Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൊസാഞ്ചലസിൽ കലയുടെ ഓണാഘോഷം സെപ്റ്റംബർ 24ന്

onam

ലൊസാഞ്ചലസ്∙ കേരളാ അസോസിയേഷൻ ഓഫ് ലൊസാഞ്ചലസിന്റെ (കല) മുപ്പത്തിയൊൻപതാമത് ഓണാഘോഷം സെപ്റ്റംബർ 24നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നോർവാക്കിലുള്ള പയനിയർ ബുളവാഡിലെ സനാദൻ ധർമ്മ ടെമ്പിൾ ഓഡിറ്റോറിയത്തിൽ (sanatan Dharma Temple Auditorium, 15311 Pioneer Blvd, Norwalk, CA) രാവിലെ 11.30ന് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേൺ കലിഫോർണിയയിലെ മലയാളി സമൂഹം ഒന്നായി ‘കല’യുടെ ഓണാഘോഷങ്ങളിൽ പങ്കുചേരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെയാണ്. ഓണസദ്യയ്ക്കുശേഷം ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയുടെ എഴുന്നള്ളത്ത്. തുടർന്ന് തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.

onam01

കേരളത്തനിമയിൽ പരമ്പരാഗത ഓണവസ്ത്രങ്ങൾ അണിഞ്ഞ് 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫാഷൻ ഷോ, ‘കല മലയാളി ബാലിക-ബാലൻ’, ഈ വർഷത്തെ ഓണാഘോഷങ്ങളുടെ തിലകക്കുറിയായിരിക്കും.

ആഘോഷങ്ങളുടെ ഭാഗമായി കലയുടെ ലൈഫ് മെമ്പേഴ്സിനെ ആദരിക്കും. ഓണം റാഫിൾ നറുക്കെടുപ്പ് തദവസരത്തിൽ നടക്കും. കല- ഗെയിം ഡേയിൽ വിവിധ കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകുന്നതാണ്.

റോഷൻ പുത്തൻപുരയിലും രശ്മി നായരുമാണ് പ്രോഗ്രാം കോർഡിനേറ്റേഴ്സ്. താലപ്പൊലിയുടെ ചുമതല സുജ ഔസോയ്ക്കാണ്. ഓണസദ്യയ്ക്കു നേതൃത്വം നൽകുന്നത് ജോൺ മുട്ടം, സുകുമാരൻ നായർ, റോഷൻ പുത്തൻപുരയിൽ, ജോൺസൺ ചീക്കൻപാറ, ആനന്ദ് കുഴിമറ്റത്തിൽ, ജിമ്മി ജോസഫ്, പി.ജെ. ജോസഫ്, ജോൺ മത്തായി, ജോർജുകുട്ടി പുല്ലാപ്പള്ളിൽ എന്നിവരാണ്.

കലയുടെ മുപ്പത്തിയൊൻപതാമത് ഓണാഘോഷത്തിൽ പങ്കുചേർന്ന് പരിപാടി വിജയമാക്കുവാൻ എല്ലാവരേയും സ്നേഹാദരങ്ങളോടെ പ്രസിഡന്റ് സോദരൻ വർഗീസ്, സെക്രട്ടറി അൻജു ദീപു, ട്രഷറർ സണ്ണി നടുവിലേക്കുറ്റ്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്ഷണിച്ചു. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: