Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരാണ കേരളീയ രംഗകലക്കു വേദി ഒരുക്കുന്നു

ottam-thullal

ഡാലസ്∙ പുത്തന്‍ തലമുറ അറിയാത്തതും എന്നാല്‍ ലോകം അത്ഭുതാദരങ്ങളോടെ നോക്കിക്കാണുന്ന ഒട്ടേറെ നാടന്‍ കലാരൂപങ്ങള്‍ നമുക്കുണ്ട്. കഥകളിയും ഓട്ടന്‍ തുള്ളലും മോഹിനിയാട്ടവും കൂത്തും കൂടിയാട്ടവുമെല്ലാം നമ്മുടെ അഭിമാനകലകള്‍ തന്നെ. ഇവയെക്കുറിച്ചെല്ലാം ആഴത്തില്‍ അറിയുവാന്‍ പുത്തന്‍ തലമുറ ശ്രമിക്കണം. കേരളീയ സംസ്കാരത്തിന്റെ ഈടുവയ്പ്പുകളായ അത്തരം കലാരൂപങ്ങളെ പ്രവാസി മനസിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഡാലസ് സൗഹൃദ വേദി നിലകൊള്ളുന്നത്.

2016 സെപ്തംബര് 10നു ഡാലസ് സൗഹൃദ വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലെ ഏറ്റവും പുതുമയേറിയതും എന്നാല്‍ പുതിയ തലമുറ ദര്‍ശിക്കാത്തതും, മറന്നുകൊണ്ടിരിക്കുന്നതുമായ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിലൂടെ പ്രവാസി മലയാളി മനസ്സുകളെ കേരളക്കരയിലേക്ക് എത്തിക്കുമെന്ന് സംശയിക്കേണ്ട.

മുപ്പതില്‍പരം വർഷം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആയിരക്കണക്കിന് കുട്ടികളുടെ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച് ഇപ്പോല്‍ മക്കളോടും പേരക്കുട്ടികളോടുമൊത്തു ഡാലസില്‍ താമസിച്ചു വരുന്ന ആലുമൂട്ടില്‍ സാറാ ടീച്ചര്‍ ആണ് ഓട്ടന്‍ തുള്ളലിന്റെ രചയിതാവ്. നളചരിതം തരംഗിണിഭാഷാ വൃത്തത്തിലും, രംഗാധിഷ്ഠിത സംഗീതത്തോടും കൂടി ആവിഷ്ക്കരിച്ചു തുള്ളൽക്കാരനെ പ്രദർശിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സാറാ ടീച്ചര്‍.

തുള്ളലുകാരനു വേണ്ട വേഷം സംഘടിപ്പിച്ചത് വളരെ ബുദ്ധിമുട്ടിച്ചെന്നാണ് ടീച്ചര്‍ പറഞ്ഞത്.
ടീച്ചറിന്റെ ഭാവനയിലുള്ള തുള്ളൽകാരനെപറ്റി ഇതാണ് അഭിപ്രായം. തലയില്‍ കെട്ടിയുണ്ടാക്കിയ വട്ടമുടിക്കെട്ടിനു പുറമെ വിടര്‍ത്തിയ കിരീടം ധരിച്ച്, മുഖത്ത് പച്ച പൂശി, കണ്ണും പുരികവും വാല്‍നീട്ടിയെഴുതി, നെറ്റിയില്‍ പൊട്ടുംതൊട്ട്, ഉരസ്സില്‍ കൊരലാരം, കഴുത്താരം, മാര്‍മാല എന്നിവയും ധരിച്ച്, കൈകളില്‍ കടക കങ്കണാദികളും കാലില്‍ കച്ചമണിയും അണിഞ്ഞ്, അരയില്‍ ഒരു പ്രത്യേകതരം ഉടുത്തുകെട്ടുമായാണ് ഓട്ടന്‍തുള്ളല്‍ക്കാരനെ തുറന്ന രംഗവേദിയിലേക്ക് കൊണ്ടുവരിക.

teacher

വേദിയില്‍ മുന്‍ഭാഗത്തായി നിലവിളക്ക് കൊളുത്തിവെയ്ക്കും. ഓട്ടന്‍തുള്ളല്‍ അവതരണത്തിന് മൂന്നു പുരുഷന്മാരാണ് ഉള്ളത്. തുള്ളല്‍ക്കാരനും രണ്ടു വാദ്യക്കാരും. തുള്ളല്‍ക്കാരന്‍ പാടുന്ന വരികള്‍ വാദ്യക്കാര്‍ ഏറ്റുപാടുന്നു. തൊപ്പിമദ്ദളവും കൈമണിയുമാണ് തുള്ളലിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍.

നാട്ടിലെ സ്കൂളുകളില്‍ അദ്ധ്യാപനം നടത്തിയപ്പോള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പല ഓട്ടന്‍ തുള്ളല്‍ മത്സരത്തിനും രംഗ പശ്ചാത്തലം ഒരുക്കിയിട്ടുള്ള സാറാ ടീച്ചര്‍ അമേരിക്കയില്‍ ആദ്യമായാണ് രംഗാവിഷ്കാരണം നടത്തുന്നത്. പുരാണകഥകളെ പ്രവാസി മനസ്സുകളില്‍ എത്തിക്കുവാനും, നര്‍മ്മ രസം തുളുമ്പുന്ന വിമര്‍ശം നടത്താനും ഓട്ടന്‍തുള്ളല്‍ കഥാപാത്രത്തിലൂടെ ടീച്ചര്‍ ഉദ്ദേശിക്കുന്നു.

വാർത്ത∙ എബി മക്കപ്പുഴ
 

Your Rating: