Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവിനൈസേഷൻ ഇൻ സെന്റ് എഫ്രേം പുസ്തക പ്രകാശനം ഒക്ടോബർ 15ന്

DIVINISATION-BOOK

ഷിക്കാഗോ∙ ഡിവിനൈസേഷൻ ഇൻ സെന്റ് എഫ്രേം എന്ന പേരിൽ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് എഴുതിയിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 2016 ഒക്ടോബർ 15നു ഷിക്കാഗോയിൽ വച്ചു നടത്തപ്പെടും. പൗരസ്ത്യദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയിട്ടുള്ള സെബാസ്റ്റ്യൻ വേത്തനത്ത് അച്ചന്റെ ഡോക്ടറൽ പ്രബന്ധത്തെ അധികരിച്ചിട്ടുള്ളതാണ് ഈ പുസ്തകം. പൗരസ്ത്യ ദൈവശാസ്ത്ര ചിന്തയുടെ, പ്രത്യേകിച്ച് ബൈസന്റൈൻ പാരമ്പര്യത്തിന്റെ ഏറ്റവും ശക്തമായ പ്രബോധനങ്ങളിലൊന്നാണ് മനുഷ്യന്റെ ദൈവികീകരണം. ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ, ബൈസന്റൈൻ പാരമ്പര്യത്തിൽപ്പെടുന്ന സഭാ പിതാക്കന്മാരും ദൈവശാസ്ത്ര ചിന്തകന്മാരും മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ ദൈവികീകരണത്തെക്കുറിച്ച് വ്യക്തമായ പ്രബോധനങ്ങൾ നൽകിയിട്ടുണ്ട്. അവയെക്കുറിച്ചുള്ള പഠനങ്ങളും ധാരാളമായി നടന്നിട്ടുണ്ട്.

എന്നാൽ, ക്രൈസ്തവ മതത്തിന്റെ ഉറവിടത്തോട് ഏറ്റവും കൂടുതൽ അടുത്തു നിൽക്കുന്ന സുറിയാനി പാരമ്പ്യത്തിൽ ഇതൾവിരിഞ്ഞിരിക്കുന്ന ദൈവികീകരണത്തെ സംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന കുറവാണ് ഈ പുസ്തകരചനയിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. സുറിയാനി ദൈവശാസ്ത്ര പാരമ്പര്യത്തിന്റെ നെടുംതൂണും, കിഴക്കിന്റെ സൂര്യൻ, പരിശുദ്ധാത്മാവിന്റെ വീണ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നവനുമായ വിശുദ്ധ എഫ്രേമിന്റെ കൃതികളിൽ ദൈവികീകരണത്തെ സംബന്ധിച്ച് അന്തർലീനമായി കിടക്കുന്ന ദൈവശാസ്ത്ര ചിന്തയാണ് ഈ പുസ്തകത്തിലൂടെ വെളിച്ചംകണ്ടിരിക്കുന്നത്.

സുറിയാനി പാരമ്പര്യത്തിൽപ്പെട്ട എല്ലാ സഭകളുടേയും ദൈവശാസ്ത്ര ചിന്തകളിലും ആരാധനക്രമ ജീവിതത്തിലും വിശുദ്ധ എഫ്രേമിന്റെ പ്രബോധനങ്ങളുടെ നിർണ്ണായകമായ സ്വാധീനം കാണുവാൻ കഴിയും. ക്രൈസ്തവ ലോകത്ത് നടന്ന എല്ലാ വിഭജനങ്ങൾക്കും മുമ്പാണ് വിശുദ്ധ എഫ്രേമിന്റെ കാലഘട്ടം എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രബോധനം ഏവർക്കും സ്വീകാര്യമാണ്. അതുകൊണ്ട് വിശുദ്ധ എഫ്രേമിന്റെ ദൈവശാസ്ത്ര ചിന്തകൾ സഭൈക്യശ്രമങ്ങൾക്ക് കരുത്ത് പകരും.

ഈശോമിശിഹായും അപ്പോസ്തോലന്മാരും ജീവിച്ച യഹൂദ ആദ്ധ്യാത്മികതയുടെ തുടർച്ചയായ സുറിയാനി പാരമ്പര്യത്തിൽ-വിശുദ്ധ എഫ്രേമിന്റെ കൃതികളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ദൈവികീകരണത്തെക്കുറിച്ചുള്ള ആഴമായ പഠനങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം സുറിയാനി പാരമ്പര്യത്തിൽപ്പെട്ട എല്ലാ സഭകൾക്കും തങ്ങളുടെ ആരാധനക്രമ ജീവിതത്തിന്റേയും ആദ്ധ്യാത്മിക ജീവിതത്തിന്റേയും ഊരും വേരും തിരിച്ചറിയുന്നതിനും അതിൽ അഭിമാനംകൊള്ളുന്നതിനും ഏറെ സഹായകമാകും. സെബാസ്റ്റ്യൻ അച്ചൻ ഇതിനോടകം മൂന്നു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലേറ്റ് സെമിനാരിയിലെ OIRSI പബ്ലിക്കേഷൻസ് ആണ് 560 പേജുകളുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോപ്പികൾക്ക് 001 630 310 9957 എന്ന നമ്പരിലോ, frvseban@gmail.com എന്ന ഇമെയിൽ അഡ്രസിലോ ബന്ധപ്പെടുക.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.