Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ഷൻ ഡിബേറ്റ് പടക്കളത്തിൽ മലയാളികൾ ഏറ്റുമുട്ടി

election-debate04

ഹൂസ്റ്റൺ∙ ഡെമോക്രാറ്റിക് പാർട്ടി നോമിനി ഹിലറി ക്ലിന്റനു വേണ്ടിയും, റിപ്പബ്ലിക്കൻ പാർട്ടി നോമിനി ഡോനാൾഡ് ട്രംപിനു വേണ്ടിയും അരയും തലയും മുറുക്കി എത്തിയ ഗ്രെയിറ്റർ ഹൂസ്റ്റണിലെ മലയാളികൾ തിരഞ്ഞെടുപ്പ് സംവാദ ഗോദയിൽ അതിശക്തമായി ഏറ്റുമുട്ടി. രണ്ടു പാർട്ടികളുടേയും ആശയങ്ങളും അജണ്ടകളും ട്രാക്കു റിക്കാർഡുകളും കൈമുതലാക്കി ഹൂസ്റ്റണിലെ രാഷ്ട്രീയ പ്രബുദ്ധരായ വ്യക്തികൾ ഇരുപക്ഷവും നിന്ന് അത്യന്തം വീറോടും വാശിയോടും പോരാടി.

election-debate02

കേരളാ ഡിബേറ്റ് ഫോറം യുഎസ്എ ഗ്രെയിറ്റർ ഹൂസ്റ്റണിലെ ഷുഗർലാൻഡിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രസിഡൻഷ്യൽ ഇലക്ഷൻ സംവാദവേദി രാഷ്ട്രീയ സാമൂഹ്യ ആശയങ്ങളുടെ മാറ്റുരച്ച ഒരു പടക്കളമായി മാറി. ഒക്ടോബർ 8ന് രാവിലെ 10.30 മുതലായിരുന്നു സംവാദം. കേരളാ ഡിബേറ്റ് ഫോറം യുഎസ്എയ്ക്കുവേണ്ടി സംവാദത്തിന്റെ മോഡറേറ്ററായി എ.സി. ജോർജ് പ്രവർത്തിച്ചു. ഡിബേറ്റിൽ ഗ്രെയിറ്റർ ഹൂസ്റ്റണിലെ രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹ്യ, മാധ്യമ നേതാക്കളും പ്രവർത്തകരുമായി ഒട്ടനവധി പേർ പങ്കെടുത്തു.

election-debate05

ജോസഫ് പൊന്നോലി സന്നിഹിതരായവർക്ക് സ്വാഗതമാശംസിച്ചു. തുടർന്ന് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പക്ഷങ്ങൾ അവരുടെ ആവനാഴിയിലെ അമ്പുകൾ നേർക്കുനേരെ തൊടുത്തു വിടാനാരംഭിച്ചു. എന്നാൽ തികച്ചും സഭ്യവും സമാധാനപരവുമായി പക്ഷ പ്രതിപക്ഷ ബഹുമാനത്തോടെ തന്നെയാണ് സംവാദം മുന്നേറിയത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോനാൾഡ് ട്രംപിന്റെ പക്ഷത്തിനു വേണ്ടി പാനലിസ്റ്റുകളായി ഡോക്ടർ മാത്യു വൈരമൺ, ഡോക്ടർ സണ്ണി എഴുമറ്റൂർ, ശശിധരൻ നായർ, ഐസക് വർഗീസ് പുത്തനങ്ങാടി, തോമസ് ഓലിയാൻകുന്നേൽ, ടോം വിരിപ്പൻ എന്നിവർ നിലകൊണ്ടപ്പോൾ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹിലറി ക്ലിന്റൻ പക്ഷത്തിനു വേണ്ടി കെ.പി.ജോർജ്, ജോർജ് മണ്ണികരോട്ട്, പൊന്നുപിള്ള, മാത്യൂസ് ഇടപ്പാറ, നയിനാൻ മാത്തുള്ള, ടി.എൻ. സാമുവൽ എന്നിവർ നിലകൊണ്ടു.

election-debate06

പാനലിസ്റ്റുകൾ അവരവരുടെ പക്ഷത്തിനും സ്ഥാനാർത്ഥികൾക്കും വേണ്ടി വസ്തുതകൾ നിരത്തികൊണ്ട് അതിതീവ്രമായി പ്രാരംഭ പ്രസ്താവനകളിൽ തന്നെ വാദിച്ചു. ടൗൺഹാൾ പബ്ലിക് മീറ്റിംഗ് ഫോർമാറ്റിലായിരുന്നു ഡിബേറ്റ്. തുടർന്ന് സദസ്യരിൽ നിന്ന് പ്രസ്താവനകളുടേയും പാനലിസ്റ്റുകളോടുള്ള ചോദ്യങ്ങളുടേയും അനുസ്യൂതമായ പ്രവാഹവും കുത്തൊഴുക്കുമായിരുന്നു. ചിലരെല്ലാം ചോദ്യങ്ങൾക്കു മുമ്പിൽ വിയർക്കുകയും വെള്ളം കുടിക്കുകയും ചെയ്തു.

election-debate01

റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനി ഡോണാൾഡ് ട്രംപ് ഒരു രാഷ്ട്രീയ തന്ത്രജ്ഞനോ ഭരണപാടവമോ ഇല്ലാത്ത ഒരു പൊളിഞ്ഞ ബിസിനസ്സുകാരനാണ്, അമേരിക്കൻ ജനതയുടെ വിവിധ പ്രശ്നങ്ങളെ പറ്റിയുള്ള ന്യായമായ പരിജ്ഞാനമോ അവരെ നയിക്കാനൊ ഉള്ള ഒരു യോഗ്യതയും ചങ്കുറപ്പും ഡോണാൾഡ് ട്രംപിനില്ല.ലോകം മുഴുവൻ നശിപ്പിക്കാൻ ശക്തമായ ആറ്റംബോംബിന്റെ കോഡ് ഇത്തരക്കാരന്റെ കയ്യിൽ വന്നാലെന്താകും സ്ഥിതി എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഡെമോക്രാറ്റ് പാനലിസ്റ്റുകൾ ഉയർത്തിയപ്പോൾ അതേ നാണയത്തിൽ തന്നെ റിപ്പബ്ലിക്കൻ പാനലിസ്റ്റുകൾ തിരിച്ചടിച്ചു.

ഹിലറിയുടെ ഉത്തരവാദിത്ത ബോധമില്ലാതുള്ള ഇമെയിൽ വിവാദം വോട്ടറന്മാർ മറക്കാൻ സാധ്യതയില്ലെന്നവർ തുറന്നടിച്ചു. ഡെമോക്രാറ്റ് നോമിനി ഹിലറി സ്പെഷ്യൽ താൽപ്പര്യക്കാരുടേയും നിക്ഷിപ്ത ക്യാപിറ്റലിസ്റ്റുകളുടേയും തടവറയിലാണ്. റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് ജോർജ് ബുഷിന്റെ ഇറാക്ക് യുദ്ധത്തെ പിൻതുണച്ച ഹില്ലരി ക്ലിന്റൻ ഇപ്പോഴതിനെ തള്ളിപ്പറയുന്നു. ലോകത്തെമ്പാടും യുഎസിലും എത്രയെത്ര ഭീകരാക്രമണമാണ് നടമാടുന്നത്? അനിയന്ത്രിതവും നിയമ വിരുദ്ധമായ കുടിയേറ്റങ്ങളെ തടയാൻ ഹില്ലറിക്ക് യാതൊരു പ്ലാനുമില്ല എന്നിവയായിരുന്നു റിപ്പബ്ലിക്കൻ പാനലിസ്റ്റുകളുടെ എതിർവാദങ്ങൾ.

election-debate03

സമൂഹത്തിലെ ഉയർന്ന വരുമാനക്കാർക്കും വമ്പൻ കോർപ്പറേറ്റുകൾക്കും സബ്സിഡിയും നികുതി ആനുകൂല്യങ്ങളും നൽകി സാധാരണക്കാരേയും പാവപ്പെട്ടവരേയും ഞെക്കിപിഴിയാനാണ് ട്രംപിന്റെ പ്ലാനുകൾ. കമ്പനികളും തൊഴിലുകളും വിദേശത്തേക്കു പോകുന്നു, ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നു എന്നു പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്ന ട്രംപ് തന്നെ തങ്ങളുടെ ജോലികൾ വിദേശത്തേക്ക് പറിച്ചു നട്ടു എന്ന് ഡെമോക്രാറ്റിക് പാനലിസ്റ്റുകൾ ആരോപിച്ചു.

ഒബാമയുടെ നയങ്ങൾ പിൻതുടരാൻ പോകുന്ന ഡെമോക്രാറ്റിക് പ്രസിഡന്റ് ഹിലറിയുടെ ഭരണം വന്നാൽ അമേരിക്കയുടെ വിദേശത്തുള്ള സ്ഥാനം ഇനിയും ഇടിയുമെന്നും ഇപ്പോഴത്തെ ഫെഡറൽ നയങ്ങൾ തുടർന്നാൽ യുഎസ് ട്രഷറി കാലിയാകുമെന്നും സോഷ്യൽ സെക്യൂരിറ്റി, മെഡികെയ്ഡ്, മെഡികെയർ പെയ്മെന്റ് കാലക്രമേണ നിലക്കുമെന്നും റിപ്പബ്ലിക്കൻ പാനലിസ്റ്റുകൾ പറഞ്ഞു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ ഒരു ഭരണമാറ്റം റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക്, ഡോണാൾഡ് ട്രംപിലേക്കുണ്ടാകണമെന്നും റിപ്പബ്ലിക്കൻ പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു.

ലഭ്യമായ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ടു രണ്ടു പാർട്ടിക്കും തുല്യപരിഗണനയും ചിട്ടയും ഓർഡറും നിലനിർത്താൻ കേരളാ ഡിബേറ്റ് ഫോറത്തിനുവേണ്ടി ഡിബേറ്റ് മോഡറേറ്റ് ചെയ്ത എ.സി. ജോർജിന് കഴിഞ്ഞു. മൂന്നു മണിക്കൂർ ദീർഘിച്ച ഈ ഡിബേറ്റിൽ ചോദ്യങ്ങൾ ചോദിച്ചവർ ബാബു കുരവക്കൽ, ജോൺ കുന്തറ, ജോൺ മാത്യു, മേരി കുരവക്കൽ, ബോബി മാത്യു, മാത്യു നെല്ലിക്കുന്ന്, ശങ്കരൻ കുട്ടി പിള്ള, ജയിംസ് മുട്ടുങ്കൽ, ജീമോൻ റാന്നി, ബ്ലസൻ ഹൂസ്റ്റൺ, ശ്രീ പിള്ള, തോമസ് തയ്യിൽ, തോമസ് മാത്യു, മോട്ടി മാത്യു, സാബൂ നയിനാൻ, ജേക്കബ് ഈശൊ, ജോർജ് പോൾ, മെൽവിൻ മാത്യു, ജയിസൻ ജോർജ്, ഷിജിമോൻ ഇഞ്ചനാട്ട് തുടങ്ങിയവരാണ്. പാർട്ടി ഏതായാലും അവരവരുടെ സമ്മതിദാനാവകാശം ഏവരും വോട്ടു ചെയ്തു പ്രകടിപ്പിക്കണമെന്ന് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ അടിവരയിട്ടു പറഞ്ഞു.

വാർത്ത∙ എ.സി. ജോർജ്
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.