Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡ്മണ്ടൻ സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിലെ ഓണാഘോഷം നടന്നു

edmonton-1

എഡ്മണ്ടൻ (കാനഡ)∙ എഡ്മണ്ടൻ സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിലെ 2016ലെ ഓണാഘോഷങ്ങൾ സെപ്റ്റംബർ പതിനൊന്നാം തീയതി 1.30ന് അത്തപ്പൂക്കള മത്സരത്തോടെ ആരംഭിച്ചു. എട്ടു കൂട്ടായ്മകളും വാശിയോടെ പങ്കെടുത്ത മത്സരത്തിൽ ഓരോ കൂട്ടായ്മയിലേയും അംഗങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹവും പ്രകടമായിരുന്നു. രണ്ടര മണിക്കൂർ സമയത്തിനുള്ളിൽ ഏറ്റവും മനോഹരവും വ്യത്യസ്തവുമായ പൂക്കളമാണ് ഓരോ കൂട്ടായ്മയും അവതരിപ്പിച്ചത്.

edmonton-4

വൈവിധ്യമാർന്ന പൂക്കളത്തിനൊപ്പം മാവേലിയും, വള്ളംകളിയും, കേരവൃക്ഷവും പൂക്കളങ്ങളായി കണ്ണിന് ഇമ്പമേകി. കേരളക്കരയുടെ പഴമയുടേയും പാരമ്പര്യത്തിന്റേയും നിറവും, മികവും ഓരോ പൂക്കളത്തിലും പ്രകടമായിരുന്നു.
വാശിയേറിയ മത്സരത്തിൽ ഇമ്മാനുവേൽ കൂട്ടായ്മ ഒന്നാംസ്ഥാനവും, സെന്റ് ജൂഡ് കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി. അതിനെ തുടർന്ന് നടന്ന ദിവ്യബലിക്ക് ഇടവക വികാരി റവ. ഫാ. ഡോ. ജോൺ കുടിയിരുപ്പിൽ നേതൃത്വം നൽകി.

edmonton-5

സെപ്റ്റംബർ 18ന് മറ്റ് ആഘോഷങ്ങളും മത്സരങ്ങളും നടത്തി. മൂന്നുമണിക്ക് വിശുദ്ധ കുർബാനയും 4 മണിക്ക് മറ്റ് ആഘോഷപരിപാടികളും ആരംഭിച്ചു. നാടൻപാട്ട് മത്സരമായിരുന്നു ആദ്യ ഇനം. എട്ടു കൂട്ടായ്മകളും വാശിയോടെ പാടിത്തകർത്ത വേദിയിൽ കേരളത്തിന്റെ തനതായ നാടൻ പാട്ടുകളും, വഞ്ചിപ്പാട്ടുകളും, പുള്ളുവൻപാട്ടും കാതുകൾക്ക് ഇമ്പമായി.

edmonton-2

പാട്ടിന് അകമ്പടിയായി കൊയ്ത്തുകാരും, മാവേലിയും, നർത്തകരും, ജന്മിയും കുടിയാനും എത്തി. നാടൻപാട്ട് മത്സരത്തിൽ ഹോളി ഫാമിലി കൂട്ടായ്മ ഒന്നാംസ്ഥാനവും, സെന്റ് ആന്റണി കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി. അതിനെ തുടർന്നായിരുന്നു ടാബ്ലോ മത്സരം നടത്തിയത്. ഓണവും, കേരളത്തിന്റെ സാമൂഹിക വ്യവസ്ഥിതിയുമായിരുന്നു ടാബ്ലോയുടെ വിഷയം. എല്ലാ കൂട്ടായ്മകളും വാശിയോടെ മത്സരിച്ചപ്പോൾ കേരളത്തിലെ ഇന്നത്തെ താരമായ നായയും, കാലപഴക്കമനുസരിച്ച് ഓണം നേരിടുന്ന വെല്ലുവിളിയും, മാവേലിയും, വാമനനും വേദിയിൽ അണിനിരന്നു. ടാബ്ലോ മത്സരത്തിന് സെന്റ് ജൂഡ് കൂട്ടായ്മ ഒന്നാം സ്ഥാനവും, ഹോളിഫാമിലി കൂട്ടായ്മ രണ്ടാം സ്ഥാനവും നേടി.

