Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര എയർ ആംബുലൻസ് സർവ്വീസ് ഉദ്ഘാടനം ഡാലസിൽ നിർവ്വഹിച്ചു

air-rescue

ഡാലസ് ∙ എയർ മെഡിക്കൽ ഗ്രൂപ്പ് തെക്കേ ഇന്ത്യയിൽ കേരളം, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രധാന സിറ്റികളിൽ ആരംഭിക്കുന്ന രാജ്യാന്തര എയർ ആംബുലൻസ് സർവ്വീസിന്റെ ഉദ്ഘാടനം ഡാലസിൽ നിർവ്വഹിച്ചു.

ഓഗസ്റ്റ് 29 തിങ്കളാഴ്ച ഡാലസ് ഗ്രാന്റ് പ്രയ്റി എയർബസ് ഹെലികോപ്റ്റേഴ്സ് സമുച്ചയത്തിൽ പ്രത്യേക ക്ഷണിതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എയർമെഡിക്കൽ ഗ്രൂപ്പ് സിഇഒ ഫ്രഡ് ബട്ട്റൽ അധ്യക്ഷത വഹിച്ചു.

air-4

കഴിഞ്ഞ ഒമ്പത് വർഷമായ കേരളം ഉൾപ്പെടെയുളള പ്രധാന തെക്കേ ഇന്ത്യൻ സിറ്റികളിൽ ആധുനിക സജ്ജീകരണങ്ങളോടെ എമർജൻസി മെഡിക്കൽ സഹായം നൽകുന്നതിന് എയർബസ് ആരംഭിക്കുന്നതിനെക്കുറിച്ചു നടത്തിയ പഠനങ്ങളുടെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഹെലികോപ്റ്റർ സൗകര്യം ഏർപ്പെടുത്തുവാൻ പ്രചോദനം നൽകിയതെന്ന് ഫ്രഡ് പറഞ്ഞു.

അടിയന്തരമായി മൂന്ന് എമർജൻസി എയർബസ് ഹെലികോപ്റ്ററുകളാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഈ പ്രത്യേക സൗകര്യം ലഭിക്കണമെന്നുളളവർ സംഘടനയിൽ മെമ്പർഷിപ്പ് എടുക്കണമെന്നും മെമ്പർഷിപ്പ് ഉളളവരുടെ ആവശ്യങ്ങൾക്ക് ഹെലികോപ്റ്ററുകൾ സദാ സമയവും ലഭ്യമായിരിക്കുമെന്നും ഫ്രഡ് പറഞ്ഞു.

air-6

അവിതാർ എയർ റസ്ക്യു മാനേജിങ് ഡയറക്ടർ അരുൺ ശർമ്മ കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചു വിവരിച്ചു. രാവിലെ 11 മണിയോടെ എയർബസ് ഹെലികോപ്റ്റേഴ്സ് ഡെലിവറി സെന്ററിൽ എത്തിച്ചേർന്ന അതിഥികളെ നോർത്ത് അമേരിക്കാ റീജിയൻ പ്രസിഡന്റ് ക്രിസ് എമേഴ്സൺ സ്വാഗതം ചെയ്തു.

air-3

4 മുതൽ 6 മില്യൺ വരെ വില മതിക്കുന്ന ആംബുലൻസ് ഹെലികോപ്റ്ററുകൾ ആദ്യമായി തെക്കേ ഇന്ത്യൻ സിറ്റികളിലാണ് സർവ്വീസ് നടത്തുകയെന്നും, തുടർന്ന് ഇന്ത്യയിലെ മറ്റു പ്രധാന സിറ്റികളേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മാനേജിങ് ഡയറക്ടർ അരുൺ ശർമ്മ പറഞ്ഞു. അമേരിക്കയിൽ ലഭിക്കുന്ന ഹെലികോപ്റ്റർ മെഡിക്കൽ സർവ്വീസിന്റെ സൗകര്യങ്ങളാണ് കേരളത്തിലും ലഭ്യമാക്കുക.

air-5

ഡാലസ്–ഫോർട്ട് വർത്തിൽ എയർ മെഡിക്കൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതു ഫിലിപ്പ് ദേവസ്യയാണ്. ഉദ്ഘാടന ചടങ്ങിനുശേഷം മൈക്ക് പ്ലാറ്റ് ഫലകങ്ങൾ വിതരണം ചെയ്തു.

ഡാലസ് – ഫോർട്ട് വർത്തിലെ വിവിധ വാർത്താ ചാനലുകളിൽ നിന്നുളള പ്രതിനിധികൾക്കൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡിഎഫ് ഡബ്ല്യു (DFW) യൂണിയൻ പ്രസിഡന്റ് ബിജിലി ജോർജ്, നാഷണൽ സെക്രട്ടറി പി. പി. ചെറിയാൻ, ജോസ് പ്ലാക്കാട്ട് എന്നിവരും ചടങ്ങുകൾ റിപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേക ക്ഷണിതാക്കളായി എത്തിചേർന്നിരുന്നു.

air-rescue-2

കേരളത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ആംബുലൻസ് സർവീസ് സാധാരണക്കാർക്കുകൂടി ലഭ്യമാക്കുന്നതിനുളള നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഫിലിപ്പ് ദേവസ്യ പറഞ്ഞു. അമേരിക്കയിൽ പരിശീലനം ലഭിച്ച ഇന്ത്യയിൽ നിന്നുളള ആറ് പൈലറ്റുമാരാണ് ഹെലികോപ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുകയെന്നും ദേവസ്യ പറഞ്ഞു.

ഔദ്യോഗിക പരിപാടികളോടനുബന്ധിച്ചു എയർ ബസ് ഹെലികോപ്റ്റേഴ്സിന്റെ വിവിധ നിർമ്മാണ ഘട്ടങ്ങളും പ്രവർത്തന രീതികളും അതിഥികൾക്ക് നേരിട്ട് സന്ദർശിക്കുന്നതിനുളള ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: