Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെയും ഹിസ്പാനിക്കുകളുടെയും നിലപാടുകളിൽ മാറ്റമില്ല

വാഷിങ്ടൺ ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ഹിലറി ക്ലിന്റന് വിജയം ഒരു സ്വർണത്താലത്തിൽ നൽകുകയാണെന്ന് ആരോപിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. പല ജനവിഭാഗങ്ങളെയും തന്റെ പ്രസംഗങ്ങളിലൂടെ ട്രംപ് പിണക്കി. വോട്ടർമാരിൽ ഇരുപത് ശതമാനം വരുന്ന മെക്സിക്കൻ(ഹിസ്പാനിക്) വംശജർ ട്രംപിന്റെ ആദ്യകാല പരാമർശങ്ങൾ മുതൽ ട്രംപ് വിരുദ്ധ നിലപാട് സ്വീകരിച്ചു.

ട്രംപ് മെക്സിക്കൻ പ്രസിഡന്റ് എൻറിക് പെന നിയറ്റോയെ കണ്ടതിന് ശേഷമെങ്കിലും നിലപാട് മാറ്റും എന്ന് പലരും പ്രതീക്ഷിച്ചു. നിയറ്റോയോട് അമേരിക്കൻ– മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കണമെന്നും ഇതിന്റെ ചെലവ് മെക്സിക്കോ വഹിക്കണമെന്നും താൻ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് അവകാശപ്പെട്ടു. എന്നാൽ മതിലിനെക്കുറിച്ചു പരാമർശം പോലും ഉണ്ടായില്ലെന്ന് നിയറ്റോ പറഞ്ഞു. നിയറ്റോയുടെ മുന്നിൽ വച്ച് ഹിസ്പാനിക്കുകളെ ട്രംപ് അങ്ങേയറ്റം പുകഴ്ത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.

തിരിച്ച് അമേരിക്കയിലെത്തി മണിക്കൂറുകൾക്കുളളിൽ ഫീനിക്സിൽ നടത്തിയ പ്രസംഗത്തിൽ നിലപാട് മാറ്റമില്ല. മൃദു സമീപനമില്ല, പൊതുമാപ്പില്ല എന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയത്. ഒരു തിരിച്ചു പോക്കില്ല. നിലപാടിൽ ഒരു അയവുമില്ല എന്ന സന്ദേശമാണ് കുടിയേറ്റ നയത്തിന്റെ ഭാഗമായി പുറത്തുവിട്ട പത്തിന പരിപാടിയിൽ ട്രംപ് നൽകിയത്. തന്നെ പിന്താങ്ങുന്ന വലതു പക്ഷത്തെ മാത്രം പ്രീണിപ്പിക്കുവാനാണ് ട്രംപ് ശ്രമിച്ചിരിക്കുന്നത് എന്ന് നിരീക്ഷകർ പറയുന്നു.

ട്രംപ് 26 തവണ പൊതുമാപ്പ് എന്ന വാക്ക് ഉപയോഗിച്ചു. അധികാരത്തിലെത്തിയാൽ ആദ്യ ദിവസം, തന്റെ ഓഫീസിലെ ആദ്യ മണിക്കൂറിൽ തന്നെ നിയമ വിരുദ്ധ കുടിയേറ്റക്കാർ പോയിരിക്കും എന്ന് ട്രംപ് പറഞ്ഞു. ഹിസ്പാനിക് വോട്ടർമാരെ മയപ്പെടുത്തുവാൻ ശ്രമം ഉണ്ടാവും എന്ന പ്രതീക്ഷ ഇതോടെ അസ്തമിച്ചു.

ട്രംപ് അധികാരത്തിലെത്തി തന്റെ പ്രഖ്യാപനം നടപ്പിലാക്കിയാൽ 40 ലക്ഷത്തിലധികം ജനങ്ങൾക്ക് ഉടനെ അമേരിക്ക വിടേണ്ടിവരും. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ എക്സിക്യൂട്ടീവ് ഓർഡറനുസരിച്ച് ഡിഫോർഡ് ആക്ഷൻസ് ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡാക) 7 ലക്ഷത്തിലധികം കുട്ടികൾക്കും കൗമാര പ്രായക്കാർക്കും നാടുകടത്തലിൽ നിന്ന് സംരക്ഷണം ലഭിച്ചിരുന്നു. ട്രംപ് ഈ ഓർഡർ റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

ട്രംപിന്റെ തീരുമാനം നടപ്പിലാകണമെങ്കിൽ കോൺഗ്രസിന്റെ അനുമതി വേണം. എക്സിക്യൂട്ടീവ് ഓർഡറിലൂടെ നടപ്പിലാക്കുവാൻ ശ്രമിച്ചാൽ പലരും കോടതിയെ സമീപിക്കും. ഇതിനിടയിൽ ട്രംപിനെതിരെ ഹിസ്പാനിക് സംഘടനകൾ രംഗത്തെത്തി. നാഷണൽ ഹിസ്പാനിക് അഡ്വൈസറി കൗൺസിൽ തന്നെ പിന്താങ്ങുന്നതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഫീനിക്സ് പ്രസംഗത്തിനുശേഷം ട്രംപ് മയപ്പെടുന്നു എന്ന തങ്ങളുടെ വിശ്വാസം നഷ്ടമായതായി അവർ പ്രതികരിച്ചു. കുടിയേറ്റത്തിന് പരിമിതികളും കൂടുതൽ കടമ്പകളും സൃഷ്ടിക്കുവാനുളള ട്രംപിന്റെ പ്രഖ്യാപനം അവരെ വീണ്ടും ചൊടിപ്പിച്ചു. ഇതിനു പുറമെ നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെയുളള പ്രഖ്യാപനത്തിലും സംഘടനയ്ക്ക് അമർഷമുണ്ട്.

രണ്ടാഴ്ച മുമ്പാണ് ട്രംപ് കൗൺസിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. അന്ന് കൗൺസിൽ നേതാക്കൾ മടങ്ങിയത് ശുഭപ്രതീക്ഷകളോടെയാണ്. നിയമ വിരുദ്ധ കുടിയേറ്റക്കാർക്ക് പൗരത്വത്തിന് മാർഗം തെളിയുന്ന പദ്ധതിക്ക് ട്രംപ് രൂപം നൽകും എന്നവർ വിശ്വസിച്ചു. അമേരിക്കൻ പ്രിൻസിപ്പിൾസ് പ്രോജക്ട്സ് ലറ്റിനോ പാർട്ടണർ ഷിപ്പിന്റെ ഡയറക്ടർ അൽഫോൺസോ അഗ്വിലർ ട്രംപിനുളള തന്റെ പിന്തുണ പിൻവലിക്കുന്നതായി അറിയിച്ചു.

വാർത്ത ∙ ഏബ്രഹാം തോമസ്
 

Your Rating: