Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവ സൈനികന്റെ അമ്മയെ പരിഹസിച്ചു; ട്രംപിനെതിരെ രോഷം

trump-and-Khizr-Khan ഡോണൾഡ് ട്രംപ്, ഖിസർ ഖാൻ

വാഷിങ്ടൺ ∙ കൊല്ലപ്പെട്ട യുഎസ് യുവ സൈനികന്റെ പിതാവിന്റെ പരസ്യവിമർശനത്തിൽ അസ്വസ്ഥനായ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് ടിവി അഭിമുഖത്തിൽ സൈനികന്റെ അമ്മയെ പരിഹസിച്ചതു വിവാദമായി.

വീരമൃത്യു വരിച്ച യുഎസ് ആർമി ക്യാപ്റ്റൻ ഹുമയൂൺ ഖാന്റെ പിതാവ് ഖിസർ ഖാൻ കഴിഞ്ഞ ആഴ്ച ഡമോക്രാറ്റിക് ദേശീയ കൺവൻഷനിൽ ട്രംപിനെതിരെ നടത്തിയ പ്രസംഗം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. മുസ്‌ലിംകൾക്ക് അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ, ‘താങ്കൾ അമേരിക്കയ്ക്കുവേണ്ടി ഒരു ത്യാഗവും ചെയ്തിട്ടില്ല’ എന്നായിരുന്നു ഖിസർ ഖാൻ വികാരഭരിതനായി പ്രഖ്യാപിച്ചത്.

അമേരിക്കൻ ഭരണഘടന ഉയർത്തിപ്പിടിച്ചു ഖിസർ ഖാൻ നടത്തിയ പ്രസംഗത്തിനിടെ, ഭാര്യ ഗസാല നിശബ്ദയായി അരികിലുണ്ടായിരുന്നു. അവരെ മിണ്ടാനനുവദിച്ചില്ലെന്നാണ് ട്രംപിന്റെ പരിഹാസം: അദ്ദേഹത്തിന്റെ ഭാര്യയെ നിങ്ങൾ നോക്കൂ. അവർ അവിടെ ഒന്നും മിണ്ടാതെ നിൽക്കുന്നു. അവർക്കൊന്നും പറയാനില്ല. ഒരുപക്ഷേ, അവരെ സംസാരിക്കാൻ അനുവദിച്ചിട്ടുണ്ടാവില്ല.’ ആരാണ് ആ പ്രസംഗം എഴുതിയത്? ഹിലറിയുടെ പ്രസംഗമെഴുത്തുകാരനാണോ? ’ അസ്വസ്ഥനായ ട്രംപ് എബിസി അഭിമുഖത്തിൽ പറഞ്ഞു.‘ ഞാനും ഒരുപാട് ത്യാഗങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഞാൻ വളരെ, വളരെ കഠിനമായി ജോലിയെടുക്കുന്നു. ഞാൻ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ ഉണ്ടാക്കി. ഗംഭീര സമുച്ചയങ്ങളും പണിതു..’ കൊല്ലപ്പെട്ട സൈനികന്റെ മാതാപിതാക്കൾക്കെതിരെ ട്രംപ് നടത്തിയ പരാമർശങ്ങൾ, റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും എതിർപ്പുണ്ടാക്കി. നിലപാട് മയപ്പെടുത്തിയ ട്രംപ്, താൻ ഹുമയൂൺ ഖാനെ  ‘വീരൻ’ എന്നാണു വിശേഷിപ്പിച്ചതെന്നു ട്വീറ്റ് ചെയ്തു.

2004 ൽ ഇറാഖിൽ ചാവേറാക്രമണത്തിലാണു ഖിസർഖാന്റെ മകൻ ഹുമയൂൺ ഖാൻ (27) കൊല്ലപ്പെട്ടത്. ഹുമയൂണിന് യുഎസ് സേന മരണാനന്തര ബഹുമതികൾ നൽകി ആദരിച്ചിരുന്നു.

Your Rating: