Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോർജ് മത്തായിയെ സിപിഎ ഐപിസിയുടെ ജനറൽ കൗൺസിലേക്ക് തിരഞ്ഞെടുത്തു

george-mathayi

ഡാലസ്∙ പ്രവാസി മലയാളി പെന്തെക്കോസ്ത് ജനങ്ങൾക്ക് സുപരിചിതനായ ജോർജ് മത്തായിയെ വീണ്ടും ഐപിസി ജനറൽ കൗൺസിലേക്ക് തിരഞ്ഞെടുത്തു. ഐപിസി മിഡ്വെസ്റ്റ് റീജിയന്റെ വാർഷിക കൺവൻഷനോടനുബന്ധിച്ച് നടന്ന ജനറൽബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് മുൻപ് ഒരു പ്രാവശ്യം കൗൺസിൽ മെമ്പറായി മികവുറ്റ പ്രവർത്തനശൈലി പ്രകടിപ്പിച്ച ജോർജ് മത്തായി ജനറൽ കൗൺസിലിന്റെ പ്രത്യേക ക്ഷണിതാവായും പ്രവർത്തിച്ചിട്ടുണ്ട്.

ഹൂസ്റ്റൺ, ഒക്കലഹോമ, ഓസ്റ്റിൻ, സാൻ അന്റോണിയോ തുടങ്ങിയ പട്ടണങ്ങളിൽ നിന്നുള്ള സഭാ ശുശ്രൂഷകരുടേയും, സഭാപ്രതിനിധികളുടേയും സംയുക്ത സമിതിയിൽ നിന്നാണ് പ്രതിനിധിയെ തിരഞ്ഞെടുത്തത്. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേന്ദ്രഭരണസമിതിക്കുവേണ്ടി ഭരണഘടനാ നിർമ്മാണ സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഐപിസി മിഡ്വെസ്റ്റ് റീജിയനിൽനിന്ന് ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടു പ്രതിനിധികളാണ് റീജിയന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന പാസ്റ്റർ ഷാജി ഡാനിയേൽ (ഹൂസ്റ്റൺ), ബ്രദർ ഏബ്രഹാം പി. ഏബ്രഹാം (ഡാലസ്) എന്നിവർ. മൂന്ന് വർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.

സാമൂഹിക പ്രതിബദ്ധതയിൽക്കൂടി ഭാരതീയ സുവിശേഷീകരണത്തിനും അന്തർദേശീയ സുവിശേഷീകരണത്തിനും പരമപ്രാധാന്യം കൊടുത്ത് സഭകളെ ശക്തിപ്പെടുത്തുന്നതോടെപ്പം വിവിധ രാജ്യങ്ങളിൽ പാർക്കുന്ന പ്രവാസി പെന്തെക്കോസ്ത് സമൂഹത്തിന്റെ ആത്മീയ ഉന്നതിയുമാണ് കൗൺസിൽ അംഗങ്ങളുടെ ലക്ഷ്യം.

ഒരു പെന്തെക്കോസ്ത്് വിശ്വാസി നിർമ്മാതാവായ ആദ്യ പെന്തെക്കോസ്ത് സിനിമയായ 'ഉപദേശിയുടെ മകൻ' എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധേയനാണ് ജോർജ് മത്തായി. അമേരിക്കയിൽ പഠിച്ച് ജേർണലിസത്തിൽ ബിരുദം നേടിയ
അദ്ദേഹം വിവിധ പെന്തെക്കോസ്ത് സമ്മേളനങ്ങളുടെ നേതൃ നിരയിൽ സേവനം നിർവ്വഹിച്ചിട്ടുണ്ട്.

ദീർഘവർഷം ഒക്കലഹോമ പട്ടണത്തിൽ പാർത്ത് സുവിശേഷീകരണ രംഗത്തും സാമൂഹ്യ തലങ്ങളിലും വിവിധ നിലകളിൽ കർമ്മനിരതനായിരുന്ന അദ്ദേഹം ഇപ്പോൾ ഡാലസിൽ ഐപിസി ഹെബ്രോൻ സഭയിൽ സജീവാംഗമായി തുടരുന്നു.

വാർത്ത∙ രാജു തരകൻ  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.