Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഡിയർ കലാം സാർ’ അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കും

dear-kalam-1

ന്യൂയോർക്ക∙മലയാളികൾക്ക് അഭിമാനമായി രണ്ടു മലയാളി യുവാക്കൾ ചേർന്ന് തിരികൊളുത്തിയ ‘ഡിയർ കലാം സാർ' എന്ന പോസ്റ്റ് കാർഡ് യജ്ഞം ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്നും അതിശയകരമായ രീതിയിലുള്ള പിന്തുണയോടെ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു. പതിനായിരത്തിലധികം പേരുടെ കൈയക്ഷരത്തോടെ 200 നഗരങ്ങളിൽനിന്ന് 9 ഭാഷകളിലുള്ള എഴുത്തുകൾ ഉൾക്കൊള്ളിച്ച പുസ്തകം അടുത്ത ആഴ്ച്ച ഉപരാഷ്ട്രപതി മൊഹമ്മദ് ഹമീദ് അൻസാരി ഡൽഹിയിൽ രാഷ്ട്രത്തിന് സമർപ്പിക്കും. ശശി രൂരിന്റെ ആമുഖവും എൻ.ആർ നാരായണമൂർത്തിയുടെ അവതാരികയും, ഒരു ലക്ഷത്തിൽ പരം സൃഷ്ടികളിൽ നിന്നും തിരഞ്ഞെടുത്ത 350 ഓളം രചനകളും സമന്വയിപ്പിച്ച പുസ്തകം മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന ചരിത്രമാവുകയാണ്. കോട്ടയം ഉഴവൂർ കൈപ്പിങ്കിൽ സജിയും കോട്ടയം കാരിത്താസ് ഇടയാടിൽ ജൂബിയും ചേർന്ന് രൂപം കൊടുത്ത ലെറ്റർ ഫാം എന്ന എൻജിഓയാണ് ഈ സംരഭത്തിന് പിന്നിൽ.

കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15നാണ് കലാമിന് ആദരവായി കൈകൊണ്ടെഴുതിയ പോസ്റ്റ് കാർഡുകൾ തയ്യാറാക്കുകയെന്ന യജ്ഞം തുടങ്ങിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്കുണ്ടായത്. കത്തിന്റേയോ കവിതയുടേയോ ചിത്രങ്ങളുടേയോ രൂപത്തിൽ കലാമിനെ അനുസ്മരിയ്ക്കാനുള്ള അവസരമായിരുന്നു ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. രണ്ട് ഘട്ടങ്ങളായാണ് പരിപാടി സംഘടിപ്പിച്ചത്. 22 സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികളും വിവിധ കോർപ്പറേറ്റുകൾക്കും പരിപാടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഒരു ലക്ഷത്തിൽ പരം എഴുത്തുകൾ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലഭിച്ചു. അതിൽ നിന്നും തിരഞ്ഞെടുത്ത 84000 പോസ്റ്റ് കാർഡുകൾ ചേർത്തുള്ള പ്രദർശനം വരുന്ന ഒക്ടോബറിൽ നടത്തപ്പെടുന്നതാണ്.

dear-kalam-2

പദ്ധതിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായ സജി മാത്യു കൈപ്പിങ്കിൽ കോട്ടയം ഉഴവൂർ സ്വദേശിയാണ്. സജി കഴിഞ്ഞ 20 വർഷങ്ങളായി ടെലിവിഷൻ പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത സജി ഇപ്പോൾ അമേരിക്കയിലെ ലൊസാഞ്ചലസിൽ ഭാര്യ ജൂലിയും മക്കളായ രോഹനും നിത്യനും ഒപ്പം താമസിക്കുന്നു.

പദ്ധതിയുടെ മറ്റൊരു ഉപജ്ഞാതാവായ ജൂബി ജോൺ ഇടയാടിൽ കാരിത്താസ് സ്വദേശിയാണ്. മാനേജ്മെന്റ് കണ്‍സൾട്ടന്റായി കഴിഞ്ഞ 15 വർഷങ്ങളായി പ്രവർത്തിക്കുന്ന ജൂബി രാജസ്ഥാനിലെ ജോധ്പൂരിൽ വളർന്ന്, ഇപ്പോൾ ഭാര്യ ഡോ. ജീനുവിനും മകൾ ലില്ലികുട്ടിക്കും ഒപ്പം കൊച്ചിയിൽ സ്ഥിരതാമാസക്കാരനാണ്. അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: