Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്രിക് മിഷൻ പ്രോജക്റ്റ് ലൈബ്രററി കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി

patrick-01

ഒക്കലഹോമ ∙ നോർത്ത് അമേരിക്ക– യൂറോപ്പ് മാർത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്റ്റ് നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിനുശേഷം യഥാർത്ഥ്യമാകുന്നു. പാട്രിക് ചെറിയാൻ മരുതുംമൂട്ടിലിന്റെ സ്മരണ നിലനിർത്തുന്നതിന് നിർമ്മിക്കുന്ന ലൈബ്രററി കെട്ടിടത്തിന്റെ ഗ്രൗഡ് ബ്രേക്കിങ്ങ് സെറിമണി ഓഗസ്റ്റ് 13ന് ശനിയാഴ്ച ഒക്കലഹോമയിൽ വെച്ചു ഭദ്രാസന എപ്പിസ്കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാർ ഫീലക്സിനോസ് നിർവ്വഹിയ്ക്കും.

patrick-02

ഭദ്രാസന മിഷൻ ഒക്കലഹോമയിൽ സംഘടിപ്പിച്ച വെക്കേഷൻ ബൈബിൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി സഹപ്രവർത്തകരുമൊത്ത് കാറിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ അപകടത്തിൽപ്പെട്ടു 2013 ജൂൺ 4ന് മരണത്തിന് കീഴടങ്ങുമ്പോൾ ഡാലസ് – ഫോർട്ട് വർത്തിലെ സഭാ വ്യത്യാസമെന്യേ യുവാക്കളുടെ ആത്മീയ ജീവിതത്തിനു ഉത്തമ മാതൃകയായിരുന്ന പാട്രിക്കിന്റെ ജീവിതത്തിന് തിരശീല വീഴുകയായിരുന്നു.

നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ജൂബിലി സമ്മേളനത്തിന്റെ സമാപന ദിനം ഭദ്രാസന എപ്പിസ്കോപ്പാ പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്റ്റിന് ആദ്യ സംഭാവന നൽകിയത് മാർത്തോമ മെത്രാപ്പോലീത്തായായിരുന്നു.
7 വർഷത്തെ സേവനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു പോയ ഭദ്രാസന എപ്പിസ്കോപ്പായായിരുന്നു പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെങ്കിലും നിരവധി കടമ്പകൾ കടക്കേണ്ടിയിരുന്നതുകൊണ്ട് ഫലപ്രാപ്തിയിലെത്തിയില്ല. പുതിയ ഭദ്രാസന എപ്പിസ്കോപ്പാ ചുമതലയേറ്റപ്പോൾ പാട്രിക് മിഷൻ പ്രോജക്റ്റിന് നൽകിയ മുൻഗണനയാണ് ഇപ്പോൾ യഥാർത്ഥ്യമായിരിക്കുന്നത്.

മാർത്തോമ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സഭാംഗത്തിന്റെ സ്മരണയ്ക്കായി ഒരു പ്രത്യേക പ്രോജക്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സഭ‌ യുവാക്കളെ എത്രമാത്രം കരുതുന്നു എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണിത്. ഡാലസ് സെന്റ് പോൾസ് ഇടവക പ്രവർത്തനങ്ങളിൽ നിന്നും ആരംഭിച്ച പ്രേക്ഷിത വൃത്തി ഭദ്രാസനത്തിലാകമാനം ചലനം സൃഷ്ടിക്കുവാൻ സാധിച്ചു എന്നതാണ് പാട്രിക്കിന്റെ ജീവിത വിജയം.

patrick-03

അമേരിക്കയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഭൗതിക നേട്ടങ്ങളുടെ പുറകെ സഞ്ചരിക്കാതെ ആത്മീയ രംഗത്ത് സജീവമാകുന്നതിനായിരുന്നു പാട്രിക് തീരുമാനിച്ചത്. മറ്റുളളവരെ സ്നേഹിക്കുന്നതിനും കരുതുന്നതിനും പാട്രിക് പ്രകടിപ്പിച്ച ആത്മാർത്ഥ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. യൗവന പ്രായത്തിൽ മരണം പാട്രിക്കിനെ തട്ടിയെടുത്തുവെങ്കിലും ഒരു പുരുഷായുസിൽ ചെയ്തു തീർക്കേണ്ട പ്രവർത്തികൾ പൂർത്തീകരിച്ചു എന്നതു ശ്രദ്ധേയമാണ്.

നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് ആർഎസി കമ്മറ്റിയാണ് പാട്രിക് മിഷൻ പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഭദ്രാസന കൗൺസിലും സഭാ സിനഡും ആർഎസിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഒക്കലഹോമ ബ്രോക്കൻ ബൊ മെഗ്ഗി ചാപ്പൽ സ്ഥിതി ചെയ്യുന്ന പരിസരത്താണ് ലൈബ്രററി കെട്ടിടം നിർമ്മിക്കുന്നത്. 215,000 ഡോളർ ചിലവ് പ്രതീക്ഷിക്കുന്നു. ഭദ്രാസനത്തിൽപ്പെട്ട ഇടവകാംഗങ്ങളിൽ നിന്നാണ് ആവശ്യമായ തുക സമാഹരിക്കുന്നതെന്ന് ഭദ്രാസന ട്രസ്റ്റി ഫിലിപ്പ് തോമസ് പറഞ്ഞു. പാട്രിക് മിഷൻ പ്രോജക്റ്റിനെക്കുറിച്ചു നടന്ന ചർച്ചയിൽ പല ആശയങ്ങളും ഉയർന്നുവന്നെങ്കിലും ലൈബ്രറി കെട്ടിടം നിർമ്മിക്കുക എന്നതിനാണ് അംഗീകാരം ലഭിച്ചത്.

ഓഗസ്റ്റ് 13ന് നടക്കുന്ന ഗ്രൗണ്ട് ബ്രേകിങ്ങ് സെറിമണിയിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി ആർഎസി വൈസ് പ്രസിഡന്റും സെന്റ് പോൾസ് ഇടവക വികാരിയുമായ റവ. ഷൈജു പി. ജോൺ അറിയിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating: