Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിന്തയിലും വാക്കിലും പ്രവർത്തിയിലും ഉത്തമ കത്തോലിക്കരാകുക: ഫാ. ജിമ്മി പൂച്ചക്കാട്ട്

fr-jimmy

ഫീനിക്സ്∙ കളങ്കരഹിതമായ മൂല്യബോധത്തോടെ സത്യസന്ധമായ മനുഷ്യബന്ധം നിലനിർത്തി ഉത്തമ വിശ്വാസത്തോടെ ജീവിക്കണമെന്നാണ് കത്തോലിക്കരോട് സഭ ആവശ്യപ്പെടുന്നതെന്ന് ഫാ. ജിമ്മി പൂച്ചക്കാട്ട്. കേവലമായ ഭക്താനുഷ്ഠാനങ്ങളോ, ചടങ്ങുകളോ, ആഘോഷങ്ങളോ കത്തോലിക്കാ വിശ്വാസത്തെ പൂർണ്ണമാക്കുന്നില്ല. വിശ്വാസ പ്രമാണത്തിലൂടെ സഭ പഠിപ്പിക്കുന്ന പന്ത്രണ്ട് വിശ്വാസപ്രഖ്യാപനങ്ങളുടെ ഏറ്റുപറച്ചിലും തദനുസാരമുള്ള ജീവിതവുമാണ് കത്തോലിക്കാ വിശ്വാസത്തെ പൂർണ്ണമാക്കുന്നത്. വിശ്വാസ പ്രമാണത്തിലൂടെ നാം ഏറ്റുചൊല്ലുന്ന പന്ത്രണ്ടു വിശ്വാസ സത്യങ്ങളെ പരിശുദ്ധത്രിത്വം, പരിശുദ്ധ സഭ, നിത്യജീവിതം എന്നിങ്ങനെ മൂന്നായി വിശുദ്ധ അഗസ്റ്റിൻ സംഗ്രഹിച്ചിരിക്കുന്നു. ഈ അടിസ്ഥാന വിശ്വാസ സത്യങ്ങളിൽ ഏതെങ്കിലുമൊന്ന് വാക്കിലോ പ്രവർത്തിയിലോ നിഷേധിച്ചാൽ കത്തോലിക്കാ വിശ്വാസം അപൂർണ്ണമാകുമെന്നും റവ.ഫാ. ജിമ്മി പൂച്ചക്കാട്ട് അഭിപ്രായപ്പെട്ടു.

അരിസോണ ഹോളിഫാമിലി സിറോ മലബാർ ദേവാലയം സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ആഗോള സിറോ മലബാർ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവ് കൂടിയായ ഫാ. ജിമ്മി.

ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് ജീവിക്കുകയും നിലനിൽക്കുകയും ചെയ്യുമെന്ന് അച്ചൻ ചൂണ്ടിക്കാട്ടി. നിത്യജീവിതമെന്ന മഹത്തായ വിശ്വാസ സത്യം ലക്ഷ്യമാക്കി ഉത്തമ കത്തോലിക്കരായി ജീവിക്കാൻ വരുംതലമുറയെ പരിശീലിപ്പിക്കേണ്ട ഉത്തരവാദിത്വം കത്തോലിക്കാ മാതാപിതാക്കൾക്ക് ഉണ്ടെന്നു ഫാ. ജിമ്മി കൂട്ടിച്ചേർത്തു. പരിശുദ്ധ ത്രിത്വത്തിലും പരിശുദ്ധ സഭയിലും നിത്യജീവിതം ലക്ഷ്യമാക്കി ജീവിക്കാനാണ് ഓരോ വിശ്വാസിയും സഭയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നത്. ചിന്തയിലും വാക്കിലും പ്രവർത്തിയിലും മനോഭാവത്തിലും ദൈവവിചാരത്തിലും സഭയോട് ചേർന്നു നിൽക്കുകയും വളരുകയും ചെയ്യുമ്പോഴാണ് കത്തോലിക്കാ വിശ്വാസ ജീവിതം സാർത്ഥകമാകുന്നത്.

കരുണാവർഷം പ്രമാണിച്ച് ഫീനിക്സ് ഹോളി ഫാമിലി സിറോ മലബാർ ഇടവക നടത്തിവരുന്ന വിവിധ കർമ്മപരിപാടികളുടെ ഭാഗമായാണ് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ദ്വിദിന സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ മനോജ് ജോൺ, പ്രസാദ് ഫിലിപ്പ്, ജയ്സൺ വർഗീസ് എന്നിവർ പരിപാടികളുടെ സംഘാടകരായിരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.