Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെഡറൽ ജഡ്ജിയായി അബിദ് ഖുറേഷിക്ക് നോമിനേഷൻ : ചരിത്രം കുറിച്ച് ഒബാമ

obama

വാഷിങ്ടൺ ∙ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഫെഡറൽ ജഡ്ജി സ്ഥാനത്തേക്ക് മുസ്ലീം സമുദായത്തിൽപ്പെട്ട അബിദ് ഖുറേഷിയെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. സ്ഥാനമൊഴിയാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നടത്തിയ പ്രഖ്യാപനം പ്രാബല്യത്തിൽ വരുമോ എന്ന് വരും നാളുകളിൽ വ്യക്തമാകും.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോർട്ട് ബെഞ്ചിൽ സേവനമനുഷ്ഠിക്കുവാൻ ഖുറേഷിയെ താൻ നോമിനേറ്റു ചെയ്യുന്നു. അമേരിക്കൻ നീതി ന്യായ വ്യവസ്ഥയോടു പൂർണ്ണമായി കൂറു പുലർത്തുവാനും എല്ലാവർക്കും തുല്യനീതി ലഭ്യമാക്കുന്നതിനും ഖുറേഷിക്ക് കഴിയുമെന്ന് താൻ വിശ്വസിക്കുന്നു എന്നും ഒബാമയുടെ പ്രസ്താവനയിൽ പറയുന്നു.

ജൂഡിഷ്യറിയിലെ എല്ലാ നോമിനേഷനുകളും സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ തടഞ്ഞുവെയ്ക്കുകയും നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ വിവാദമാവുകയും ചെയ്ത സാഹചര്യത്തിൽ ഒബാമയുടെ പുതിയ നീക്കം റിപ്പബ്ലിക്കൻ പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും.

ഖുറേഷിയുടെ നോമിനേഷൻ മുസ്ലീം സമുദായം സ്വാഗതം ചെയ്തു. 2016ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലെത്തിയാൽ പ്രസിഡന്റ് വീണ്ടും ഖുറേഷിയെ നോമിനേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫർഹാന കിറ പറഞ്ഞു. അബിദ് ഖുറേഷിയെ നോമിനേറ്റു ചെയ്യുക വഴി ഒബാമ അമേരിക്കൻ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു എന്ന് അഭിമാനിക്കാം.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: