Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏർളി വോട്ടിങ് നൽകുന്ന സൂചനകൾ

വാഷിങ്ടൺ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 46 ദിവസം ശേഷിക്കെ വോട്ടർമാരുടെ മനസറിയാൻ പല ശ്രമങ്ങളും നടക്കുന്നു. ഇവയിൽ സുപ്രധാനം ഏർളി വോട്ടിങിലെ ചായ്‌വ് എങ്ങോട്ടാണെന്ന് കണ്ടു പിടിക്കുകയാണ്. ആദ്യം ഇതിനുളള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് നോർത്ത് കരോലിന, അയോവ, ഒഹായോ എന്നീ സംസ്ഥാനങ്ങളിലാണ്. നോർത്ത് കരോലിനയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലറി ക്ലിന്റണും അയോവയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപിനുമാണ് ഏർളി വോട്ടിങ് സാധ്യതകൾ എന്നാണ് വിശകലനം. ഒഹായോവിൽ ഏർളി വോട്ടിങ് ബാലറ്റുകൾക്ക് മുമ്പെങ്ങും ഇല്ലാത്ത ആവശ്യക്കാരാണ് ഉളളത്.

ഇപ്പോൾ ലഭ്യമായ വിവരങ്ങൾ നവംബർ 8ന് നടക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകൾ ആണെന്ന് കരുതാനാവില്ല. എങ്കിലും ബാലറ്റ് ആവശ്യപ്പെടുകവഴി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുളള ആഗ്രഹം പ്രകടിപ്പിക്കുന്ന ഇവർ നിശ്ചയമായും വോട്ടു ചെയ്യുന്നവരായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇരു സ്ഥാനാർത്ഥികളുടെയും പ്രചാരണ വിഭാഗങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നത് ഇതിനാലാണ്.

ഏർളി വോട്ടർമാരെ ആകർഷിക്കുന്നതിൽ പരമ്പരാഗതമായി ഡെമോക്രാറ്റിക് പാർട്ടി മുന്നിലാണ്. റിപ്പബ്ലിക്കനുകൾ യഥാർത്ഥ പോളിങ് ദിവസം കുറവ് നികത്തുന്നതിൽ ശ്രദ്ധാലുക്കളാണ്. ഇപ്പോൾ നോർത്ത് കരോലിനയിൽ ആബ് സെന്റീ ബാലറ്റിങ് പുരോഗമിക്കുന്നു. ഈയാഴ്ച ജോർജിയ, വിസ് കോൺസിൽ, വെർജിനിയ എന്നീ സംസ്ഥാനങ്ങളിലും അടുത്തയാഴ്ച അയോവയിലും വോട്ടിങ്ആരംഭിക്കും.

നാല് വർഷം മുൻപ് ഏതാണ്ട് 45.6 ദശലക്ഷം വോട്ടർമാർ(35%) ഏർളി വോട്ടിങ് നടത്തിയിരുന്നു.
നോർത്ത് കരോലിന ട്രംപിന് വിജയിച്ചേ മതിയാകൂ. ഇവിടെ 53,000ൽ അധികം വോട്ടർമാർ ബാലറ്റ് ആവശ്യപ്പെട്ടു. ഇവരിൽ 2,939 പേർ വോട്ടു രേഖപ്പെടുത്തി തിരിച്ചയയ്ക്കുകയും ചെയ്തു. 2012 ൽ 47,313 പേരെ ഈ സമയത്ത് ബാലറ്റുകൾ ആവശ്യപ്പെട്ടിരുന്നുളളൂ.

ഇതിനകം ബാലറ്റുകൾ മടക്കിയവരിൽ 40% ഡെമോക്രാറ്റുകളാണ്. 33% റിപ്പബ്ലിക്കനുകളും. 2012ൽ 43 ശതമാനവുമായി റിപ്പബ്ലിക്കനുകൾ മുന്നിലായിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മിറ്റ് റോംനി ഇവിടെ കഷ്ടിച്ച് ജയിച്ചു. നോർത്ത് കരോലിന ജയിക്കാതെ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ ട്രംപ് നേടുക സംശയകരമാണ്.

അയോവയിൽ ഏർളി വോട്ടിങ് ആരംഭിക്കുന്നത് സെപ്റ്റംബർ 29നാണ്. പക്ഷെ ഇതിനകം ആബ്സെന്റീ ബാലറ്റിന് 68,000 പേർ അപേക്ഷിച്ചു കഴിഞ്ഞു. ഇവരിൽ 60%(40, 476) പേർ ഡെമോക്രാറ്റുകളാണ്. 19% (13,011 പേർ) മാത്രമേ റിപ്പബ്ലിക്കനുകൾ ഉളളൂ. എന്നാൽ 201 നെ അപേക്ഷിച്ച് ഡെമോക്രാറ്റുകളുടെ സംഖ്യ കുറവാണ്. അന്ന് 92,850 പേർ ബാലറ്റ് ആവശ്യപ്പെട്ടിരുന്നു. 2008ലും 2012ലും ശക്തമായ ഏർളി വോട്ടുകളുടെ പിൻബലത്തിൽ ബരാക്ക് ഒബാമ മുന്നിൽ നിന്നു.

എന്നാൽ തിരഞ്ഞെടുപ്പു ദിവസം പിന്നിലേയ്ക്ക് തളളപ്പെട്ടു. ഏർളി വോട്ടിങിൽ നേടിയാലും യഥാർത്ഥ വോട്ടെടുപ്പിൽ പിന്നിലാവാം എന്നതിന് ഉദാഹരണമാണിത്. ഇത്തവണത്തെ ഏർളി വോട്ടിങ് കണക്കുകൾ ഉദ്ധരിച്ച് വോട്ടർമാരിൽ താൽപര്യം വളർത്തുന്നതിൽ ഹിലറിയുടെ പ്രചാരണ സംഘം പരാജയപ്പെട്ടു എന്ന് റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി ആരോപിച്ചു. ആർഎൻസി 'പുറത്തിറങ്ങി വോട്ടു ചെയ്യൂ' എന്ന പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ്.

ഒഹായോവിൽ 5,24,000 വോട്ടർമാർ ആബ്സെന്റി ബാലറ്റുകൾ ആവശ്യപ്പെട്ടു. 2012ൽ ഇത് 4,85,000 ആയിരുന്നു. അന്ന് റിക്കാർഡ് 18,70,000 വോട്ടുകളാണ് തപാലിലും നേരിട്ടും ലഭിച്ചത്. വർധന നടന്നത് തുടർന്നുളള ദിനങ്ങളിലായിരുന്നു. പാർട്ടി അനുസരിച്ചുളള അപേക്ഷാ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല. ഒഹായോവിൽ ഇതുവരെ ലഭിച്ച അപേക്ഷകളിൽ വിദേശത്തു നിന്നും മിലിട്ടറി സേനാംഗങ്ങളിൽ നിന്നും ഉളളത് 11,000 ആണ്. വോട്ടർമാർക്ക് ഒക്ടോബറിൽ ഒരു ദിവസം രജിസ്റ്റർ ചെയ്ത അന്നു തന്നെ വോട്ടു ചെയ്യാൻ അനുവദിക്കണം എന്ന സംസ്ഥാന അഭ്യർത്ഥന സുപ്രീം കോടതി കഴിഞ്ഞയാഴ്ച നിരാകരിച്ചു.

വാർത്ത ∙ ഏബ്രഹാം തോമസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.