Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി സമൂഹത്തെ മുക്തകണ്ഠം പ്രശംസിച്ച് കോൺസുലാർ ജനറൽ റീവാ ഗാംഗുലി

ന്യൂജഴ്സി∙ മലയാളി സമൂഹത്തിലെ ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാൻ പ്രതിഞ്ജാബദ്ധതമാണ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് എന്ന് കോൺസുലേറ്റ് ജനറൽ റീവാ ഗാംഗുലി ദാസ് ഐഎഫ്എസ്.

ഇന്ത്യൻ സമൂഹത്തിന്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് കോൺസുലാർ സംബന്ധമായ ഏതൊരു പ്രശ്നത്തിനും എംബസിയെ നേരിട്ട് സമീപിക്കാമെന്നും ഗാംഗുലി വ്യക്തമാക്കി. ന്യൂജഴ്സിയിലെ ബർഗൻഫീൽഡിലുള്ള കോൺലോൺ ഓഡിറ്റോറിയത്തിൽ മഞ്ച് -കെസിഎഫ് - നാമം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.

ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റ് വളരെ സജീവവും എപ്പോഴും പുതുക്കുന്നതുമാണ്. അതുകൊണ്ടുതന്നെ വെബ്സൈറ്റിൽ ഏറെ വിവരങ്ങൾ ലഭ്യമാണ്. കൂടാതെ, എംബസി ഫേയ്സ്ബുക്ക് പേജും സജീവമായി പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്കായി വെബ്സൈറ്റും ഫേയ്സ്ബുക്ക് പേജും സന്ദർശിക്കുകയും ലൈക്ക് ചെയ്യുകയും വേണമെന്ന് റീവാ ഗാംഗുലി അഭ്യർത്ഥിച്ചു.

മലയാളി സമൂഹവും സംഘടനകളും എന്നും ലോകത്തിന് മുഴുവൻ മാതൃകയാണെന്നു പറഞ്ഞ റീവാ ഗാംഗുലി മലയാളി സംസ്കാരത്തെ പ്രത്യേകിച്ച് ഓണാഘോഷത്തെ മുക്തകണ്ഠം പ്രശംസിച്ചു. ഓണം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ്. ഭാരതത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഈ ഉത്സവും ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ കൂടുതൽ പ്രാധാന്യത്തോടെ ആഘോഷിക്കു ന്നത് മാതൃകാപരമാണ് എന്നും അവർ കൂട്ടിച്ചേര്‍ത്തു.

മഞ്ച് -കെസിഎഫ് - നാമം എന്നീ സംഘടനകൾ ചേർന്ന് ഒരുമയോടെ ഇത്രയും വലിയ ആഘോഷം സംഘടിപ്പിച്ചതും അതിലെ ജനപ്രാതിനിധ്യവും വിസ്മയിപ്പിക്കുന്നതാണെന്ന് റീവാ ഗാംഗുലി പറഞ്ഞു. ഇനിയും കൂടുതൽ സംഘടനകൾ ഒരുമയോടെ ഇവർക്കൊപ്പം കൈകോർക്കട്ടെയെന്ന് അവർ ആശംസിച്ചു.

മഞ്ച് - നാമം - കെസിഎഫ് എന്നീ സംഘടനകൾ കൈകോർത്ത് ഓണം സംഭവബഹുലമാക്കിയത് ശ്ലാഘനീയമാണെന്ന് ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പള്ളിൽ അഭിപ്രായപ്പെട്ടു. ബർഗൻഫീൽഡിൽ ഇത്തരമൊരു മഹാസംഭവത്തിന് വേദിയൊരുക്കുവാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്ന് ഫൊക്കാന നേതാവും കെസിഎഫ് രക്ഷാധികാരിയുമായ ടി.എസ്. ചാക്കോ അഭിപ്രായപ്പെട്ടു.

ന്യൂജഴ്സിയിൽ ഒരൊറ്റ ഓണം എന്ന ആശയം താൻ മുന്നോട്ടുകൊണ്ടുവരുമ്പോൾ അത് ഇത്ര വൻവിജയമാകുമെന്ന് കരുതിയില്ലെന്നും വരുംവർഷങ്ങളിൽ കൂടുതൽ ജനപങ്കാളിത്തതോടെ വിപുലമായി ഓണാഘോഷം നടത്താൻ കഴിയുമെന്നുള്ളതിന്റെ സൂചനയാണ് ഈ ഓണാഘോഷത്തിന്റെ വിജയം വ്യക്തമാക്കുന്നതെന്നും മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

ഓണത്തിന് ജാതിമത വ്യത്യാസമില്ലെന്ന് തെളിയിക്കുന്നതാണ് ഈ ഓണാഘോഷമെന്ന് നാമം രക്ഷാധികാരിയും ഫൊക്കാന നേതാവുമായി മാധവൻ ബി. നായർ പറഞ്ഞു. ഒരുമയോടെ ഒരു ഓണം എല്ലാ അർത്ഥത്തിലും അനുകരണീയമാക്കിയ ഓണാഘോഷമാണിതെന്ന് കെസിഎഫ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയിൽ അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിന്റെ ഒരുമയുടെയും കൂട്ടായ്മയുടെയും ഉദാഹരണമാണ് മഞ്ച് - നാമം - കെസിഎഫ് സംഘടനകൾ നേതൃത്വം നൽകിയ ഈ ഓണാഘോഷമെന്ന് നാമം പ്രസിഡന്റ് ജിതേഷ് തമ്പി അഭിപ്രായപ്പെട്ടു. കെസിഎഫ് സെക്രട്ടറി ദേവസി പാലാട്ടി സ്വാഗതവും നാമം പ്രസിഡന്റ് ജിതേഷ് തമ്പി നന്ദിയും പറഞ്ഞു.

വാർത്ത∙ ഫ്രാൻസിസ് തടത്തിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.