edmonton-3

തുടർന്ന് നടന്ന കൾച്ചറൽ പ്രോഗ്രാമിൽ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. കൊച്ചു കുട്ടികളുടെ ഓണനൃത്തത്തോടെ ആരംഭിച്ച പരിപാടിയിലെ കർഷകനൃത്തം, ഫ്യൂഷൻ ഡാൻസ്, സിംഗിൾ ഡാൻസ്, ഓണപ്പാട്ടുകൾ എന്നിവ കേരളത്തനിമ ഉണർത്തുന്നവയായിരുന്നു. ഇടവകയുടെ ചരിത്രത്തിൽ ആദ്യമായി മാതൃജ്യോതിസ് അംഗങ്ങൾ മൈം അവതരിപ്പിച്ചപ്പോൾ, നൈറ്റ് ഓഫ് കൊളംബസ് അംഗങ്ങൾ തിരുവാതിര അവതരിപ്പിച്ചു. സമ്മാനദാനം ഇടവക വികാരി റവ.ഫാ. ഡോ. ജോൺ കുടിയിരുപ്പിൽ നിർവഹിച്ചു. ഷൈജു സ്റ്റീഫൻ കൃതജ്ഞത രേഖപ്പെടുത്തി.

edmonton-6

വിവിധ കൂട്ടായ്മകളിൽ നിന്നും തയ്യാറാക്കികൊണ്ടുവന്ന ഓണവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണസദ്യയും ഉണ്ടായിരുന്നു. നാവിൽ കൊതിയൂറുന്ന ഓണസദ്യയും കൂടിയായപ്പോൾ എഡ്മണ്ടനിലെ സിറോ മലബാർ വിശ്വാസികൾക്ക് കേരളത്തിൽ ഒരു ഓണം ആഘോഷിച്ച പ്രതീതിയുണർത്തി. ഇടവക, പള്ളി കമ്മിറ്റി അംഗങ്ങളുടെ സഹായത്തിനും സഹകരണത്തിനും ഒപ്പം ഇടവക വികാരി റവ.ഫാ. ഡോ. ജോൺ കുടിയിരുപ്പിലിന്റെ കഠിനാധ്വാനവും അദ്ദേഹത്തിന്റെ ഇടവകയോടുള്ള പ്രതിബദ്ധതയുമാണ് ഓണാഘോഷങ്ങൾ ഇത്രയധികം ഭംഗിയുള്ളതാക്കിയത്.

ഇടവകയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ‘അടുക്കള തോട്ടത്തിന്’ നൽകുന്ന ജോൺ മാത്യു കറ്റോഴം ചമ്പക്കുളം എവർറോളിംഗ് ട്രോഫിക്ക് ഷേർളി ഷാജി അർഹയായി. പൂക്കള മത്സരത്തിലെ വിജയികൾക്ക് വർക്കി ജോസഫ് കളപ്പുരയിലും, ടാബ്ലോ മത്സരത്തിലെ വിജയികൾക്ക് സിജോ സേവ്യറും, നാടൻപാട്ട് മത്സരത്തിലെ വിജയികൾക്ക് റ്റിജോ ജോർജും സ്പോൺസർ ചെയ്ത എവർറോളിംഗ് ട്രോഫി സമ്മാനിച്ചു. പുറത്തുനിന്നും എത്തിയ പ്രഗത്ഭരായ വിധികർത്താക്കളായിരുന്നു പൂക്കളം, ടാബ്ലോ, നാടൻപാട്ട് എന്നീ മത്സരങ്ങളുടെ വിധികർത്താക്കളായത്. മിനു വർക്കി കളപ്പുരയിൽ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.