Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ കാത്തലിക് റീജിയന്റെ ദശാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം

knanaya-4

ഷിക്കാഗോ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വച്ച് 2016 സെപ്റ്റംബർ 10ന് ശനിയാഴ്ച റീജണൽ ദശാബ്ദി ആഘോഷങ്ങൾ പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാവിലെ 8.30ന് സെന്റ് ‌മേരീസ് പള്ളിയിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ബലിയിൽ റീജിയണിലെ എല്ലാ വൈദികരും സഹകാർമ്മികരായിരുന്നു.

നോർത്ത് അമേരിക്കയിലെ ക്നാനായ ഇടവകകളിൽ നിന്നും, മിഷനുകളിൽ നിന്നുമായി വൈദികരും സന്യസ്തരും, പ്രതിനിധികളുമായി ഇരുനൂറ് പേർ സന്നിഹിതരായിരുന്നു. തുടർന്ന് 10 മണിക്ക് ആരംഭിച്ച ക്നാനായ റീജണൽ പ്രതിനിധി സമ്മേളനം അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റൺ ഫൊറോന പള്ളി വികാരി ഫാ. സജി പിണർക്കയിൽ തിരുവചനം വായിച്ച് ആത്മീയ വ്യാഖ്യാനം നൽകി.

knanaya-catholic

റീജണൽ ഡയറക്ടർ ഫാ. തോമസ് മുളവനാൽ റീജിയന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയും, ഭാവി പ്രവർത്തനങ്ങൾക്കുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. റീജിയന്റെ ചരിത്രപരവും, അജപാലനപരവുമായ വളർച്ചയെക്കുറിച്ച് ജോയി വാപ്പാച്ചിറ സംസാരിച്ചു. മാർ മാത്യു മൂലക്കാട്ട് പ്രതിനിധി സമ്മേളനത്തിന്റെ വിഷയാവതരണ പ്രഭാഷണം നടത്തി.

knanaya-3

ക്നാനായ സമുദായത്തിന്റെ പ്രേക്ഷിത സ്വഭാവവും സഭാത്മക ബന്ധങ്ങളും സവിശേഷ പ്രത്യേകതകളും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മെത്രാപ്പൊലീത്ത തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞു. അതേ തുടർന്ന് ക്നാനായ റീജയണിലെ ഒമ്പത് മിഷനുകളും പന്ത്രണ്ട് ഇടവകകളും അവരുടെ അജപാലന വളർച്ചയെകുറിച്ചു നടത്തിയ പവർപോയിന്റ് അവതരണം റീജിയണിന്റെ അജപാലന രംഗത്തെ അത്ഭുതാവഹമായ വളർച്ചയും സംഭാവനകളും പ്രതിഫലിപ്പിക്കുന്നവയായിരുന്നു.

കാനഡയിലെ പെൻബ്രോക്ക് രൂപതാധ്യക്ഷൻ മാർ മൈക്കിൾ മുർഹൾ തദവസരത്തിൽ സന്നിഹിതനായിരുന്നു. തുടർന്ന് ക്നാനായ റീജിയണിന്റെ ഔദ്യോഗിക ഇലക്ട്രോണിക് കമ്യൂണിക്കേഷൻ പോർട്ടലിന്റെ സ്വിച്ച് ഓൺ കർമ്മം റീജിയണിലെ എല്ലാ പിആർഒമാരുടെയും സാന്നിധ്യത്തിൽ മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു.

knanaya-2

ഉച്ചഭക്ഷണത്തിനുശേഷം പ്രതിനിധികളുടെ തുറന്ന ചർച്ചകൾക്ക് വേദി ഒരുക്കപ്പെട്ടു. റീജിയന്റെ മുൻപോട്ടുള്ള വളർച്ചയ്ക്ക് അനിവാര്യമായ കർമ്മപദ്ധതികൾ മിഷൻ- ഇടവക- റീജണൽ തലങ്ങളിൽ ആവിഷ്ക്കരിക്കുവാനുള്ള വിവിധ നിർദ്ദേശങ്ങളുമായി കുടുംബ നവീകരണത്തെ ലക്ഷ്യം വയ്ക്കുന്ന കുടുംബ സംഗമം റീജിയണൽ തലത്തിൽ ഉണ്ടാകണമെന്ന ആശയം പ്രതിനിധികൾ ഐക്യകണ്ഠേന മുന്നോട്ടു വച്ചു. നമ്മുടെ യുവജനങ്ങളെ സഭയോട് ചേർത്തു നിർത്താൻ റീജണൽ തലത്തിൽ സംവിധാനം ഉണ്ടാകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു.

ദൈവവിളി പ്രോത്സാഹനത്തിന് ഉതകുന്ന കുടുംബ സംവിധാനവും ഉണ്ടാകണം. ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യ പ്രചരണങ്ങളെ അവഗണിച്ച്, സഭയുടെ നല്ല വശങ്ങളിൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും അങ്ങനെ ക്നാനായ ക്രൈസ്തവ സാന്നിധ്യം നോർത്ത് അമേരിക്കയിൽ അനുഗ്രഹമാക്കണമെന്നും പൊതു നിർദ്ദേശമുണ്ടായി.

വൈകുന്നേരം അഞ്ച് മണിക്ക് പ്രതിനിധികളുമായി ഇടപഴകുവാൻ പിതാക്കന്മാരുടെ സാന്നിധ്യമുണ്ടായത് സഭാധികാരികളുമായി സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കുവാൻ സഹായകമായി. ആറു മണിക്കാരംഭിച്ച ക്നാനായ റീജിയണിന്റെ ദശാബ്ദി സമാപന സമ്മേളനം സിറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പ്രസ്തുത യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപാതാധ്യക്ഷൻ‌ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തി. കാനഡയിലെ പെൻബ്രോക്ക് രൂപതാധ്യക്ഷൻ മാർ മൈക്കിൾ മുൾഹർ, ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.

റീജിയന്റെ സ്ഥാപനം വഴി ക്നാനായ സമൂഹത്തിനു കൈവന്ന അജപാലന മുന്നേറ്റങ്ങളെ സംബന്ധിച്ച് സമഗ്രമായ.ി ഒരു വിഷയാവതരണം ഫാ. ഏബ്രഹാം മുത്തോലത്ത് നടത്തി. സാബു മഠത്തിപറമ്പിൽ പ്രതിനിധി സമ്മേളനത്തിന്റെ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചു. ക്നാനായ കാത്തലിക് റീജണൽ ‍ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും, കൺവീനർ ജോയി വാച്ചാച്ചിറ സമ്മേളനത്തിൽ സംബന്ധിച്ച എവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഷിക്കാഗോ മേൾട്ടൻഗ്രോവ് സെന്റ് മേരീസ് മേവുഡ് സേക്രട്ട് ഹാർട്ട് ഇടവകയിലെ പ്രതിനിധി അടങ്ങിയ വിവിധ കമ്മറ്റി അംഗങ്ങളാണ് ദശാബ്ദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. മേജർ ആർച്ച് ബിഷപ്പിനോടും മറ്റ് വിശിഷ്ട വ്യക്തികളോടും കൂടിയുള്ള സ്നേഹവിരുന്നോടെ ദശാബ്ദി ആഘോഷങ്ങൾക്ക് തിരശീല വീണു.

വാർത്ത∙ ജോണിക്കുട്ടി പിള്ളവീട്ടിൽ 

Your Rating: