടികൾക്കും ഷിക്കാഗോ മലയാളി അസോസിയേഷൻ ആശംസകൾ നേരുന്നതായി പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും മറ്റു ഭാരവാഹികളും അറിയിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: