Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിബേറ്റിന്റെ ബാക്കി പത്രം

ന്യുയോർക്ക് ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലറി ക്ലിന്റണും തമ്മിൽ നടന്ന ആദ്യ ഡിബേറ്റിൽ ആര് ജയിച്ചു ആര് തോറ്റു എന്ന് മാധ്യമ വിലയിരുത്തലുകൾ ഉടനെ ഉണ്ടായി. ഹിലറിക്ക് 62 പോയിന്റും ട്രംപിന് 35 പോയിന്റും ഒരു വാർത്താ ഏജൻസി നൽകി. ഭൂരിപക്ഷം ഏജൻസികളും ഹിലറിക്ക് മുൻതൂക്കം നൽകി.

ഡിബേറ്റിൽ ഹിലറി അനുയായികളായിരുന്നു വലിയ ഭൂരിപക്ഷത്തിൽ ഉണ്ടായിരുന്നത് എന്നാണ് ഹിലറിയുടെ മറുപടികൾക്ക് ലഭിച്ച കരഘോഷം വ്യക്തമാക്കിയത്. മോഡറേറ്റർ പരോക്ഷമായി വളരെ മൃദുസമീപനമാണ് ഹിലറിയോട് നടത്തിയത് എന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഈ ഘടകങ്ങൾ ഹിലറി ഡിബേറ്റിൽ വിജയിച്ചതായി പ്രഖ്യാപിക്കുന്നതിന് കാരണമായി എന്നാണ് വിമർശനം.

ഓരോ ഡിബേറ്റിലും വാദപ്രതിവാദങ്ങൾ നടത്തുമ്പോൾ വസ്തുതകൾ പരിശോധിക്കുന്ന (ഫാക്ട് ചെക്ക്) പതിവുണ്ട്. ഈ പരിശോധന കഴിയുമ്പോഴാണ് പല പ്രസ്താവനകളും അസത്യമോ അർദ്ധ സത്യമോ ആണെന്നും അവകാശവാദങ്ങൾ പൊളളയായിരുന്നു എന്നും തിരിച്ചറിയുവാൻ കഴിയുക. ആദ്യ ഡിബേറ്റിലും സംഭവിച്ചത് ഇത് തന്നെയാണ്.

ഹിലറിക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങൾ ബെൻഘാസിയിലെ പാളിച്ചകളും ഇമെയിലുകൾക്ക് സ്വകാര്യ സെർവർ ഉപയോഗിച്ചതുമാണ്. ഇവയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉന്നയിക്കുവാൻ മോഡറേറ്റർക്ക് കഴിഞ്ഞില്ല. ഔദ്യോഗിക പദവിയിലെത്തിയാൽ ഭാവിയിൽ‍ സ്വകാര്യ സെർവർ ഉപയോഗിക്കില്ല എന്നൊരു വാഗ്ദാനവും ഹിലറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.

ട്രംപിന്റെ നികുതി വിവരങ്ങൾ വെളിപ്പെടുത്തുവാൻ ട്രംപിനെ നിർബന്ധിക്കുവാൻ മോഡറേറ്റർക്ക് കഴിഞ്ഞില്ല. വിദേശ കാര്യത്തിൽ ട്രംപിനുളള അജ്ഞതയും റഷ്യയോടുളള വലിയ പ്രതിപത്തിയും കാര്യമായി ചോദ്യം ചെയ്യപ്പെട്ടില്ല. വംശീയത പ്രതിപാദ്യ വിഷയമായപ്പോൾ ഹിലറി കൂടുതൽ സമയമെടുത്ത് രണ്ട് വിഭാഗങ്ങളെക്കുറിച്ച് മാത്രം പറഞ്ഞു. മറ്റ് വംശീയരെക്കുറിച്ച് പരാമർശിക്കുവാൻ ഹിലറിയോ ട്രംപോ തയാറായില്ല. വലിയ വോട്ട് ബാങ്കുകളല്ല ഇവർ എന്നതായിരിക്കാം കാരണം.

ഇടയ്ക്കിടെ ഉണ്ടാവുന്ന ഒരു വർഗക്കാരും നിയമപാലകരും തമ്മിലുളള ഏറ്റുമുട്ടലുകൾക്ക് കാരണം ഉൾനഗരങ്ങളിലെ സായുധരായ സംഘങ്ങളാണെന്ന് ട്രംപ് പറഞ്ഞു. ഇവരെ കുറിച്ച് വളരെ സഹതാപപ്രദമായ സമീപനമാണ് ഹിലറി നടത്തിയത്. എന്നാൽ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ട്രംപിനും ഹിലരിക്കും വ്യക്തമല്ല എന്നാണ് സമീപനങ്ങളിലൂടെ പ്രകടമായത്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഭരണകൂടങ്ങൾ എടുത്തു കൊണ്ടിരിക്കുന്ന നടപടികൾ അവരെ ബോധ്യപ്പെടുത്തുകയും വേണമെന്ന നിർദേശം ഹിലറിയിൽനിന്നോ ട്രംപിൽനിന്നോ ഉണ്ടായില്ല.

ജനങ്ങളെ തടഞ്ഞു നിർത്തി പരിശോധിക്കുന്ന നടപടിയിലും വ്യക്തമായ നിർദേശം ഇരുവർക്കും ഉണ്ടായില്ല.
41 വർഷം മുൻപ് ട്രംപ് വ്യവസായം ആരംഭിച്ചപ്പോഴും 20 വർഷം മുൻപ് ബ്യൂട്ടി പാജന്റിൽ സംബന്ധിച്ചപ്പോഴും സംഭവിച്ച കാര്യങ്ങൾ ചികഞ്ഞെടുത്ത് മോഡറേറ്റർ ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ ഹിലറിയെക്കുറിച്ച് അത്രയും ഗവേഷണം നടത്തുവാൻ മോഡറേറ്ററുടെ ടീം മെനക്കെട്ടില്ല.

വ്യവസായത്തെക്കുറിച്ചും ഇറാഖിനെക്കുറിച്ചും ഐസിസിനെക്കുറിച്ചും എണ്ണ ഉത്പാദനത്തെയും വിലയെയും കുറിച്ചുമെല്ലാം നടത്തിയ പ്രസ്താവനകൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയോ ഒബാമ കെയറോ വലുതായി പരാമർശിക്കപ്പെട്ടില്ല.

സുരക്ഷ പരാമർശിച്ചപ്പോൾ ട്രംപ് കെട്ടി ഉയർത്തണമെന്ന് പറയുന്ന അതിർത്തിമതിലും ചർച്ചാ വിഷയമാവാമായിരുന്നു. അനുവദിച്ച സമയം ലംഘിക്കുമ്പോൾ മോഡറേറ്റർ ഫലപ്രദമായി ഇടപെട്ടു കണ്ടില്ല. ട്രംപ് ബാങ്ക് റപ്ട്സി ആറ് തവണയാണോ നാല് തവണയാണോ എന്ന തർക്കത്തിന് മാധ്യമങ്ങൾ വലിയ പ്രധാന്യം നൽകി. സാധാരണ വോട്ടർമാരുടെ പ്രശ്നങ്ങൾ പരാമർശിക്കാത്തതിനെക്കുറിച്ച് പരാതി ഉണ്ടായില്ല. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റും പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ രണ്ട് ഡിബേറ്റും തുടർന്ന് നടക്കും.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.