Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൊസാഞ്ചലസ് മലയാളികൾ ഓണം ആഘോഷിച്ചു

losangelas-onam05

ലൊസാഞ്ചലസ്∙ ലൊസാഞ്ചലസ് മലയാളികൾ ഇത്തവണത്തെ ഓണം ഗംഭീരമാക്കി. കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് ഓണത്തോടൊപ്പം സംഘടനയുടെ രജതജൂബിലിയും ശ്രീനാരായണ ഗുരു ജയന്തിയും സംയുക്തമായി ആഘോഷിച്ചത്. സെപ്റ്റംബർ പതിനേഴിന് ടെസ്‌റ്റിനിലെ ചിന്മയ മിഷൻ സെന്റെറിൽ വച്ചു നടന്ന പരിപാടികൾ ഉച്ച മുതൽ വൈകിട്ട് എട്ടു വരെ നീണ്ടു.

പൂർണമായും ജൈവ കൃഷിരീതിയിൽ വളത്തിയെടുത്ത പച്ചക്കറികളും അരിയും ഉപയോഗിച്ചു തയ്യാറാക്കിയ ഇരുപത്തിയൊന്നു വിഭവങ്ങൾ വിളമ്പിയതും ഓർഗാനിക് വാഴയിലയിലായിരുന്നു. ഓണസദ്യക്ക് ശേഷം നിരവധി കലാ -സാംസ്കാരിക പരിപാടികളും അവതരിപ്പിക്കപ്പെട്ടു.

losangelas-onam08

താലപ്പൊലി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെയുള്ള മഹാബലിയുടെ ഏഴുന്നള്ളത്ത്, തിരുവാതിര, കൈകൊട്ടിക്കളി, പുലികളി, ഓണപാട്ടുകൾ, നൃത്തനൃത്യങ്ങൾ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾക്കു പുറമെ ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ രംഗാവിഷ്ക്കാരവും ഓണകാല ഓർമകളിലേക്ക് സദസ്യരെ കൂട്ടികൊണ്ടുപോയി.

losangelas-onam01

ഓമിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം മുഖ്യാതിഥിയായ ചിന്മയ മിഷന്റെ ലൊസാഞ്ചലസ് കേന്ദ്രം അധ്യക്ഷൻ സ്വാമി ഈശ്വരാനന്ദജി നിർവഹിച്ചു. ഓണത്തിന്റെ സന്ദേശം പൂർണമായ അർത്ഥത്തിൽ ഓരോ മലയാളിയും ഉൾക്കൊള്ളണമെന് ഓണസന്ദേശത്തിൽ സ്വാമിജി ഓർമിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലം സംഘടനയെ നയിച്ച മുൻ പ്രസിഡന്റുമാരെയും ആഘോഷങ്ങളുടെ മുഖ്യ പ്രായോജകർ പ്രമുഖ റിയൽ എസ്റ്റേറ്റർ മാത്യു തോമസിനെയും പൊന്നാട നൽകി ആദരിച്ചു.

losangelas-onam02

ഗാനഗന്ധർവ്വൻ യേശുദാസ്, മലയാളികളുടെ പ്രിയതാരം മോഹൻലാൽ പണ്ഡിറ്റ് രമേഷ് നാരായണൻ എന്നിവരുടെ രജത ജൂബിലി - ഓണ സന്ദേശങ്ങൾ പ്രദർശിപ്പിച്ചത് സദസ് ഹർഷാരവത്തോടെ സ്വീകരിച്ചു. ജയ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം, സംഘടനയുടെ രണ്ടര പതിറ്റാണ്ടിന്റെ ചരിത്രം ചുരുങ്ങിയ സമയംകൊണ്ട് ഭംഗിയായി കാണികളിലെത്തിച്ചു.

losangelas-onam40

സ്വദേശികൾ ഉൾപ്പെടെ ഏകദേശം എഴുന്നൂറോളം പേർ വിഭവസമൃദ്ധമായ സദ്യയും കലാ പരിപാടികളും ആസ്വദിക്കാനെത്തിയിരുന്നു. ഓണം രജത ജൂബിലി ആഘോഷങ്ങളും ശ്രീനാരായണ ഗുരു ജയന്തിയും വൻ വിജയമാക്കാൻ അക്ഷീണം പ്രവർത്തിച്ചവർക്കും, സാന്നിധ്യത്തിലൂടെ ആഘോഷങ്ങൾക്കു പൂർണത പകർന്നവർക്കും ഓം പ്രസിഡണ്ട്‌ രമ നായരും, ഭാരവാഹികളായ വിനോദ് ബാഹുലേയൻ, രവി വെള്ളതിരി, സുരേഷ് എഞ്ചൂർ എന്നിവരും നന്ദി അറിയിച്ചു.

വാർത്ത∙ സാൻഡി പ്രസാദ്

Your Rating: