Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ചു വാഹനം ഓടിച്ചതിന് ആറാം തവണയും പിടിക്കപ്പെട്ട പ്രതിക്ക് 50 വർഷം തടവ്

drunk-driving

ഹൂസ്റ്റൺ ∙ മദ്യപിച്ചു വാഹനം ഓടിച്ചതിന് ആറാം തവണയും പിടിക്കപ്പെട്ടപ്പോൾ കോടതി നൽകിയത് 50 വർഷത്തെ ജയിൽ ശിക്ഷ.
ഹൂസ്റ്റണിൽ നിന്നുളള 45 വയസുകാരൻ റോണി പോൾ ഹബ് ഗുഡ് ജൂനിയറിനെയാണ് മോൺട് ഗോമറി കോടതി ഓഗസ്റ്റ് 8 തിങ്കളാഴ്ച 50 വർഷത്തേക്ക് ശിക്ഷിച്ചതെന്ന് മോണ്ട് ഗോമറി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫി‌സ് അറിയിച്ചു.

ആറാം തവണ പൊലീസ് പിടിയിലാകുമ്പോൾ റോണിയുടെ രക്തത്തിലെ ആൽക്കഹോൾ അളവ് സാധാരണയിൽ നിന്നും മൂന്നിരട്ടി അധി‌കമായിരുന്നു. പൊലീസിൽ നിന്നും രക്ഷപ്പെടുന്നതിന് അമിത വേഗത്തിൽ വാഹനം ഓടിച്ചു മറ്റ് രണ്ടു വാഹനങ്ങളെക്കൂടി ഇടിച്ച ശേഷമാണ് പ്രതിയെ പൊലീസിന് പിടികൂടാൻ കഴിഞ്ഞത്.

കോടതിയിൽ കേസ് വിചാരണ ആരംഭിക്കുന്നതിനു മുൻപു പ്രതി കുറ്റസമ്മതം നടത്തിയതിനാൽ ശിക്ഷ 50 വർഷമായി കുറക്കുകയായിരുന്നു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിയുടെ പേരിൽ ചാർജ് ചെയ്തിരുന്നത്. 1990 ൽ മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു.

മദ്യപിച്ചു വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും ഗൗരവമായി എടുക്കാതെ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഇതിനെതിരെ ബോധവൽക്കരണം നടത്തുവാൻ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ മുന്നോട്ടുവരേണ്ടതാണ്. അമേരിക്കയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്നവരുടെ സംഖ്യ അനുദിനം വർധിക്കുകയാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: