Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ന്യൂസ് പേപ്പർ ബോയ്’ ഒരുങ്ങുന്നു...ഒപ്പം കിങ്കിണിയും

newspapper-boy

ന്യൂയോർക്ക്∙ഫ്രണ്ട്സ് മൂവീ മേക്കേഴ്സിന്റെ ബാനറിൽ സ്ട്രീറ്റ് ലൈറ്റ് എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പ് നിർമ്മിക്കുന്ന ന്യൂസ് പേപ്പർ ബോയ് എന്ന ഹ്രസ്വചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് കുട്ടികൾക്കിടയിൽ പകർച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുന്ന മയക്ക് മരുന്നും മറ്റ് ലഹരി ഉൽപ്പന്നങ്ങളോടുമുള്ള വാസനയ്ക്കെതിരേയുള്ള ഒരു പോരാട്ടമാണ് ഈ ചിത്രം. ന്യൂസ് പേപ്പർ ബോയിയായി തുടങ്ങി ഇന്ത്യയുടെ പ്രഥമ പൗരസ്ഥാനം വരെ അലങ്കരിച്ച അബ്ദുൾ കലാമിന്റെ ജീവിതം ഒരു പാഠമാക്കി, ഒന്നിനും കൊള്ളാത്തവൻ, സാമൂഹ്യ ദ്രോഹി എന്നീ പദങ്ങൾ എന്നു മുതൽക്കോ ചാർത്തിക്കിട്ടിയ ഒരു പ്ലസ് ടൂ വിദ്യാർത്ഥിയെ ശരിയുടെ പാതയിലേക്ക് കൈപിടിച്ചു നടത്താനുള്ള ഒരു അദ്ധ്യാപകന്റെ ശ്രമങ്ങളും അതിൽ അദ്ദേഹം അനുഭവിക്കുന്ന തിക്തഫലങ്ങളും വരച്ചുകാട്ടുന്ന ഈ ചിത്രത്തിൽ അച്ഛനമ്മമാർക്കിടയിലെ പിണക്കങ്ങളും മത്സരബുദ്ധിയും വരുത്തി വയ്ക്കുന്ന വിനകളും തികച്ചും ലളിതമായി പറയുന്നുണ്ട്.

newspapper-boy01

ഇരകൾ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്മാരായ പ്രശസ്ത നാടക രചയിതാവ് അനിലൻ കാവനാടും സുരേഷ് ചൈത്രവും ചേർന്നാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അജിതാ തങ്കച്ചന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും അനിലൻ കാവനാടാണ്.

പത്രപ്രവർത്തകരായ സന്തോഷ് എസ്. കുമാർ, സുരേഷ് ചൈത്രം എന്നിവർ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അഡ്വ: അഖിൽ രാജ് കാപ്പുകുളങ്ങര, സോണി വിദ്യാധരൻ, മിനി ശ്രീകുമാൻ, അഞ്ജലീ പ്രഭാകൻ എന്നിവരോടൊപ്പം നല്ല സിനിമയെ സ്നേഹിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ച മിറക്കിൾ എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കിങ്കിണിയെ അവതരിപ്പിച്ച് മാധ്യമ പ്രശംസ പിടിച്ചു പറ്റിയ ജിംന എന്ന ബാലതാരവും അഭിനയിക്കുന്നുണ്ട്.

newspapper-boy02

പ്ലസ് ടൂ വിദ്യാർത്ഥിയായ അഭിശങ്കറാണ് ചിത്രത്തിൽ ന്യൂസ് പേപ്പർ ബോയിയെ അവതരിപ്പിക്കുന്നത്. കവിത- ശിവരാജൻ കോവിലഴികം, സംഗീതം- കേരള പുരം ശ്രീകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ - ഷിജു പുത്തൂർ, സഹസംവിധാനം - അനന്തു എസ്. അരവിന്ദ്, ക്യാമറ, എഡിറ്റിംഗ് - വിജിൻ കണ്ണൻ. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം സെപ്റ്റംബർ മാസത്തോടെ പുറത്തിറങ്ങുമെന്നും പ്രദർശനത്തിലൂടെ ലഭിക്കുന്ന തുക മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും സ്ട്രീറ്റ് ലൈറ്റ് ഫെയ്സ് ബുക്ക് കൂട്ടായ്മ നേതൃത്വം അറിയിച്ചു. സോണി കല്ലറയ്ക്കൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: