Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓമിന്റെ ഓണം - രജതജൂബിലി ആഘോഷങ്ങൾ സെപ്റ്റംബർ പതിനേഴിന്

ohm-onam

ലൊസാഞ്ചലസ് ∙ ലൊസാഞ്ചലസിലെ മലയാളികൾ സെപ്റ്റംബർ പതിനേഴിന് ഓണം ആഘോഷിക്കുന്നു. കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസാണ് (ഓം) ഓണത്തോടൊപ്പം രജതജൂബിലിയും ശ്രീനാരായണ ഗുരു ജയന്തിയും സംയുക്തമായി ആഘോഷിക്കുന്നത്. സെപ്റ്റംബർ പതിനേഴിന് ടെസ്‌റ്റിനിലെ ചിന്മയ മിഷൻ സെന്ററിൽ ഉച്ച മുതൽ വൈകിട്ട് ഏഴു വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇരുപത്തിയൊന്നു വിഭവങ്ങൾ അടങ്ങിയ ഓണസദ്യക്ക് ശേഷം നിരവധി സാംസ്കാരിക പരിപാടികളും അവതരിപ്പിക്കപ്പെടും. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയുള്ള മഹാബലിയുടെ ഏഴുന്നള്ളത്ത്, തിരുവാതിര, കൈകൊട്ടിക്കളി, പുലികളി, ഓണപാട്ടുകൾ, നൃത്തനൃത്യങ്ങൾ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ മലയാളികളെ ഓണകാല ഓർമകളിലേക്ക് കൈപിടിച്ചു നടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഓമിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം നടത്തും. മുഖ്യാതിഥിയായ ചിന്മയ മിഷന്റെ ലോസാഞ്ചലസ് കേന്ദ്രം അധ്യക്ഷൻ സ്വാമി ഈശ്വരാനന്ദജി ഓണ സന്ദേശം നൽകും. ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലം സംഘടനയെ നയിച്ച പത്തു മുൻ പ്രസിഡന്റുമാരെ ആദരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു തുടങ്ങിയവർ ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരുടെ ഓണ/രജത ജൂബിലി സന്ദേശങ്ങൾ ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

ആഘോഷത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓണഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വൻ വിജയമാക്കാൻ എല്ലാ മലയാളികളും ഒത്തുചേരണമെന്ന് ഓം പ്രസിഡണ്ട്‌ രമ നായരും, ഭാരവാഹികളായ വിനോദ് ബാഹുലേയൻ, രവി വെള്ളതിരി, സുരേഷ് എഞ്ചൂർ എന്നിവരും അഭ്യർഥിച്ചു. ആഘോഷങ്ങളിൽ പങ്കുചേരാനെത്തുന്നവർക്ക് മതിയായ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.ohmcalifornia.org സന്ദർശിക്കുക.

വാർത്ത∙ സാൻഡി പ്രസാദ്

Your Rating: